അടിത്തൂണ്‍ ദുരന്തം :: അംബിദാസ്‌ കെ. കാരേറ്റ്‌

Views:
അംബിദാസ്‌  കെ. കാരേറ്റ്‌

ദുരിതകാലം വിതയ്‌ക്കും
കുരിരുട്ടിന്റെ പിറവികളെയൊക്കെയും
കൊമ്പുകുഴല്‍ താളമേളം
വച്ചൊരുക്കിയ തിടമ്പുകളേന്തിയ
താലപ്പൊലിപ്പൊലിമകൂട്ടി
കുഴുഞ്ഞ കഥകളിപദച്ചവിട്ടില്‍
അലറിത്തുള്ളിതുള്ളി
വെള്ളയുടുപ്പിട്ട ദല്ലാള്‍ ചിരിയുലുതിരും
കരിംകൊതിയുടെ
വിധേയത്വമാമാങ്കങ്ങളാനയിക്കുന്നു;

കഷ്‌ടതകള്‍മൂക്കും ഉച്ചയ്‌ക്കുമുകളില്‍-
വിരിച്ച പരവതാനിയില്‍,
പദമൂന്നി അലറിച്ചിരിച്ചുവരുന്നു
പാപ്പരായ പത്തായങ്ങളും
യന്ത്രനഖമുള്ള കോരികളുമായി
ഇ-തന്ത്രവുമായി;
നിന്റെ അടിത്തൂണ്‍ പെട്ടകത്തില്‍ നിന്നും
തുരന്നെടുക്കാന്‍;

കൊടുങ്കാറ്റില് രൂപമാര്‍ന്ന
താണ്‌ഡവത്തോടെ -
എല്ലാ അതിജീവനത്തിന്റേയും
കടയ്‌ക്കലില്‍ ചുഴിയാര്‍ന്ന്‌ കടപുഴക്കി - നിന്റെ
കൊരവള്ളിയില്‍ വിഷത്തേര്‌ പായിച്ചു
വിഹ്വലപ്പത്തികള്‍ വിടര്‍ത്തി
അന്നനാളത്തിന്‍ കുറുകെ
ശാഠ്യത്തിനണകെട്ടി
നിന്റെ ജീവിത മാറാപ്പില്‍ ദുരിതം -
കേറ്റിക്കൊളുത്തിട്ട്‌
നിന്നെപ്പറഞ്ഞയ്‌ക്കുന്നു ഉഴലുവാന്‍
നിറം മങ്ങിത്താഴുമാ സേവനം തീരും
നിമിഷത്തിലാണിവച്ചു.

ജീവിതം സേവനാഭരണ വ്രതമാക്കി
പെന്‍ഡുല പ്രവാഹത്തിനണുക്കളില്‍
സിരകളിലലിച്ചലിച്ച്‌ ജീവിച്ചു നീ
അന്നന്ന്‌ അന്തിക്കാലം തെവയ്‌ക്കാനായ്‌
സേവന മാത്രകളില്‍
രാജ്യപുരോഗതിയുടെ നട്ടെല്ലിനാക്കമേറ്റി
എന്നെന്നേയ്‌ക്കുമായി വളര്‍ത്തി
രാജ്യത്തെയോരോ നവസ്‌പന്ദനരൂപവും
ആത്മാവിലലയാക്കിയ - നിന്നെ
കഫക്കെട്ടിന്‍ വലകണ്ണിയില്‍ കുരുക്കി
ആശയറ്റ - അശരണനാക്കുന്നു
അവരുടെ വെളിപാടുപുസ്‌തകം തുറന്നു

ജരാനരകള്‍ ജീവിതപ്പഴുതുകളില്‍
ജാരനെപ്പോലെത്തുമ്പോള്‍
ദുരിതങ്ങളാകമാനം
ജാഥയായെത്തുന്നു
കൊമ്പുംനാവും നീട്ടി നിന്നുടലില്‍-
പേക്കൂത്തിന്‍ അരങ്ങൊരുക്കുവാന്‍ തുടങ്ങവേ
അതിന്റെ മൃത്യുതാണ്ഡവതിരുനടനത്തി-
നൊരിടവേള നല്കാന്‍
വമ്പന്‍ സ്രാവുകളായ്‌ വാപിളന്നിരിക്കും
ലാഭക്കൊയ്‌ത്തിന്റെ രാക്ഷസീയങ്ങള്‍ മുറ്റിയ
ഔഷധശാലകളില്‍ കൊടുക്കാന്‍
തുട്ടിന്റെ ബലമില്ല, കീശക്കിലുക്കങ്ങളില്‍.
വരണ്ട ഉറവയായ - നീ;
നിന്റെ ജീവിതം പ്‌രാകിയടക്കും

"ഇതാണോയെന്റെ ജീവിതം
തൂക്കിക്കൊടുത്തതിന്‍ ലാഭം'
' വഞ്ചനയുടെ വക്രാക്തികളായ്‌
ചിരിയില്‍ ചതിയുടെ അമ്പുമായെത്തുന്നു
ഇന്ദ്രജാലകരായ്‌
മഷിപ്പാട്ടും ശക്തിയും അംശവും നേടി വീര്‍ക്കുന്ന
വഞ്ചനയുടെ രാഷ്‌ട്രീയ തത്വങ്ങള്‍,
അവരേതും പൊലിപ്പിക്കുന്നു,
ആവര്‍ത്തി തരംഗങ്ങളില്‍ പൊലിപ്പിച്ചു
കര്‍ണ്ണരസ മുത്തുകള്‍ക്കുള്ളില്‍
പടക്കങ്ങളാക്കി - യീ
ജീവിതാവകാശക്കിഴിത്തുട്ടുകള്‍ക്കെതിരെ
നാട്ടില്‍ ചെകിടഌം കുശുമ്പഌം മുന്നില്‍
ദുഷ്‌പ്രേരണകളും ദുഷ്‌പ്രമാദങ്ങളും.
അവരും കൊയ്‌തെടുക്കും അടിത്തൂണ്‍ നിറക്കറ്റകള്‍
വെയില്‍പക്ഷിയെ
മുകില്‍വാളാലരിയുന്നെന്ന കാപട്യത്താല്‍
നിന്റെ അവകാശമാണെങ്കിലും
നിന്റെ വട്ടി കമഴ്‌ത്തിയ്‌ക്കുമെന്ന-
ദുഷ്‌കരുത്തിന്റെ വമ്പില്‍
നിന്നെയൊതുക്കുന്നു തോട്ടിതന്‍ മൂര്‍ച്ചയേറ്റി

അവരുടെ അപമാര്‍ഗ്ഗ ധനാഗമങ്ങളുടെ
നീരൊഴുക്കറിയിക്കാതെ
വമ്പന്‍ കുടിലതകള്‍ക്ക്‌ കൈക്കരുത്തേകി
കാര്‍ന്നൊതുക്കുവാന്‍ മുച്ചീട്ട്‌ കളിയ്‌ക്കുന്നു
അടഞ്ഞയിടങ്ങളില്‍
കൊമ്പുചിന്നി ചുരമാന്തി
കെട്ടഴിഞ്ഞു നിന്‍ ചെറുചതുപ്പില്‍
ചവിട്ടിമെതിച്ചു ഊറ്റിവാരി കടക്കും
കാളക്കൂറ്റന്മാര്‍ക്കായി തീറെഴുതി
നിന്റെയൂറ്റം കടംകൊണ്ടു നിന്നെയൂറ്റി
വലിച്ചെറിയുന്നു ജനാധിപത്യത്തിന്‍ പ്രളയത്തീയില്‍
മൃതനാമൊരു തേനീച്ചയെപ്പോലെ

നവക്കൈക്കടത്തിന്റെ
നവഷൈലോക്കിന്റെ
ഗൂഢമാം അറകളില്‍ വാതുറന്നിരിക്കും
നാള്‍വഴിത്താളുകളില്‍
നിറയാതെ വളരാതെ
നിന്‍പേരിനായ്‌ കുറിച്ചുവച്ച പേജില്‍
നിന്റെ പിടിയരിച്ചെപ്പിന്റെ ചുവട്ടില്‍
കിഴുത്തയിട്ടൂറ്റുവാന്‍
അച്ചാരം വാങ്ങിച്ചു മത്തരായിത്തീരുന്നു.
നിന്നെച്ചേരികളില്‍ തളിച്ചിട്ട്‌
ഇന്‍ക്വിലാബും, സിന്ദാബാദും, കീയും, ജയ്‌യും
രുധിരച്ചുവനാവില്‍ പുരട്ടിവിളിപ്പിച്ചു -
നയിപ്പിച്ചു നിന്നെ വളമാക്കിമാറ്റി വിത്തിറക്കുന്നു
രാക്കൊയ്‌ത്തില്‍ പണാക്കങ്ങള്‍ കുറിയ്‌ക്കാന്‍
കറുത്ത പേജുകള്‍ മറിയാന്‍

അച്ഛന്റെ വാതക്കുഴമ്പിന്‌
കടംപറഞ്ഞെങ്കിലും
അച്ഛന്റെ കുടീരം കാത്ത്‌
ജീര്‍ണ്ണമാം പുരയിലുഴലുമമ്മയ്‌ക്ക്‌
അന്തിക്കലം പൂക്കാഌള്ള വകയ്‌ക്ക്‌
തപാലിനവധികൊടുത്തും
നിന്‍ കടത്തിന്റെ വാള്‍ത്തല
നെഞ്ചിലാധിയായ്‌ വിളയുമ്പോഴും
വച്ചുനീട്ടുന്ന ഫണ്ടും, പിന്നെ ഫണ്ടുകളും
നിന്റെയോരങ്ങളില്‍ക്കൂടി ചതിയന്ത്രം കറക്കി
കുടുംബത്തിഌം കുലത്തിഌം
ജാതിയ്‌ക്കും മതത്തിഌം വേണ്ടി
സിംഹാസനാരൂഢരാകുമീ
ദല്ലാളന്മാരുടെ ലക്കുഗട്ടാഗമനം
അവനവന്റെ കീശവീര്‍ക്കുമ്പോള്‍
നിന്റെ ചോരയും നീരും സത്തും ഒഴുകിപ്പോയി ചണ്ടിയാകുന്ന - നീ
പതയ്‌ക്കുന്ന ജീവനിരിക്കും
ചവറുകളായ്‌, നിന്നെ വലിച്ചെറിയപ്പെടുന്നൂ...
ജീവന്റെ ദുരിതം കായ്‌ക്കും കൊട്ടകളിലേയ്‌ക്ക്‌
സോദര;

മനസ്സില്‍ കിലുക്കങ്ങള്‍
ഓര്‍മ്മയില്‍ ചാമരം വീശുമ്പോള്‍
സേവനാരംഭത്തിന്റെ
മോദമാം പ്രാരംഭക്കൊറ്റില്‍
ഒരുപിടിക്കയറുനീ വാങ്ങുക - മുന്‍കൂട്ടി
വഴിമുട്ടുമാദിനമാപ്പീസുപൂട്ടി - താക്കോല്‌
താഴത്തെയാളിന്റെ കൈയ്യില്‍ തിരുകീട്ട്‌
പരാതിയും പരിതാപവും പെയ്‌തൊഴിയാത്ത
വീട്ടിന്‍ പടിയില്‍ വന്നൊന്ന്‌ ചാഞ്ഞിരിക്കുമ്പോള്‍
വിളിക്കും കഴുക്കോലിന്റെ സ്വീകാര്യം നേടാന്‍
ബന്ധത്തിനായ്‌ ആ കയര്‍ നിനക്കാവും
അല്ലാലെന്ത്‌ ?; എന്താവും നിനക്ക്‌ മുന്നിലെ പെരുവഴിയില്‍
പ്രായം ചവച്ചൂറ്റിയ സന്ത്രാസമേറും മ്ലാനവുമായി
അടുപ്പിന്നോരത്തിരിക്കും വരവീണ മുഖവും
താലിച്ചരടിന്റെയുണ്മയ്ക്കായ്‌ കാത്ത്‌ നില്ക്കും
പൊന്നുമോളുടെ നിറസ്വപ്‌നത്തിന്‍ മുന്നിലും
എന്തെന്ന്‌
ഏതെന്നുമറിയാതെ
ദല്ലാള്‍പ്പണിയാല്‍ വര്‍ണ്ണക്കുരുക്കില്‍
പൂട്ടുവാന്‍ പൂട്ടുമായ്‌നില്‍ക്കുന്ന
ഉദാരമെന്നോതി നിന്റെയതിജീവനത്തിന്റെ

അവകാശവേരറക്കുന്നു
നിന്നത്തലോടി ചിരിച്ചുവരുന്നു
കറുപ്പില്‍ വെള്ള പൂശിയ
കാര്‍ക്കോടകത്തിന്റെ സത്തയില്‍
തീര്‍ത്തൊരാരൂപങ്ങള്‍
മറുകയ്യില്‍ കശാപ്പുകത്തിയുമായി

ഓര്‍ക്കുക
ഓര്‍മ്മയില്‍ വേണമീ
നിഴലനക്കങ്ങളുടെ അപകടക്കൂട്ടിന്റെയുള്ളില്‍
കണ്ണിരുട്ടാക്കും നരച്ചവെളിച്ചത്തിന്‍
ദിനത്തില്‍ പുതയ്‌ക്കും നിന്റെ വരും പ്രഭാതങ്ങളെ
ഫോണ്‍: 9446552804



No comments: