26 March 2016

കൂവളം


കൂവളം ഞാനുള്ളിൽ നട്ടൂ, ദിവ്യ -
മോങ്കാരനാദവും കേട്ടൂ
മൂവില മുക്കണ്ണും കണ്ടു, രുദ്ര-
കാരുണ്യമാവോളമുണ്ടൂ.

പഞ്ചാക്ഷരം തീർത്ഥമേകി,  അന്നം 
പഞ്ചഭുതങ്ങളും നൽകി.
വേരുകൾ വേദങ്ങളായി, സ്നേഹ-
നാരുകൾ നാദങ്ങളായി

ആകാശഗംഗയും വാഴും മൂർത്ത-
മാകാരഭംഗികളാഴും
പച്ചിലപ്പട്ടാഭ  ചേരും ജന്മം
സ്വച്ഛന്ദമാകട്ടെ, പാരും

24 March 2016

കണി


തൊഴുതുണരുക നീ, അരയാലികള്‍
തഴുകിവരും കാറ്റേ
ഓടക്കുഴൽവിളി കാതോര്‍ത്തിവിടേ -
യ്ക്കോടി വരൂ നീയും

മഞ്ഞത്തുകില്‍ ഞൊറി തിരയും മുകിലിനെ,
മഞ്ഞണിമലനിരയെ,
കുഞ്ഞിക്കാല്‍ വിരലുണ്ണുമൊരുണ്ണിയെ,
കണികാണാമിവിടെ, എന്നും
കണ്ടു തൊഴാമിവിടെ...

പൊന്നിന്‍ കിങ്ങിണി പൂത്തു വിടര്‍ന്നൂ
പൊന്നേ പോന്നോളൂ
കുന്നിക്കുരുമണി വാരി രസിക്കും
കണിയൊന്നുണ്ടിവിടെ, പീലി-
ക്കനവൊന്നുണ്ടിവിടെ...

23 March 2016

അപ്രതീക്ഷിതം :: അനിത ശരത്

അനിത ശരത്
ഗുണപാഠം 

 ചട്ടിയിൽ വറുത്തെടുത്ത, 
തീയിൽ എരിച്ചെടുത്ത
മനസ്സിനെ അമ്മാനമാടിയാൽ 
അമ്മാനമാടുന്ന കയ്യേ പൊള്ളൂ. 

 അപ്രതീക്ഷിതം 

നിനക്ക് വഴി തെളിക്കാന്‍ 
ഞാന്‍ തന്ന ചൂട്ടുകറ്റ 
 ഒടുവില്‍ 
എന്റെ ഹൃദയത്തില്‍ കുത്തിയാണ് 
നീ കെടുത്തിയത് 

ആവർത്തനം

നിൻറെ ഉള്ളിൽ 
ഞാൻ കൊളുത്തിയ വിളക്ക് 
തട്ടിമറിഞ്ഞ് 
കത്തിക്കയറിയാണോ 
നീ......

ഓണാഘോഷം - ഒരു പിന്നാമ്പുറക്കാഴ്ച :: അനിത ശരത്

 
അനിത ശരത്

തുമ്പകള്‍ പൂക്കും തൊടിയില്‍ നിന്നും
ഓണം കാണാനൊരു മുത്തി
കനവുകള്‍ തിങ്ങും കരളും പേറി
കനകക്കുന്നില്‍ കാല്‍ വച്ചു

തെറ്റിപ്പൂവും മല്ലിപ്പൂവും
തുളസിപ്പൂവും മുക്കുറ്റീം
കാക്കപ്പൂവും കനകാംബരവും
കണികണ്ടുണരും മുത്തശ്ശി

താഴമ്പൂവും താമരമൊട്ടും
താലോലിക്കും മുത്തശ്ശി
കണ്ണുകളഞ്ചും പൂക്കള്‍ തന്നുടെ
പൂരപ്രഭയില്‍ അന്തിച്ചു

'ഓര്‍ക്കിഡ്‌' എന്നൊരു ബോര്‍ഡിനു കീഴില്‍
നഗരപ്രൌഢിയുമായൊരു പൂ
പ്ലാസ്റ്റിക്കിന്റെ പകിട്ടും പേറി
പാവം മുത്തിയെ നോക്കുന്നു

പാളക്കീറില്‍ ചായം പൂശി
കമുകിന്‍ പൂക്കുലയൊട്ടിച്ച്
ചേമ്പിന്‍ തണ്ടില്‍ നാട്ടിയപോലെ
വേറൊരു പൂവ് ചിരിക്കുന്നു

പളപള മിന്നും പട്ടുടയാടയിൽ
പറ്റിയ പൂമ്പൊടി തട്ടിച്ച്
"ആന്തൂറിയമാണാ"ന്റികളാരോ
അര്‍ഥം വച്ച് സമർഥിച്ചു

"ഓണം കേറാ മൂലയില്‍ നിന്നും
ഓരോന്നോടിക്കേറീട്ട്
കാശിത്തുമ്പേം കണ്ണമ്പൂവും
പരതിപ്പരതി നടക്കുന്നോ "

മമ്മിയിലോരുവൾ വീശിയ വാക്കിൻ
വാൾമുന കൊണ്ടു മുറിഞ്ഞപ്പോൾ
അറ്റത്തൊരു മുള്‍ച്ചെടിയുടെ കൊമ്പിൽ
അറിയാതമ്മ പിടിച്ചേ പോയ്‌

മുമ്പില്‍ കാണും പൂക്കളിലെല്ലാം
കണ്ണീര്‍ വീഴ്ത്തി നനയ്ക്കാതെ
വെക്കം മകളുടെ കയ്യില്‍തൊട്ട്
വെളിയിലിറങ്ങീ മുത്തശ്ശി

പെട്ടന്നയ്യോ എന്ന് കരഞ്ഞു
താഴെ നോക്കി മുത്തശ്ശി
കാലടി മേലെ വീണതു കൊണ്ടൊരു
തുമ്പത്തയ്യു കലമ്പുന്നു

വാരിയെടുത്തു കുഞ്ഞിപ്പൂവിന്‍
നെറുകിൽ മുകര്‍ന്നൂ മുത്തശ്ശീ
മടിയില്‍ തിരുകി മടങ്ങും നേരം
മകളെ പോലെ വളർത്തീടാൻ

വിനയദശകം :: അനൂപ് വല്യത്ത്നീ കടലാഴങ്ങളിൽ കാമനയുടെ കരുത്തായി
ഇരുളിൻ നറുനിലാവെട്ടമായ്, ആയിരം
സ്വപ്നസാനുക്കളെ തൊട്ടുതലോടി
നാടിന്റെ നന്മയെ കണ്ടറിഞ്ഞോൻ

നീ പ്രണയചന്ദ്രികയുടെ മധുപാത്രം നുകർ-
ന്നുന്മത്തനായലിഞ്ഞു തീർന്നവൻ
ആകാശനീലിമയെ പ്രണയിച്ച്‌
അനന്തതയിലവിരാമം സ്വയം മറന്നോൻ

വിനയചന്ദ്രിക പ്രഭയാർന്നുണരവെ
മനസ്സിലായിരം തുടികൊട്ടിയുറഞ്ഞവൻ
മണ്ണിനെയറിഞ്ഞവൻ- മാരിയെ പുണർന്നവൻ
വ്രണിത മോഹങ്ങൾക്ക്‌ താരാട്ടുപാടിയോൻ

കണ്ണിലുറക്കം കനംതൂങ്ങിയെത്തവേ-
യകക്കണ്ണിനെ ജ്വലിപ്പിച്ചുണർത്തിയോൻ
നഗരപ്രദക്ഷിണം ദിനചര്യയാക്കവേ
നാട്ടിടവഴികളെ മറക്കാതിരുന്നവൻ

അകക്കാമ്പിലെരിയുന്നൊരനാഥത്വവും പേറി
എങ്ങെങ്ങുമേ വീടുതേടിയലഞ്ഞവൻ
വാക്കായെരിഞ്ഞവൻ കൂട്ടുകാരിയുടെ
പാട്ടുകേട്ടെന്നുമുറങ്ങാൻ കൊതിച്ചവൻ

കൂടുവിട്ടെങ്ങോ മറഞ്ഞു നീ പോകിലും
കൂട്ടുകാരാ നിന്റെ പാട്ടു ഞാൻ കേൾക്കുന്നു
നിന്റെ വാക്കർക്കനായ് മുൻപേ നടക്കട്ടെ
കാടുണർത്തുന്നൊരാ തോറ്റമായ്‌ തീരട്ടേ.
അനൂപ് വല്യത്ത്

വിഷമവൃത്തം :: അനൂപ് വല്യത്ത്


വിശപ്പിൻ വിളി കേട്ടുണരുന്ന ചിത്തമേ
വിശന്നു കരയുമാ കുഞ്ഞിനെ കണ്ടുവോ
വിശ്വമാകെയും വികസന സങ്കൽപ്പം
പാടിപ്പതിയുമീ പുതു നൂറ്റാണ്ടിലും
പാവങ്ങൾ പട്ടിണിയാൽ നട്ടം തിരിയുമ്പോൾ
അഭയമില്ലാതലയുന്ന കാഴ്ച നീ കണ്ടുവോ?

നമ്മളീ ദൈവത്തിൻ നാട്ടിലിന്നെത്രയോ
മെച്ചമാം ജീവിത സൌഖ്യം നുകരവേ
ശാസ്ത്രമനുദിനം വിസ്മയക്കാഴ്ച്ചകൾ
തീർത്തു നമുക്കേറ്റമാനന്ദമേകവേ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ.

കലാപങ്ങൾ അനാഥമാക്കിയ ബാല്യങ്ങൾ
ചോരക്കൊതിയൊടുങ്ങാത്ത ഭരണയന്ത്രങ്ങൾ
ഐശ്വര്യമൊക്കെയും പടിയിറങ്ങിട്ട -
ദൃശ്യരായ് തീരുന്ന സംസ്കാരരഥ്യകൾ
കാണാതെ പോകുന്നു നമ്മളാക്കാഴ്ചകൾ
സങ്കടപ്പെരുമഴ തിമിർക്കുന്ന നാടുകൾ

ഏറെ പുരോഗതി നേടി നാം മാനുഷർ
ഊറ്റം കൊള്ളുവാനേറെയുണ്ടെങ്കിലും
തങ്ങളിൽ കൊല്ലുന്ന ജന്തുക്കൾ നമുക്കത്ര-
മേൽ മേനി നടിക്കുവാനാകുമോ

കറുപ്പും വെളുപ്പും ഇടകലർന്നുറയുന്നോ -
രധിനിവേശത്തിന്റെ അന്തപ്പുരങ്ങളിൽ
പിടഞ്ഞോടുങ്ങീടുന്നെത്രബലരാം മർത്ത്യർ
കുടിലതയെന്തെന്നറിയാത്ത കുഞ്ഞുങ്ങൾ.

ഓരോ പുലരിയും കണ്‍തുറന്നെത്തവേ
കേട്ടുണരുന്നെത്ര ദുഃഖവാർത്തകൾ
കാണുന്നതേറെയും അശുഭമാം കാഴ്ചകൾ
ശുഭദിനം നേരുന്നതെങ്ങനെനാമിനി?അനൂപ് വല്യത്ത്

ഒഴുക്ക് :: അനിത ഹരിഓർമ്മയുടെ
ജാലകമടയ്ക്കുവാൻ
കിണഞ്ഞൊരുങ്ങിയെങ്കിലും
വാക്കുകൾ നുറുകുന്നു.

ഉള്ളിലെ തെളിമയിൽ
ഇരമ്പുന്ന നൊമ്പരം
സിരാപടലങ്ങളിൽ
നിറയുന്ന തരിപ്പ്...

ദിനാന്തങ്ങൾ
വരണ്ടരാത്രികൾക്ക്,
ഊഷര തീരങ്ങൾക്ക്
തലയണ വയ്ക്കുന്നു.

ചക്രവാകങ്ങൾ
ഉള്ളിൽ തെളിയുന്നു.
അന്തമില്ലാത്ത കയങ്ങൾ
പെരുകുന്നു.

ഉൾനെരിപ്പോടിൽ
ഉയിര് പിടയുന്നു.

---000---അനിത ഹരി

പഴുത് :: അനിത ഹരിഅടഞ്ഞ മനസ്സിലാകെ വിരലുകൾ പരതി
ഓർമ്മപ്പഴുതെവിടെ മറഞ്ഞു ?
ഉടഞ്ഞ മനസ്സുമായി പിന്നെയും മിഴി നട്ടു
കാലം കൈവീശി കടന്നു പോയോ ?

കടവിലേയ്ക്കുനോക്കി നിശ്വാസം പൂണ്ടു
വരണ്ട മണലുകൾ മനം പൊളിച്ചുവോ?
പവിഴപ്പുറ്റുകൾ ചില്ലകളുടച്ചു കരഞ്ഞു
ജലപ്പരപ്പ് ശ്വാസം മുട്ടി മരിച്ചുവോ ?

കനിവിന്റെയേതോ കോണിലൊരു ദൈന്യ മുഖം
മുറിവേറ്റു പിടഞ്ഞു വിലപിക്കുന്നുവോ ?
ചിതലരിച്ച ചിന്തകൾ ശല്ക്കം പൊട്ടിച്ചു
ഉടലൊടിഞ്ഞു പോയ ചിറകുകളോ ?

നിഴൽ മുറിഞ്ഞൊഴുകിയ രക്തപ്പുഴകൾ
പ്രണയമോഹത്തിന്റെ പുലരി തീർക്കുമോ ?അനിത ഹരി

ഗാന്ധി :: അനിതാഹരിഇതു ജ്യോതി, സത്യപ്രഭ ചൊരിയുവാന്‍

അഹോരാത്രതപം ചെയ്ത ദേഹം.സഹന ജീവിത മാസ്‌മര ചിത്തമായ്‌

സമസ്‌ത വന്ദ്യ വിശ്വനായകന്‍.സത്യ,മഹിംസ, ധര്‍മ്മമാര്‍ഗ്ഗം പുണര്‍ന്ന്‌

നാട്ടിന്‍ കാന്തി വിളക്കിയ ജീവന്‍.അന്യാധികാരത്തെയാട്ടിയകറ്റീട്ട്‌

അത്യന്ത കാന്തി തെളിയിച്ച നാഥന്‍.അന്യജീവനായ്‌, സ്വയം പ്രഭ ചൊരിഞ്ഞ

അനന്യ സ്വപ്‌ന നിറവെളിച്ചം.ഇതു ശാന്തി, കാലചക്രക്കണക്കുകള്‍

നിറകുടദീപ്‌തമാക്കുന്ന പൊന്‍കണം.ഇതു സത്യം, സത്വ ഗുണത്തിന്റെയാദി-

ചൈതന്യമാവാഹിച്ച ദിവ്യരൂപം.

---000---അനിത ഹരി

ആറ്റുകാലമ്മ കാക്കണം ഞങ്ങളെ.. :: ആലപ്പാട്ട് എൻ. കരുണാകരൻ പിള്ളഅത്തലോടെ അവനിയില്‍ വാഴുന്ന
മര്‍ത്ത്യരൊക്കെയും അമ്മയെ കാണുവാന്‍
ഭക്തിയോടാ സവിധത്തിലെത്തുന്നു
ശ്രദ്ധയോടെയാ കാല്ക്കല്‍ വണങ്ങുന്നു.

'ആറ്റുകാലമ്മകാക്കണേ ഞങ്ങളെ' -
അര്‍ത്ഥനയോടെ കൂപ്പും കരങ്ങളെ
ആറ്റുകാലമ്മ തൃക്കണ്‍തഴുകലാല്‍
ആത്തമോദം ആ തൃപ്പദേ ചേര്‍ക്കുന്നു

ഇക്ഷിതിയില്‍ പ്രസിദ്ധിയേറുന്ന ശ്രീ-
നൃത്തമാടും അനന്തപുരിയുടെ
തെക്കുമാറിയൊഴുകുന്നൂ കിള്ളിയാര്‍
തത്സമീപേ വിളങ്ങുന്നിതാറ്റുകാല്‍

ഈശ്വരി! പരമേശ്വരി! നീ കൃപാ-
ലേശമെന്നില്‍ ചൊരിയണേ ശാശ്വതേ
ആശതീരുവാന്‍  നിന്റെ തിരുനാമ-
ഘോഷണാര്‍ച്ച ഞാന്‍ ചെയ്തിടാമംബികേ

ഉഗ്രശാസനനാം മധുരാപതി
ക്ഷിപ്രകോപാല്‍ വധിച്ചതാം കോവല
പത്‌നിയാം കണ്ണകീദേവി തപ്തയാ-
യുഗ്രരൂപിണി സംഹാരരുദ്രയായ്

ഊഴിയാകെയും ചുട്ടുമുടിക്കുവാന്‍
ക്രോധമാര്‍ന്ന പതിവ്രത കണ്ണകി
പാവകന്നിരയാക്കീ മധുരയെ
പാപിയാം രാജനേയും കൊലചെയ്തു

ഋദ്ധകോപയായ് പിന്നെപ്പുറപ്പെട്ടു
തെക്കുദിക്കിലേക്കായങ്ങലക്ഷ്യയായ്
എത്തിച്ചേര്‍ന്നിതനന്തപുരിയുടെ
പക്കമാര്‍ന്നുള്ളൊരാറ്റിറമ്പില്‍ സ്വയം
താപമൊട്ടൊന്നടങ്ങിയപ്പോള്‍ സതി
ദര്‍ശനം നല്കി കൊച്ചുകുമാരിയായ്
ഉള്‍ക്കാമ്പില്‍ കനിവാര്‍ന്നൊരു വൃദ്ധന്
ദുഃഖവേളയി,ലത്ഭുത,മത്ഭുതം!
ഊനം കൂടാതാ ഭക്തശിരോമണി
ദേവി ചൂണ്ടിക്കൊടുത്തോരിടത്തുതാന്‍
കോവിലുണ്ടാക്കി അമ്മയ്ക്കിരിക്കാനായ്;
മേവിടുന്നഭയാംബികയായമ്മ

എങ്ങോനിന്നിങ്ങുവന്നതാം കന്യയ്ക്ക്
പൈദാഹത്തിന്നറുതി വരുത്തുവാന്‍
മുല്ലുവീട്ടുകാര്‍ നല്കിയ പായസം
പിന്നെ 'പൊങ്കാല' യെന്ന പെരുമയായ്

ഏഴകള്‍ക്കെന്നുമെന്നും തുണയായി
വാണരുളുന്നു രാജരാജേശ്വരി
ജ്ഞാനമൂര്‍ത്തി സരസ്വതിയായും ഐ-
ശ്വര്യകാരിണി ലക്ഷ്മിയായും മുദാ

ഐഹിക സുഖമെല്ലാം വെടിയുവാന്‍
ഐകമത്യമോടെന്നുമേ വാഴുവാന്‍
അമ്മ, കാരുണ്യവാരിധി, ഓതുന്നു
തിന്മപോക്കീടും ദുര്‍ഗ്ഗയായ് ഭദ്രയായ്

ഒട്ടുനേരമാ വശ്യമുഖസ്മൃതി
ഭക്തരിലുളവാക്കുന്ന നിര്‍വൃതി
വിസ്തരിക്കുവാനില്ലെനിക്കൊട്ടുമേ
ശക്തി അംബികേ! ആറ്റുകാലംബികേ!

ഓണനാടെന്ന കേരളനാടിന്റെ
ഫാലദേശേ അണിഞ്ഞ തിലകമായ്
ലാലസിക്കുന്നു ആറ്റുകാലമ്പലം
പാരിലെങ്ങും പുകഴാര്‍ന്ന മന്ദിരം

ഔദാര്യത്തിന്നുറവിടമാം ദേവി!
നിന്‍കൃപാകടാക്ഷം തേടി ലക്ഷങ്ങള്‍
വന്നണയുന്നൂ തിങ്ങിനിറയുന്നു
അമ്മേ! നിര്‍മ്മലേ, നല്‍കണേ നല്‍വരം

അംബികേ! ജഗദംബികേ! ചണ്ഡികേ!
നിന്റെ മുമ്പില്‍ നിരന്ന കലങ്ങളില്‍
വെന്തുപൊങ്ങുന്ന പൊങ്കാലയിലലി-
ഞ്ഞില്ലാതാകുന്നു സര്‍വ്വ ദുഃഖങ്ങളും

അത്തലെല്ലാമൊഴിഞ്ഞ മനസ്സുമായ്
ഭക്തരാനട വിട്ടിറങ്ങീടുന്നു
എത്തീടാന്‍ കൊല്ലമൊന്നു കഴിഞ്ഞീനാള്‍
ഒത്തുചേര്‍ന്നൊരു പൊങ്കാല ഇട്ടീടാന്‍.


ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള

ചിരി ഒരു മഹാമന്ത്രം :: ആലപ്പാട്ട് എൻ. കരുണാകരൻ പിള്ള


കേട്ടിരിക്കുന്നു ഞാ,നാത്മാവുതന്നോടു
ചേർന്നിരിക്കുന്നോരഴുക്കുകളാം
ക്ലേശങ്ങളെ,വ്യാകുലതകളെ നല്ല
സോപ്പെന്നപോൽ നീക്കി വൃത്തിയാക്കാൻ

തേച്ചുകുളി നൽകും ദേഹസുഖം പോലെ
ആൽമാവിനാനന്ദമോദമേകാൻ
ഈശൻ മനുജർക്കു മാത്രമായ് നൽകിയ
ശ്രേഷ്ഠവരദാനമല്ലോ ചിരി

ചുണ്ടുപിളർത്തി വിടർന്നൊരു പുഞ്ചിരി
സമ്മാനമായി കൊടുക്കുമെങ്കിൽ
സമ്മതം മൂളാത്ത ശുംഭനും മൂളിടും
സമ്മതമെന്നതിൽ ശങ്ക വേണ്ട

നർമ്മം വിടാത്തൊരു മന്യനാം മാനവൻ
മുൻപെങ്ങോ ചൊല്ലിയതിങ്ങനെയാം:
“നിന്മുഖം നന്നയിട്ടൊന്നു വളപ്പിച്ചാൽ
കുന്നുപോൽ കാര്യങ്ങൾ സ്വന്തമാക്കാം’

ചിരിയാ വദനവു,മെരിയാ തിരിയതു-
മൊരുപോലെയെന്നൊരു ചൊല്ലുണ്ടുപോൽ
ചിരിയെന്ന വ്യായാമമതു പ്രാർഥനാസമം
ഒരു മുടക്കും വേണ്ടാത്തൊരു സമ്മാനം

അതിനുള്ള മായികാപ്രഭവമതുമാത്രം
മതി ശത്രുവേപ്പോലും മിത്രമാക്കാൻ
ാതിനാൽ ചിരിതൂക മടിയാതെ,യാവോളം
ഒരുനൂറു കാര്യങ്ങൾ സ്വന്തമാക്കൂ

തിരിച്ചുവരവ് :: ആലപ്പാട്ട് എൻ കരുണാകരൻ പിള്ളഅന്നെന്നെ വിട്ടുപോയ   കുഞ്ഞുങ്ങളിന്നിങ്ങെത്തി
ഇന്നെനിക്കാമോദത്തിന്‍വന്‍ തിരക്കളിയാട്ടം
കാണാൻ കൊതിച്ചിരുന്നു ഞാ,നെന്റെ കൊച്ചുമക്ക-
ളോടിത്തിമിര്‍ത്തു തുള്ളും കോലായും മുന്‍,മുറ്റവും

കാണാനെളുപ്പ,മല്ലാ കാഴ്ചയെന്നറിഞ്ഞിട്ടും
കാതു,കണ്ണുകള്‍ കൂര്‍പ്പിച്ചായതിനായിക്കാത്തു
ഇല്ല ഞാന്‍ കരുതിയില്ലിത്രനാളത്തെ മോഹ-
മിമ്മട്ടിലെളുപ്പമായ് പൂവണിഞ്ഞീടുമെന്നോ

അല്ലെങ്കില്‍ എന്നെങ്കിലും സാദ്ധ്യമാമെന്നോ പോലു-
മില്ലായിരുന്നെന്നുള്ളത്തിങ്കലല്പവും ചിന്ത!
ദൂരെ,യാ മണലിന്റെ കാനനത്തിലെ ജീവ-
ഛായയില്ലാത്തുണക്കപ്പട്ടണമൊന്നില്‍ സ്വയം


ചോര നീരാക്കി ജീവിതായോധനത്തിന്നായി
പ്പോയോരു കാന്തന്‍ തന്റെ കാലടി തേടിപ്പോയ
മോളെ ഞാന്‍ പഴിക്കുകയില്ലവള്‍ക്കതേ വയ്ക്കൂ
ഭാരത സ്ത്രീയാണവള്‍, പതിയേ ഭജിപ്പവള്‍

കൂട്ടില്‍ ചെന്നകപ്പെട്ട കിളിപോലവര്‍ താണ്ടി
ഓര്‍ക്കുവാന്‍പോലും തോന്നാവര്‍ഷമൊന്നതു പക്ഷേ
സ്വന്തമാമനുഭവ പാഠങ്ങളവര്‍ക്കേകീ
ജന്മനാടിന്‍ സൗന്ദര്യമറിയാനവസരം

പിന്നമാന്തിച്ചതില്ല ചഞ്ചലിച്ചതുമില്ല
നല്ലൊരു തീരുമാനമെടുക്കാന്‍, മടങ്ങുവാന്‍
നാട്ടിലേക്കൊരു യാത്ര, വീട്ടിലെത്തുവാന്‍ വെമ്പല്‍
പൊയ്പ്പോയ സൗഭഗ്യത്തിന്നിത്രയോ മധുരിമ!

ഓർക്കാനൊരനുഭവം പഠിക്കാനൊരു പാഠം
പോക്കണംകേടീ പാച്ചി,ലക്കരെപ്പച്ചക്കായി
അന്നെന്നെ വിട്ടുപോയ കുഞ്ഞുങ്ങളിന്നിങ്ങെത്തി
ഇന്നി ഞാന്‍ വിടില്ല,യീ തീക്കളിക്കെന്‍ മക്കളെ!

പോടാ മനുഷ്യാ :: അംബിദാസ് കെ കാരേറ്റ്അംബിദാസ്‌  കെ. കാരേറ്റ്‌

ഏകലവ്യന്റെ രണ്ടാം വരവ് :: അംബിദാസ് കെ കാരേറ്റ്
അംബിദാസ്‌  കെ. കാരേറ്റ്‌

അടിത്തൂണ്‍ ദുരന്തം :: അംബിദാസ്‌ കെ. കാരേറ്റ്‌

അംബിദാസ്‌  കെ. കാരേറ്റ്‌

ദുരിതകാലം വിതയ്‌ക്കും
കുരിരുട്ടിന്റെ പിറവികളെയൊക്കെയും
കൊമ്പുകുഴല്‍ താളമേളം
വച്ചൊരുക്കിയ തിടമ്പുകളേന്തിയ
താലപ്പൊലിപ്പൊലിമകൂട്ടി
കുഴുഞ്ഞ കഥകളിപദച്ചവിട്ടില്‍
അലറിത്തുള്ളിതുള്ളി
വെള്ളയുടുപ്പിട്ട ദല്ലാള്‍ ചിരിയുലുതിരും
കരിംകൊതിയുടെ
വിധേയത്വമാമാങ്കങ്ങളാനയിക്കുന്നു;

കഷ്‌ടതകള്‍മൂക്കും ഉച്ചയ്‌ക്കുമുകളില്‍-
വിരിച്ച പരവതാനിയില്‍,
പദമൂന്നി അലറിച്ചിരിച്ചുവരുന്നു
പാപ്പരായ പത്തായങ്ങളും
യന്ത്രനഖമുള്ള കോരികളുമായി
ഇ-തന്ത്രവുമായി;
നിന്റെ അടിത്തൂണ്‍ പെട്ടകത്തില്‍ നിന്നും
തുരന്നെടുക്കാന്‍;

കൊടുങ്കാറ്റില് രൂപമാര്‍ന്ന
താണ്‌ഡവത്തോടെ -
എല്ലാ അതിജീവനത്തിന്റേയും
കടയ്‌ക്കലില്‍ ചുഴിയാര്‍ന്ന്‌ കടപുഴക്കി - നിന്റെ
കൊരവള്ളിയില്‍ വിഷത്തേര്‌ പായിച്ചു
വിഹ്വലപ്പത്തികള്‍ വിടര്‍ത്തി
അന്നനാളത്തിന്‍ കുറുകെ
ശാഠ്യത്തിനണകെട്ടി
നിന്റെ ജീവിത മാറാപ്പില്‍ ദുരിതം -
കേറ്റിക്കൊളുത്തിട്ട്‌
നിന്നെപ്പറഞ്ഞയ്‌ക്കുന്നു ഉഴലുവാന്‍
നിറം മങ്ങിത്താഴുമാ സേവനം തീരും
നിമിഷത്തിലാണിവച്ചു.

ജീവിതം സേവനാഭരണ വ്രതമാക്കി
പെന്‍ഡുല പ്രവാഹത്തിനണുക്കളില്‍
സിരകളിലലിച്ചലിച്ച്‌ ജീവിച്ചു നീ
അന്നന്ന്‌ അന്തിക്കാലം തെവയ്‌ക്കാനായ്‌
സേവന മാത്രകളില്‍
രാജ്യപുരോഗതിയുടെ നട്ടെല്ലിനാക്കമേറ്റി
എന്നെന്നേയ്‌ക്കുമായി വളര്‍ത്തി
രാജ്യത്തെയോരോ നവസ്‌പന്ദനരൂപവും
ആത്മാവിലലയാക്കിയ - നിന്നെ
കഫക്കെട്ടിന്‍ വലകണ്ണിയില്‍ കുരുക്കി
ആശയറ്റ - അശരണനാക്കുന്നു
അവരുടെ വെളിപാടുപുസ്‌തകം തുറന്നു

ജരാനരകള്‍ ജീവിതപ്പഴുതുകളില്‍
ജാരനെപ്പോലെത്തുമ്പോള്‍
ദുരിതങ്ങളാകമാനം
ജാഥയായെത്തുന്നു
കൊമ്പുംനാവും നീട്ടി നിന്നുടലില്‍-
പേക്കൂത്തിന്‍ അരങ്ങൊരുക്കുവാന്‍ തുടങ്ങവേ
അതിന്റെ മൃത്യുതാണ്ഡവതിരുനടനത്തി-
നൊരിടവേള നല്കാന്‍
വമ്പന്‍ സ്രാവുകളായ്‌ വാപിളന്നിരിക്കും
ലാഭക്കൊയ്‌ത്തിന്റെ രാക്ഷസീയങ്ങള്‍ മുറ്റിയ
ഔഷധശാലകളില്‍ കൊടുക്കാന്‍
തുട്ടിന്റെ ബലമില്ല, കീശക്കിലുക്കങ്ങളില്‍.
വരണ്ട ഉറവയായ - നീ;
നിന്റെ ജീവിതം പ്‌രാകിയടക്കും

"ഇതാണോയെന്റെ ജീവിതം
തൂക്കിക്കൊടുത്തതിന്‍ ലാഭം'
' വഞ്ചനയുടെ വക്രാക്തികളായ്‌
ചിരിയില്‍ ചതിയുടെ അമ്പുമായെത്തുന്നു
ഇന്ദ്രജാലകരായ്‌
മഷിപ്പാട്ടും ശക്തിയും അംശവും നേടി വീര്‍ക്കുന്ന
വഞ്ചനയുടെ രാഷ്‌ട്രീയ തത്വങ്ങള്‍,
അവരേതും പൊലിപ്പിക്കുന്നു,
ആവര്‍ത്തി തരംഗങ്ങളില്‍ പൊലിപ്പിച്ചു
കര്‍ണ്ണരസ മുത്തുകള്‍ക്കുള്ളില്‍
പടക്കങ്ങളാക്കി - യീ
ജീവിതാവകാശക്കിഴിത്തുട്ടുകള്‍ക്കെതിരെ
നാട്ടില്‍ ചെകിടഌം കുശുമ്പഌം മുന്നില്‍
ദുഷ്‌പ്രേരണകളും ദുഷ്‌പ്രമാദങ്ങളും.
അവരും കൊയ്‌തെടുക്കും അടിത്തൂണ്‍ നിറക്കറ്റകള്‍
വെയില്‍പക്ഷിയെ
മുകില്‍വാളാലരിയുന്നെന്ന കാപട്യത്താല്‍
നിന്റെ അവകാശമാണെങ്കിലും
നിന്റെ വട്ടി കമഴ്‌ത്തിയ്‌ക്കുമെന്ന-
ദുഷ്‌കരുത്തിന്റെ വമ്പില്‍
നിന്നെയൊതുക്കുന്നു തോട്ടിതന്‍ മൂര്‍ച്ചയേറ്റി

അവരുടെ അപമാര്‍ഗ്ഗ ധനാഗമങ്ങളുടെ
നീരൊഴുക്കറിയിക്കാതെ
വമ്പന്‍ കുടിലതകള്‍ക്ക്‌ കൈക്കരുത്തേകി
കാര്‍ന്നൊതുക്കുവാന്‍ മുച്ചീട്ട്‌ കളിയ്‌ക്കുന്നു
അടഞ്ഞയിടങ്ങളില്‍
കൊമ്പുചിന്നി ചുരമാന്തി
കെട്ടഴിഞ്ഞു നിന്‍ ചെറുചതുപ്പില്‍
ചവിട്ടിമെതിച്ചു ഊറ്റിവാരി കടക്കും
കാളക്കൂറ്റന്മാര്‍ക്കായി തീറെഴുതി
നിന്റെയൂറ്റം കടംകൊണ്ടു നിന്നെയൂറ്റി
വലിച്ചെറിയുന്നു ജനാധിപത്യത്തിന്‍ പ്രളയത്തീയില്‍
മൃതനാമൊരു തേനീച്ചയെപ്പോലെ

നവക്കൈക്കടത്തിന്റെ
നവഷൈലോക്കിന്റെ
ഗൂഢമാം അറകളില്‍ വാതുറന്നിരിക്കും
നാള്‍വഴിത്താളുകളില്‍
നിറയാതെ വളരാതെ
നിന്‍പേരിനായ്‌ കുറിച്ചുവച്ച പേജില്‍
നിന്റെ പിടിയരിച്ചെപ്പിന്റെ ചുവട്ടില്‍
കിഴുത്തയിട്ടൂറ്റുവാന്‍
അച്ചാരം വാങ്ങിച്ചു മത്തരായിത്തീരുന്നു.
നിന്നെച്ചേരികളില്‍ തളിച്ചിട്ട്‌
ഇന്‍ക്വിലാബും, സിന്ദാബാദും, കീയും, ജയ്‌യും
രുധിരച്ചുവനാവില്‍ പുരട്ടിവിളിപ്പിച്ചു -
നയിപ്പിച്ചു നിന്നെ വളമാക്കിമാറ്റി വിത്തിറക്കുന്നു
രാക്കൊയ്‌ത്തില്‍ പണാക്കങ്ങള്‍ കുറിയ്‌ക്കാന്‍
കറുത്ത പേജുകള്‍ മറിയാന്‍

അച്ഛന്റെ വാതക്കുഴമ്പിന്‌
കടംപറഞ്ഞെങ്കിലും
അച്ഛന്റെ കുടീരം കാത്ത്‌
ജീര്‍ണ്ണമാം പുരയിലുഴലുമമ്മയ്‌ക്ക്‌
അന്തിക്കലം പൂക്കാഌള്ള വകയ്‌ക്ക്‌
തപാലിനവധികൊടുത്തും
നിന്‍ കടത്തിന്റെ വാള്‍ത്തല
നെഞ്ചിലാധിയായ്‌ വിളയുമ്പോഴും
വച്ചുനീട്ടുന്ന ഫണ്ടും, പിന്നെ ഫണ്ടുകളും
നിന്റെയോരങ്ങളില്‍ക്കൂടി ചതിയന്ത്രം കറക്കി
കുടുംബത്തിഌം കുലത്തിഌം
ജാതിയ്‌ക്കും മതത്തിഌം വേണ്ടി
സിംഹാസനാരൂഢരാകുമീ
ദല്ലാളന്മാരുടെ ലക്കുഗട്ടാഗമനം
അവനവന്റെ കീശവീര്‍ക്കുമ്പോള്‍
നിന്റെ ചോരയും നീരും സത്തും ഒഴുകിപ്പോയി ചണ്ടിയാകുന്ന - നീ
പതയ്‌ക്കുന്ന ജീവനിരിക്കും
ചവറുകളായ്‌, നിന്നെ വലിച്ചെറിയപ്പെടുന്നൂ...
ജീവന്റെ ദുരിതം കായ്‌ക്കും കൊട്ടകളിലേയ്‌ക്ക്‌
സോദര;

മനസ്സില്‍ കിലുക്കങ്ങള്‍
ഓര്‍മ്മയില്‍ ചാമരം വീശുമ്പോള്‍
സേവനാരംഭത്തിന്റെ
മോദമാം പ്രാരംഭക്കൊറ്റില്‍
ഒരുപിടിക്കയറുനീ വാങ്ങുക - മുന്‍കൂട്ടി
വഴിമുട്ടുമാദിനമാപ്പീസുപൂട്ടി - താക്കോല്‌
താഴത്തെയാളിന്റെ കൈയ്യില്‍ തിരുകീട്ട്‌
പരാതിയും പരിതാപവും പെയ്‌തൊഴിയാത്ത
വീട്ടിന്‍ പടിയില്‍ വന്നൊന്ന്‌ ചാഞ്ഞിരിക്കുമ്പോള്‍
വിളിക്കും കഴുക്കോലിന്റെ സ്വീകാര്യം നേടാന്‍
ബന്ധത്തിനായ്‌ ആ കയര്‍ നിനക്കാവും
അല്ലാലെന്ത്‌ ?; എന്താവും നിനക്ക്‌ മുന്നിലെ പെരുവഴിയില്‍
പ്രായം ചവച്ചൂറ്റിയ സന്ത്രാസമേറും മ്ലാനവുമായി
അടുപ്പിന്നോരത്തിരിക്കും വരവീണ മുഖവും
താലിച്ചരടിന്റെയുണ്മയ്ക്കായ്‌ കാത്ത്‌ നില്ക്കും
പൊന്നുമോളുടെ നിറസ്വപ്‌നത്തിന്‍ മുന്നിലും
എന്തെന്ന്‌
ഏതെന്നുമറിയാതെ
ദല്ലാള്‍പ്പണിയാല്‍ വര്‍ണ്ണക്കുരുക്കില്‍
പൂട്ടുവാന്‍ പൂട്ടുമായ്‌നില്‍ക്കുന്ന
ഉദാരമെന്നോതി നിന്റെയതിജീവനത്തിന്റെ

അവകാശവേരറക്കുന്നു
നിന്നത്തലോടി ചിരിച്ചുവരുന്നു
കറുപ്പില്‍ വെള്ള പൂശിയ
കാര്‍ക്കോടകത്തിന്റെ സത്തയില്‍
തീര്‍ത്തൊരാരൂപങ്ങള്‍
മറുകയ്യില്‍ കശാപ്പുകത്തിയുമായി

ഓര്‍ക്കുക
ഓര്‍മ്മയില്‍ വേണമീ
നിഴലനക്കങ്ങളുടെ അപകടക്കൂട്ടിന്റെയുള്ളില്‍
കണ്ണിരുട്ടാക്കും നരച്ചവെളിച്ചത്തിന്‍
ദിനത്തില്‍ പുതയ്‌ക്കും നിന്റെ വരും പ്രഭാതങ്ങളെ
ഫോണ്‍: 9446552804

നന്മകുടീരം :: അഖില്‍ എസ്‌ എം

കണ്ടു ഞാനൊരു സുന്ദര ഗ്രാമം 
പാരിന്‍ നന്മകുടീരം 

നദിയും കാട്ടാറുകളും ഒഴുകും 
പാരിന്‍ ഉറവ കുടീരം 

വൃക്ഷലതാദികള്‍ തിങ്ങി നിറഞ്ഞൂ 
ചാഞ്ചാടിപ്പൂം ചിരികള്‍ തൂകി 

ചെമ്പകവും ചെമ്പനിനീര്‍പ്പുക്കളും 
നാടിന്‍ പുലരികളായി 

മുല്ലയും തുമ്പയും പിച്ചകപ്പൂക്കളും 
നാടിന്‍ പാല്‍ക്കുടമായി 

മാവിന്‍ കൊമ്പിലെ മാടപ്രാവുകള്‍ 
നാടിന്‍ തേന്‍കനിയായി 

കാവിന്നുളളില്‍ നന്തുണി നാദം  
നാടിന്‍ കാഹളമായി 
അഖില്‍. എസ്‌. എം 
കാഞ്ചിയോട്‌ തടത്തരികത്തു വീട്‌ 
മഞ്ച പി. ഒ 
നെടുമങ്ങാട്‌

മഴപെയ്തുലഞ്ഞുവോ :: അഖില്‍ എസ്‌ എം

 


മഴപെയ്തുലഞ്ഞുവോ 
വേനലില്‍ ചുരുളഴിഞ്ഞു 
ധരണിതന്‍ സിരകളില്‍ 
ഉറവകളുണര്‍ന്നുവോ 

താങ്ങാതെ താങ്ങിത്തളര്‍ന്നു 
കുഴഞ്ഞ നാമ്പുകള്‍ 
ഉയിരിട്ടു തിളിര്‍ത്തുവോ 

ഓടിത്തളര്‍ന്നു വെളളം ചുമന്നവള്‍ 
നെടുവീര്‍പ്പോടെ ചിരിച്ചുവോ 

വരണ്ടു മരവിച്ച നിലങ്ങള്‍ 
വീണ്ടും ജനിച്ചുവോ 
സൂര്യന്റെ കോപത്താല്‍ 
പുളഞ്ഞ മാംസങ്ങളില്‍ 
പൊന്‍ പനിനീര്‍ കിനിഞ്ഞുവോ 

വിത്തും തൈച്ചെടികളും 
നട്ടുനനച്ചവര്‍ 
ആധികള്‍ മറന്നുവോ 
കുളമായ കുളമൊക്കെ 
മുങ്ങിയും പൊങ്ങിയും 
നീന്തിയ ജലജീവികള്‍ 
മിഴികള്‍ തുറന്നുവോ 
കൊടും കാടുപിടിച്ചു കിടന്ന 
ചെറു ചാലുകളില്‍ 
നീരുറവകള്‍ പൊട്ടിയൊലിച്ചുവോ 

പച്ചിലകളില്‍ 
പൂംപുഞ്ചിരിയുടെ നനവുകള്‍ 
തിങ്ങി നിറഞ്ഞുവോ 
തൊടിയില്‍ തൈ മാവുകളിലെ 
മാമ്പഴച്ചാറിന്‍ മധുരം 
അധരങ്ങളില്‍ നിറഞ്ഞുവോ 

എന്‍ മനസ്സിന്റെ അതിരില്‍ 
ആളിയ തിരിനാളം കെട്ടുവോ 
മഴപെയ്‌തുലഞ്ഞുവോ,  

ഹരിതമഹിമക്കും 
മണ്ണിന്റെ മനസ്സിനും 
കോരിത്തളിച്ച്‌ 
മഴപെയ്തുലഞ്ഞുവോ,  

മഴപെയ്തുലഞ്ഞുവോ.

പണ്ട് പണ്ട്......


അഡ്വ മുരളി, അടാട്ട്

പണ്ട് പണ്ട്......

അങ്ങനെയാണ് കഥകള്‍ തുടങ്ങേണ്ടത്. അത്ര കഥയല്ലാത്തത് കൊണ്ട് ഇങ്ങനെയാവട്ടെ, ഒരു അര നൂറ്റാണ്ടിനും മുമ്പ്......

അമ്മയുടെ വിരലില്‍ തൂങ്ങിയാണ് കയറി ചെല്ലുന്നത്. ഇറയത്തു കയറാനുള്ള ചാണം മെഴുകിയ ചവിട്ടുപടിയില്‍ കാല്‍ വെള്ളകള്‍ ഉരുമ്മിയപ്പോള്‍ ഇക്കിളിയായി. നിറയെ പല വലിപ്പത്തിലുള്ള കവടികള്‍ കമഴ്ത്തി പതിച്ചിരിക്കുന്നു. അത്രയൊന്നും ഭൂമിയെ ചവിട്ടിക്കൂട്ടിയിട്ടില്ലാത്ത കുഞ്ഞു പാദങ്ങൾക്ക് ഇക്കിളിയാവാന്‍ അതെത്ര ധാരാളം.

ഉമ്മറത്ത് ചുമരും ചാരി നെടു നീളനെ ഒരാള്‍. കുഞ്ചിയമ്മടെ ആളാണ്. നാരേണന്‍. ഒക്കെ അമ്മ പറഞ്ഞു തരുന്നതാ ട്ടോ . ചെറിയ അകായിലേക്ക് കടന്നാല്‍ വെളുക്കെ ചിരിച്ചു ഏതോ വലിയ വീട്ടിലെ നിറയെ വെട്ടും കുരിശുമിട്ട വമ്പാരന്‍ ക്ലോക്കിന്റെ ആടിത്തിമർക്കുന്ന പെന്റുലത്തിനെ ഓർമ്മിപ്പിക്കുന്ന നീളന്‍ അമ്മിഞ്ഞകള്‍ ആട്ടി അതെ താളത്തില്‍ ഒരു ചോദ്യം...

ന്റെ മോന്‍ ഈ അമ്മെ കാണാന്‍ വന്നതാ.?”

.. കവിളത്തു ഒരു ഉമ്മയും കൂടിയാവുമ്പോള്‍ അന്നും ആദ്യം തോന്നിയ സംശയം; ഈ അമ്മിഞ്ഞയും ഞാന്‍ കുടിച്ചിട്ട് ണ്ടാവും. അല്ലാണ്ട് എങ്ങന്യാ ന്റെ അമ്മയാവാ?

ഞാന്‍ കയറി ചെല്ലുന്ന എല്ലാ ദിവസങ്ങളും ധനു മാസത്തിലെ ഉത്രം നാളായിരുന്നുവെന്നു പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. കുഞ്ചിയമ്മയെ അങ്ങനെ കാണുന്ന ഓരോ തവണയിലും അമ്മ എന്റെ കയ്യില്‍ ഒരു ഒറ്റ ഉറുപ്പിക തരാറുണ്ട്. കുഞ്ചിയമ്മയ്ക്ക് കൊടുത്ത്

മുറുക്കാന്‍ വാങ്ങിക്കൊളൂട്ടോന്ന്‍ പറയാന്‍.

അടുത്ത ഗ്രാമത്തിലെ വേല. രാത്രി എഴുന്നള്ളിപ്പിന് വെടി പൊട്ടി അധികം നേരായില്ലാത്രേ. എല്ലാരും വേല കാണാന്‍ പോയിട്ടുണ്ടാവണം എനിക്ക് പുറത്ത് വരാന്‍ അനാഥത്വത്തിന്റെ ആ സുമൂഹൂര്ത്തമാണ് കണ്ടു വെച്ചിരുന്നതെന്ന് തോന്നുന്നു.


നിറ വയറുകളോട് കരുണയുള്ളവളാണ് പതിച്ചി കുഞ്ചി. ഞങ്ങടെ ഗ്രാമത്തിലെ വയറ്റാട്ടി, മിഡ് വൈഫ്, അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റ്......

ഓരോ വയറിന്റെയും കൊതപ്പു അറിയുന്നവളായതാവാം ആ രാത്രി അവര്‍ കൂട്ടിരിക്കാന്‍ വന്നത്. പാതിരയുടെ മറ പറ്റി കുതിക്കുമ്പോള്‍ അമ്മയുടെ കരച്ചിലും വേവലാതിയും ഞാന്‍ കേട്ടില്ല.


കുഞ്ചിയമ്മയുടെ ശയ്യാസമാനമായ കയ്യിലേക്ക് നൂർന്നിറങ്ങി വാവിടുമ്പോള്‍

പേടിക്കണ്ട ന്പ്രാളെ, മിടുക്കനാ, ഒരു ദോശോം വരുത്തില്ല””. ആ ഉറപ്പിലാണ് ഞാന്‍ ഇവിടെ വരെയും എത്തിയിരിക്കുക.


മോന്‍ അമ്മയെ മറന്നാലും കുഞ്ചിയെ മറക്കാന്‍ പാടില്ല. ആവുന്ന എല്ലാ പിറന്നാളിനും ചെന്ന് കണ്ട അനുഗ്രഹം വാങ്ങണം. പറ്റണതെത്രേം കൊടുക്കേം വേണം. ഒന്നും കൊടുത്തിട്ടില്ല മോനെ അവര് താങ്ങിയത്. അവരും നിനക്ക് അമ്മ തന്നെയാണ്.”

അമ്മ ഊട്ടി വളർത്തിയെടുത്ത ആ മാതൃത്വം തേടിയാണ് ഞാന്‍ കവടിത്തിണ്ടില്‍ കിക്കിളി കൊള്ളുന്ന കാലുകള്‍ ചെർത്തുരച്ച് 'തബാകൊന്‍ ഗ്രാണ്ട് സ്പാ' നല്കുന്ന കൊസ്ടാരിക്കന്‍ സുഖം അനുഭവിച്ച് കയറി ചെന്നിരുന്നത്, അമ്മിഞ്ഞകളുടെ ആട്ടം കണ്ടു ഉള്ളിന്റെയുള്ളില്‍ ആരുമറിയാതെ അമ്മ എന്ന് പറഞ്ഞിരുന്നത്.


ഇന്ന് രണ്ട് അമ്മമാരും ഓർമ മാത്രമായപ്പോള്‍,

അല്ലെങ്കില്‍ തനിക്കായി ഒരു ഓർമച്ചെപ്പുണ്ടാക്കി മക്കളെ ഏല്പിച്ചാലോ എന്ന് വിചാരിക്കുമ്പോളാണ്

കുഞ്ചിയമ്മ....

എന്റെ കുഞ്ചിയമ്മ എന്നെ നോക്കി ചിരിച്ചത്.

ന്റെ മോന്‍ വല്യേ കുട്ട്യായീ ട്ടോ”! —
---000---

പ്രണയം :: അഡ്വ മുരളി, അടാട്ട്


അഡ്വ മുരളി, അടാട്ട്
പ്രണയം 
എനിക്ക് വിസ്മയം കൊള്ളുന്ന വിടര്‍ന്ന കണ്ണുകളാണ്,
നെറ്റിയിലെ വലിപ്പമേറിയ ചുവന്ന പൊട്ടാണ് ,
 

പിണക്കത്തിന്റെ മൂര്‍ത്തതയില്‍ ചാടി വീണ്
എന്നിലേല്‍പ്പിക്കുന്ന നഖക്ഷതങ്ങളും, 

മൃദുവായ കടിപ്പാടുകളുമാണ് .
 

ഒരുപാട് ദൂരങ്ങളിലായിപ്പോയിട്ടും
എനിക്കിപ്പോഴും പ്രണയത്തിന്റെ സാമിപ്യം
സ്വപ്നം കാണാത്ത രാത്രികളില്ല.
 

നിലക്കണ്ണാടി എന്നെ ഓര്‍മപ്പെടുത്തുന്നു, 
ജരാനരകളെപ്പറ്റി .
പക്ഷെ, 

കിനാവുകളില്‍ എന്റെ പ്രണയം സാന്ത്വനിപ്പിക്കുന്നു,
 

" ഞാനും നീയും കൂടിയാല്‍ പിന്നെന്തു പ്രായം."
 

കവിളത്ത് വാത്സല്യത്തോടെ മുത്തമിട്ട്‌
എന്നെ ഓരോ പുലരിയിലേക്കും ഉണര്‍ത്തുകയാണ്,
എന്റെ പ്രണയം. 

എന്റെ മാത്രം!

നീതി ദേവതയെ കണ്ടു. :: അഡ്വ മുരളി, അടാട്ട്ഈയിടെ കോടതി മുറ്റത്തു വെച്ച് നീതി ദേവതയെ കണ്ടു. 

വയസ്സായിരിക്കുന്നു. മിഴി മൂടി കെട്ടിയിരുന്ന തൂവാലയെടുത്ത് എളിയില്‍ തിരുകി, കയ്യിലെ തുരുമ്പ് കേറിയ തൂക്കുതട്ട് ഓരം ചാരി വെച്ച് മുറുക്കാന്‍ തുടങ്ങുകയായിരുന്നു അവര്‍ .
 

- എന്താ ഇവിടെ?
 

കാതിലെ കേള്‍വി യന്ത്രം ശരിയാക്കി അവര്‍ ആരാഞ്ഞു.
 

-എന്തെ ഇവിടെ വരാന്‍ പാടില്ലേ?
 

-അതോണ്ടല്ല, കൊച്ചീലല്ലേ പതിവ്?
 

-ഓ, എന്നാ പറയാനാ? അവിടെ ബെഞ്ച്‌ പുനസംഘടിപ്പിക്കുന്ന തിരക്കും പൊടിയുമാഡേയ്, പിന്നെ ഈ തൂക്കത്തട്ട് ഒന്ന് സീല് ചെയ്യിക്കണം.തൂക്കിയാ തൂങ്ങത്തില്ലടെയ്. മതി, കുശുകുശുത്തത് നീ വണ്ടി വിട്......................
 

പിന്നെ നിന്നില്ല ഞാന്‍ നടന്നു:)
---000---

മായാത്ത നിനവുകൾ :: അബിജിത്ത്


അബിജിത്ത്


ഓരോ തുള്ളി മഴയുമെൻ നെറുകയിൽ 
ഇറ്റുവീണീടവേ
ഒരായിരം സ്വപ്നങ്ങൾ മഴയിൽ 
കുതിർന്നീടവേ

മരവിച്ചു ജീർണ്ണിച്ചൊരെൻ മനസ്സിൽ നിന്നൊരു 
വിരഹഗാനമുയർന്നീടവേ
എങ്ങു നിന്നാണെന്നറിയാതെ കടന്നു വന്നൊരു 
നറുംതെന്നൽ
ഏകനായോരെൻ സിരകളിലേക്കു 
തുളച്ചിറങ്ങുന്നു

പോയ കാലമാം വസന്തമെന്നെ 
പിറകിലേക്കു വലിച്ചിടുന്നു
പൂക്കാലവും പൂമ്പാറ്റയും മാത്രം 
നിറഞ്ഞു നിന്ന കാലം
മധുര സ്വപ്നങ്ങളുമായി 
പലവർണ്ണ പൂവുകൾ തേടി


അവൾക്കൊപ്പം പൂമ്പാറ്റ പോൽ 
പറന്നു നടന്ന കാലം.

---000---