മഞ്ചാടി :: കവിത :: രജി ചന്ദ്രശേഖര്‍
ആലാപനം മനോജ് പുളിമാത്ത്

Views:


https://08511630493324166816.googlegroups.com/attach/ff2947aa62d46/Tumkur,20140917_103904%20(20).jpg?part=0.1&view=1&vt=ANaJVrFCRhqRatU_yFMbYJ9d_3XOP-kyuy9NnJkzMhO3Ua68OdIyG-IrNlCcB7eRZ0dAlkOAAJxKciBuzglL5MWwOyeXrlqsZcnnr4Xxmri5T2yGuuTol0M
Photo Courtesy  :: efloraofindia :: Adenanthera pavonina 
 

മഞ്ചാടിപോലെന്റെ കൈവെള്ളയിലിന്നു
ചെഞ്ചോരയിറ്റുന്നു
ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്
ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടുപ്പ്,
ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം !

മേലെക്കറങ്ങുന്ന പങ്കയും മേശയില്‍
പാറുന്ന താളിലെ കൈവിരല്‍ത്താളവും
വീണുപിടയും കടക്കണ്ണൊളികളി-
ലൂളിയിടുന്നതാം ജന്മസാഫല്യവും
പാദം പുതയും തിളയ്ക്കുന്ന ടാറിനെ
മൂടിത്തിമിര്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളും
തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന
സൂര്യകിരണങ്ങള്‍ ചൊല്ലിയാടുന്നതും
അങ്ങേച്ചരിവിലെ പച്ചിലക്കാട്ടില്‍ നിന്നി-
ങ്ങോട്ടു പുഞ്ചിരിച്ചെണ്ടുനീട്ടുന്നൊരെന്‍
കൊച്ചുമലരിലെ പൂന്തേന്‍ നുകരുവാ-
നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും
പാണന്റെ പാട്ടും കടുന്തുടിത്താളവും
വീണയും വേടനും വാടിയ പൂക്കളും
നോട്ടം വിറയ്ക്കുന്ന വാക്കും വിതുമ്പുന്നു
ദുഃഖമാണേകാന്തസന്ധ്യകള്‍ ....

ദുഃഖമാണേകാന്ത സന്ധ്യകള്‍
തപ്തമെന്നുള്ളും പിടയ്ക്കുന്നു
മഞ്ചാടിപോലെന്റെ കൈവെള്ളയില്‍
സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു.
ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്...

നാണയത്തുട്ടിനായ് നീട്ടിയ കൈകളും
നാണം മറയ്ക്കാത്ത വൃദ്ധനും വൃദ്ധയും
നാളെകളെന്നോ കരിഞ്ഞകിനാക്കളായ്
നാളുകളെണ്ണവെ യാത്ര ചോദിക്കാതെ
നീരവമൊട്ടു തിരിഞ്ഞൊന്നു നോക്കാതെ
നീലവിഹായസ്സില്‍ നീങ്ങുന്നു നീരദം
തീരത്തിലെത്താത്ത ദാഹമോഹങ്ങളും
തീരാത്ത പൈദാഹ ദീനശാപങ്ങളും
താളം ചവിട്ടിത്തളര്‍ന്ന പാദങ്ങളും
പാളത്തിലൂടര്‍ദ്ധരാത്രിയിലെത്തുന്ന-
വണ്ടിക്കു കാതോര്‍ത്തൊടുങ്ങുന്ന തേങ്ങലും
വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും
കള്ളന്റെ കാവലും കാടും കുടികളും
വെള്ളം കുതിര്‍ക്കാത്തോരുച്ഛിഷ്ട ഭാരവും
വേഗവും വാശിയും വല്ലാതെ വിങ്ങുന്നു
വ്യര്‍ത്ഥമാണാര്‍ത്തിക്കുതിപ്പുകള്‍ ...

വ്യര്‍ത്ഥമാണാര്‍ത്തിക്കുതിപ്പുകള്‍
നെഞ്ചകം കത്തിക്കലമ്പുന്നു.
മഞ്ചാടിപോലെന്റെ കൈവെള്ളയില്‍
ഭൗമതാപം തിളയ്ക്കുന്നു
ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്...

തിരികെട്ടൊരോട്ടു നിലവിളക്കും തണ്ടി-
ലിഴയുന്ന ചെമ്പനെറുമ്പിന്റെ കൂട്ടവും
അക്ഷരം കുത്തിക്കുടലെടുക്കും തീക്ഷ്ണ-
പക്ഷപാതങ്ങളും ചിന്തയും സ്വാര്‍ത്ഥവും
വലക്കണ്ണിയുന്മദക്കൂത്തില്‍ക്കുടുക്കി-
വലയ്ക്കുന്ന കൗമാരബുദ്ധിയും കാലവും
മ്ലേച്ഛം മതാന്ധം മുഖംമൂടി കത്തിയും
പേവിഷം ചാലിച്ച കാരുണ്യ സേവയും
നെഞ്ചിടിപ്പും തകര്‍ത്താടുന്ന പാമ്പിന്റെ
ദര്‍പ്പവും പശയിട്ട തോലും ചെരുപ്പും
ഇടതിങ്ങിവിങ്ങും നിരാശയും പാഴ്‌ചെളി-
ചിടകെട്ടിമൂടും ശവപ്പറമ്പും മണ്ണി-
ലടിയുന്നു, മുളപൊട്ടിയുണരുന്നു നാമ്പുകള്‍
ആരണ്യമന്ത്രങ്ങൾ, അരുണോദയം, സൂര്യ-
ബിംബം, പ്രഭാതം, പ്രകാശം ചിരിക്കുന്നു
ശക്തമാണീ ശാന്തി സംസ്‌കൃതി....

ശക്തമാണീ ശാന്തി സംസ്‌കൃതി
ധന്യമാം തീര്‍ത്ഥം തുളുമ്പുന്നു
മഞ്ചാടിപോലെന്റെ കൈവെള്ളയില്‍
നിത്യസത്യം തുടിക്കുന്നു
ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്
ചൊടിയിലും കവിളിലും ചക്രവാളത്തിലും
രാഗത്തുടുപ്പ്
ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു-
മെന്തിനുമേതിനുമംഗരാഗം.
!

Download The Audio...