സുവർണ ഗാംഗുലി റിപ്പോർട്ട്‌ ഒരു അവലോകനം - പുന്നത്തൂർ കോട്ട, ഗുരുവായൂർ

Views:

ഗുരുവായൂര്‍ ദേവസ്വം ഗോകുല്‍

ഭക്തർ  ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും മുഖ്യ വനപാലകർ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഡോ. സുവർണ്ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്ക്കാരിന് കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചു.

   മുകളിൽപ്പറഞ്ഞ വാർത്തയാണ് ഞാൻ ഇപ്പോൾ എഴുതുന്നതിനു ആധാരമായിട്ടുള്ളത്. മാതൃഭൂമി ഓണ്‍ലൈനിൽ നിന്നാണ് ഞാൻ ഇത് വായിക്കാൻ കാരണമായത്‌. ആനകളുടെ ക്ഷേമത്തെ പറ്റി അന്വേഷിക്കാൻ വന്ന കമ്മിറ്റിയുടെ സംക്ഷിപ്ത റിപ്പോർട്ടിൽ കാണാൻ ഇടയായ ചില കാരണങ്ങൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ മാത്രമല്ല ആനയെയും, ഗുരുവായൂർ ദേവസ്വത്തെയും അറിയുന്ന ആരെയും വേദനിപ്പിക്കും.

   അനേക വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിന്റെ ഏറ്റവും വലിയ മുതൽകൂട്ട് എന്തെന്ന് ചോദിച്ചാൽ ആബാലവൃദ്ധം ജെനങ്ങളും ഒന്നിച്ചു അഭിപ്രായം പറയുക, ഇന്ന് ആരെല്ലാമോ ചേർന്ന് നശിപ്പിക്കാൻ ശ്രെമിക്കുന്ന ഈ പുന്നത്തൂർ കോട്ടയുടെ പേരാണ്. 59 ആനകളാൽ സമ്പുഷ്ട്ടമാണ് ഗുരുവായൂരപ്പന്റെ പുന്നത്തൂർ കോട്ട. അതിൽ കുട്ടിആനയായ അവസാനം നടയിരുത്തപ്പെട്ട ഗുരുവായൂർ അയ്യപ്പന കൂട്ടി മുതൽ, ഉത്സവപ്പറമ്പുകളിലെ നായകവേഷങ്ങളായ ഇന്ദ്രസെൻ, നന്ദൻ, വലിയകേശവൻ എന്നിവരും യുവതാര നിരയിലെ സുന്ദരന്മാരായ ശേഷാദ്രി, ദാമോദർ ദാസ്‌, ഗോകുൽ, അനന്തനാരായണനും അതിനെല്ലാം പുറമേ കേരളക്കരയുടെഎല്ലാം ആരാധനാ പാത്രമായ ആനപ്രേമികൾ നിറപറയും, നിലവിളക്കും വച്ചു സാഷ്ട്ടാംഗം തൊട്ടുതൊഴുന്ന കാരണവർ ഗജരെത്നം ഗുരുവായൂർ പദ്മനാഭൻ വരെ ഉൾപ്പെടുന്നു. 59 പേരിൽ ഏതാനും ചിലർ മാത്രമാണിത്. ഇനിയുമുണ്ട് ഗുരുവായൂരപ്പന്റെ ആനത്തറവാട്ടിൽ അന്തേവാസികൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകള ഉള്ളതും ഇവിടെത്തന്നെയാണ് . 'ഗുരുവായൂര് കേശവൻ' ആ പേരുകേൾക്കാത്തവർ ആരും ഉണ്ടാകില്ല. പൂമുഖ ച്ച്ചുവരിൽ തൂക്കിയ പുൽപ്പായയിൽ വരച്ച ചിത്രമായോ, എഴുതപ്പെട്ട കഥകളിലൂടെയോ, ക്യാമറ കണ്ണുകൾ അനശ്വരമാക്കിയ ചലച്ചിത്രത്തിലൂടെയോ, പാഞ്ചജന്യത്തിനുമുന്നിലെ നിശ്ച്ച്ചല രൂപമായോ, നാലമ്പല വാതിലിനു മുകളിലെ ച്ചായാചിത്രമായോ, മുത്തശ്ശി കഥകളിലൂടെ പകര്ന്നു നല്കിയ സവിശേഷ സ്വഭാവത്തിന് ഉടമയായോ എല്ലാവരും അറിഞ്ഞിരിക്കും, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാത്തവരാനെങ്കിൽ തീര്ച്ച അവർ കേരളീയരല്ല. ഇത്രയും പ്രശസ്തമായ പുന്നത്തൂർ കോട്ട നാമാവശേഷമായി കാണാൻ നമ്മളിൽ ചിലർ ശ്രെമിക്കുന്നു എന്ന് തന്നെ വേണം കരുതാൻ. നമ്മളിൽ ചിലർ എന്നുപറഞ്ഞാൽ ആനപ്രേമികൾ അല്ല അത് തീർച്ച, ഇതെല്ലാം പറയാൻ കാരണം ഡോ. സുവർണ്ണ ഗാംഗുലി അധ്യക്ഷയായി സമര്പ്പിച്ച റിപ്പോർട്ടിലെ ഏതാനും ചില ഭാഗങ്ങളാണ്.

ഈ സമിതിയുടെ റിപ്പോർട്ടിൽ ഗുരുവായൂരിൽ ഗജക്ഷേമമില്ലെന്നും, ഗജപീടനവും,ക്രൂരതയും, നിയമലംഘനവും നടക്കുന്നതായും സമിതി ചൂണ്ടികാട്ടുന്നു. കേരളത്തിലെ ആന വളർത്തൽ എത്ര മാത്രം പഠിച്ചതിനു ശേഷം എടുത്ത തീരുമാനമാണ് ഇതെന്ന് ഞങ്ങള്ക്കറിയില്ല. എല്ലാ മാസവും ആനകൊട്ട സന്ദര്ശിക്കുന്ന ആനപ്രേമികൾ എന്ന നിലയ്ക്ക് ഞങ്ങൾക്ക് പറയാൻ കഴിയും ഗുരുവായൂർ ആണ് ഭേദപ്പെട്ട നിലയിൽ ആനകളെ പരിപാലിക്കുന്നത് എന്ന്. വോടഫോണ്‍ പരസ്യത്തിലെ നായയെ പരിചരിക്കും കണക്കെ ഗജത്തെ പരിച്ചരിക്കാനാവില്ലല്ലോ?

ഇക്കഴിഞ്ഞ 04-01-2015 ഞാന്‍ അവസാനമായി പുന്നത്തൂര്‍ കോട്ടയില്‍ പോയത്. അവിടെ കണ്ട കാഴ്ച്ചകള്‍ ഇപ്രകാരമാണ്. ഒന്‍പതു മണിക്ക് മുന്നേ കോട്ടയ്ക്കുമുന്നില്‍ എത്തി. കൃത്യം 9 മണിക്ക് ട്ടിക്കറ്റ് കൊടുത്ത് തുടങ്ങി. അതിനു ശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. ഏകദേശം മുന്നൂറോളം പേര് കാഴ്ച്ചകാരായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാ ആനകളും വരിവരിയായി വന്നു അവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി തറിയിലേക്കു മടങ്ങി പോകുന്നത് കാണാം. അകത്തു കയറുമ്പോള്‍ ആദ്യം കാണാന്‍ സാധിക്കുന്നത് നന്ദന്‍ നീരില്‍ നില്‍ക്കുന്നതാണ്. വലതു വശത്തായി ഉണ്ട ബാലു, അനന്തനാരായണന്‍, മുകുന്ദന്‍, ജൂനിയര്‍ മാധവന്‍കുട്ടി എന്നിവരെ കാണാം. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ മനസ്സില്‍ വച്ചു പോയതിനാലാവം വൃത്തിയെ കുറിച്ചു കൂടുതല്‍ ശ്രദ്ധിച്ചതു. എല്ലാ ആനകളുടെയും തറി വൃത്തിയാക്കല്‍ നടന്നുകൊണ്ടിരിക്കുന്നു.

വൃത്തിയുടെ കാര്യത്തില്‍ ഈ കമ്മിറ്റി പറയുന്നത് പുന്നത്തൂര്‍ കോട്ടയെ സംബദ്ധിച്ച് തീര്‍ത്തും അസംബന്ധമാണ്. എല്ലാ ദിവസവും രണ്ടുതവണ അവിടെ തറി വൃത്തിയാക്കപെടുന്നുണ്ട്. ഗുരുവായൂരപ്പനെ ഭജിക്കുന്നത്തിനു തുല്യമാണ് ആനകോട്ടയിലെ ആനകളെ പരിച്ചരിക്കുന്നത്തു എന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആനപ്പണിക്കാരാണ് ഇന്ന് ആ പുന്നത്തൂര്‍ കോട്ടയുടെ മുതല്‍കൂട്ട്. അവരുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയം തന്നെ.

ആരോഗ്യ പരിപാലനത്തിന്റെ കാര്യം നോക്കാം, ഏകദേശം 10 മണിയോടെ ഡോക്ടര്‍ ആനക്ള്‍ക്കടുത്തുകൂടെ വന്നു. ആ സമയം ഞാന്‍ ഗോകുല്‍ ആനയുടെ അടുത്താണ് ഉണ്ടായിരുന്നത്. വലത്തെ കൊമ്പില്‍ തലോടി സംസാരിച്ച ശേഷം രണ്ടു മരുന്നുകള്‍ ആനക്ക് കൊടുപ്പിച്ചത്തിനു ശേഷമാണ് അവിടെ നിന്നും പോയത്. നീരുകാലത്ത് ആനകളെ പ്രത്ത്യേകം പരിചരിക്കുന്നു. പുന്നത്തൂര്‍ കോട്ടയിലെ സുഘചികിത്സ നമുക്കെലാവര്‍ക്കും അറിയുന്നതാനല്ലോ. പാദ രോഗം വന്ന ആനയെ മാറ്റി നിര്‍ത്തിയാണ് ചികിത്സ നല്കുന്നത്ത്. ചികിത്സയെ സംബന്ധിച്ച രജിസ്റ്റര്‍ ലഭ്യമല്ല എന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിനേക്കുറിച്ചു അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്കാവില്ല. എങ്കിലും മരുന്ന് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ്  വിശ്വാസം.

ആനപാപ്പാന്‍ മാരുടെ പരിശീലന കാര്യത്തെ കുറിച്ചു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത് എത്ര കണ്ടു സത്യമാണെന്നറിയില്ല. ആനപ്പണിയും പെരുമാറ്റവും  അറിയുന്നവര്‍ തന്നെയാണ് ആനക്കോട്ടയില്‍ എന്നാണ് ഞങ്ങളുടെ വിശ്വാസം. ഗുരുവായൂരപ്പന്‍റെ ആനകള്‍ പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ പ്രശ്നം സൃഷ്റ്റിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. ഇനി സംഭവിച്ചാല്‍ തന്നെ അതൊരു നിത്ത്യ സംഭവവുമല്ല. എപ്പോഴെങ്കിലും നടക്കുന്ന ഒന്നാണ്. അത്തരം സംഭവങ്ങളുടെ ബലത്തിലാണ് ഈ സമിതി പാപ്പാന്മാര്‍ പരിചയസമ്പന്നരല്ല എന്നു പറയുന്നതെങ്കില്‍ അതൊന്നുകൂടി പരിശോധിക്കേണ്ടതാണ് എന്നു മാതംഗകേസരികള്‍ പറയുന്നു. ആനപാപ്പാന്മാര്‍ മൂലം പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു തരത്തിലും പ്രശ്നങ്ങളോ അപകീര്‍ത്തിയോ സംഭവിക്കുന്നതായി ഞങ്ങള്‍ക്കറിയില്ല. എങ്കിലും എല്ലാമാസവും ആനപാപ്പാന്മാര്‍ക്ക് പരിശീലനം നല്‍കി അവയുടെ റെക്കോര്‍ടുകള്‍ സൂക്ഷിക്കണം എന്ന് ദേവസ്വത്തോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. പ്രഗത്ഭ ആനപാപ്പാനും, ആന ഉടമയും ആയിരുന്ന പാറശ്ശേരി ചാമി എന്ന ആളെ കോട്ടയില്‍ കൊണ്ടുവന്ന് ആനപാപ്പാന്മാര്‍ക്കു പരിശീലനം കൊടുത്തതായും, അന്നത്തെ വിഷയം ആനപ്പുറത്തു കയറുന്നതും ഇറങ്ങുന്നതും എത്രവിധം എന്നാണെന്നും പരിശീലനത്തിനായി 3 ആനകളെ നിരത്തി നിര്‍ത്തിയിരിക്കുന്നതും ചിത്രം സഹിതം വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിരുന്നത് ഞങ്ങള്‍ മറന്നില്ല. നിങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യട്ടെ...




പ്രായമേറിയ ആനകളെ, ആരോഗ്യ സ്ഥിതി മോശമായവയെ എല്ലാം വനം വകുപ്പിന്‍റെ റെസ്ക്യൂ സെന്റരിലേക്ക് മാറ്റണം ഇതാണ് അടുത്ത നിര്‍ദ്ദേശം. വനം വകുപ്പിന്‍റെ കയ്യിലുള്ള ഒരു ആനയെ എങ്കിലും നന്നായി നോക്കുന്നതായി അറിയില്ല. അത്തരം സ്ഥലത്തേക്കാണ് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ പോലയുള്ളവരെ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്ത്. നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എഴുതിയ റിപ്പോര്‍ട്ട് പോലെ തോന്നുന്നു. ഉദാഹരണം ഇനിയുമുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മൂന്നു മാസം നോക്കിയതും, കീര്‍ത്തന കാര്‍ത്തിക്കിനെ ഇപ്പോഴും നോക്കുന്നതും നമ്മള്‍ കണ്ടതല്ലേ....? അതാണ്‌ വനം വകുപ്പിന്‍റെ റെസ്ക്യൂ സെന്റര്‍.

അടുത്തതായി പറയുന്നത് ആനകളെ കൊണ്ടുപോകുന്നതായ വിവരങ്ങള്‍ അപൂര്‍ണ്ണമാണ് എന്നാണ്. ഉത്തരവാദിത്തത്തിന്‍റെ കാര്യത്തില്‍ പെരുകേട്ടവരാണ കേരളത്തിലെ ദേവസ്വങ്ങള്‍. കൃത്യമായ റെക്കോര്‍ഡ് സൂക്ഷിക്കണം എന്നത് ഒഴിഞ്ഞുമാറാനാവാത്ത അവരുടെ ഉത്തരവാദിത്തം ആണ്. അതു പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ തന്നെ ഇന്നത്തെ social media ക്കു വരെ പറയാനാവും ആനകള്‍ ഇവിടെ എന്ന്.

ആനകള്‍ 24 മണിക്കൂറും ചങ്ങലകളില്‍ നില്‍ക്കുന്നു എന്നാണ് മറ്റൊരു ആരോപണം. അതു ശെരിയാണ്. മദപ്പാടുള്ള എല്ലാ ആനകളും 24 മണിക്കൂര്‍ ചങ്ങലയിലാണ്. കാരണം വേറെ നിവിര്‍ത്തിയില്ല. അല്ലാത്ത എല്ലാ ആനകളും കൊട്ടക്കകത്തുകൂടി നടത്താറുണ്ട്‌. കാലിനു സ്വാദീനം കുറവുള്ള ആനകളെ പോലും നടത്തികാറുണ്ട്. കോട്ടയ്ക്കു അകത്തുകൂടി നടത്തുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്തെങ്കിലും കാരങ്ങള്‍ എഴുതി പാരഗ്രാഫ് തികക്കാന്‍ ആണെങ്കില്‍ പോലും സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടാണ്. കാരണം പ്രതിഫലം ഇച്ചിക്കാത്ത ആളുകളാണ് ആനപ്രേമികള്‍.

ദേവസ്വം ആനകളെ ഉത്സവപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് നിര്‍ത്തലാക്കണം എന്നും ആവശ്യപ്പെടുന്നു, അതിന്റെ കാരണം ഇനിയും വ്യക്ത്തമല്ല. ഉത്സവങ്ങളില്‍ ആനകളുടെ എണ്ണം കൂടി വരുകയാണ്. ആനകള്‍ക്ക് വിശ്രമമില്ലാതെ ആവുകയും അതിനേ പീഡനം എന്നു വിളിക്കെണ്ടിവരുന്നതും ആവശ്യത്തിനു ആനകള്‍ ഇല്ലാത്തതിനാലാണ്. ആവശ്യത്തിനു  ആനകള്‍ ഉണ്ടെങ്കില്‍ ആനകള്‍ക്ക് വിശ്രമവും ആകും, പീഡനവും ഇല്ലാതാകും. പുറത്തുനിന്നും ആവശ്യത്തിനു ആനകളെ വരുത്താനുള്ള സംവിധാനമാണ് കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാന്‍ തയാറുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്ത്. അതിനു പകരം ഈ ആനകളെ കൂടി എഴുന്നള്ളിപ്പിക്കരുത് എന്നു പറയുന്നു. അതിനോടൊപ്പം ആനകള്‍ 24 മണിക്കൂര്‍ ചങ്ങലയില്‍ ബന്ധിക്കാന്‍  പാടില്ല എന്നും. എന്തെങ്കിലും ജോലി ചെയ്യിക്കണം പക്ഷെ പുറത്തു ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടില്ല. 59 ആനകള്‍ ഒന്നിച്ചു ഗുരുവായൂരില്‍ എഴുന്നെള്ളിക്കാന്‍ പറ്റില്ല എന്നത് തീര്‍ച്ച.

പുന്നത്തൂര്‍ കോട്ടയില്‍ സി. സി. ടി. വി ക്യാമറകള്‍ അടിയന്തിരമായി സ്ഥാപിക്കണം. അതു നല്ല കാര്യമാണ്. ഞങ്ങളും അതിനോട് യോജിക്കുന്നു. പക്ഷെ പുന്നത്തൂര്‍ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സി, സി, ടി .വി ക്യാമറകള്‍ വക്കണം എന്നു പറയണം.

പുന്നത്തൂര്‍ കോട്ടയിലെ സ്ഥല വിസ്തൃതിയുടെ കാര്യം. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ മാര്‍ഗരേഖയാണ് ഈ തീരുമാനത്തിന് ആസ്പദമായിട്ടുള്ളത് ആനകള്‍ക്ക് 90 ഏക്കര്‍ സ്ഥലം ആവശ്യമാണ്‌ എന്നാണ് പറയുന്നത്. ഏതു മൃഗശാലയിലാണാവോ 59 ആനകള്‍ വരുന്നത്. ഒരു ആന മാത്രമുള്ള മൃഗശാലയുടെ സ്ഥലപരിധിയെ 59 കൊണ്ടു ഗുണിച്ചപ്പോള്‍ കിട്ടിയതാവാം 90 ഏക്കര്‍. കാട്ടിലെ ആനകള്‍ കൂട്ടംകൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്, നാട്ടാനകളുടെ അവസ്ഥ അറിയില്ല.

സ്ഥലപരിമിതിയുടെ കാര്യത്തില്‍ ദേവസ്വം മുന്‍കൈയെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ. ആനക്കോട്ടയുടെ കാര്യത്തില്‍ ഊര്‍ജ്ജിതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം മുന്നിട്ടിറങ്ങിയാല്‍ സഹായഹസ്തങ്ങള്‍ വേറെയും വരും എന്നാണ് മാതംഗകേസരികളുടെ അഭിപ്രായം . പുന്നത്തൂര്‍ കോട്ടയോടു ചേര്‍ന്ന് സ്ഥലമെടുപ്പ് ബുദ്ധിമുട്ടാവുന്ന പക്ഷം അടുത്ത പ്രദേശങ്ങളില്‍ നോക്കാവുന്നതാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പശുക്കളെയെല്ലാം വളാഞ്ചേരിയിലാണ് സംരക്ഷിക്കുന്നത്. അതുമല്ല വ്യത്യസ്ത സ്ഥലങ്ങളില്‍ ആനയെ നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ വെള്ളം, ഭക്ഷണം, എന്നിവ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടെ  59 ആനകള്‍ക്ക്  വെള്ളം സംഭരിക്കുന്നത് രണ്ടായി വിഭജിക്കാവുന്നതാണ്. ഈ രീതിയിലാക്കുന്നത് അഞ്ച് ടണ്‍ മാലിന്യം നശിപ്പിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും. ദേവസ്വങ്ങള്‍ വാണിജ്യസ്ഥാപനങ്ങള്‍ കണക്കെ വരുമാന വര്‍ദ്ധനവ് പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നപോലെ  തോന്നിപ്പോവുകയാണ്. എന്നാല്‍ ആ തിയറി കാണിക്കവഞ്ചിയില്‍ മാത്രം ഉപയോഗിക്കാതെ ഇത്തരം കാര്യങ്ങള്‍ക്കു കൂടി ഉപയോഗിച്ചുകൂടേ ?


ഈ കാര്യങ്ങളിലെല്ലാം ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തുടര്‍ന്നുവരുന്ന സമ്പ്രദായത്തെ നല്ലനിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. പക്ഷേ ദേവസ്വം മുന്‍കൈയെടുക്കണം. ആനപ്രേമികളെ കുറ്റം പറയുന്ന ഒരു കൂട്ടം കപട മൃഗസ്നേഹികളെ കാണാറുണ്ട്. അതു സ്വാഭാവികം. എന്നാല്‍ പട്ട കാണിച്ചുകൊടുക്കുക, വെള്ളമെത്തിച്ചു കൊടുക്കുക തുടങ്ങിയ ചെറിയ ചെറിയ സഹായങ്ങള്‍ക്കേ ആനപ്രേമികള്‍ക്ക് അവകാശമുള്ളൂ. മറ്റുകാര്യങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ആനപ്രേമികള്‍ക്ക് അതൊരു സന്തോഷമാകും. ദേവസ്വം പുന്നത്തൂര്‍ക്കോട്ടയില്‍ കുറച്ചുകൂടി സ്ഥലം വാങ്ങി സൗകര്യം ചെയ്യേണ്ടതാണ്. ആനക്കോട്ടയിലെ പ്രവേശനഫീസ്, ക്യാമാറാഫീസ്, ആനകളില്‍ നിന്നുള്ള വരുമാനം ഇതില്‍ മിച്ചം വരുന്നത് ഉപയോഗിച്ചാല്‍ തന്നെ ധാരാളമാകും. ഏക്കസംഖ്യയില്‍ വര്‍ദ്ധന വരുത്തിയാലും പ്രവേശനഫീസ് കൂട്ടിയാലും ഒരു കൂട്ടം ആനപ്രേമികള്‍ കൂടെയുണ്ടാകും . പുന്നത്തൂര്‍ക്കോട്ട സംരക്ഷിച്ചാല്‍ ഗുരുവായൂരപ്പന്‍റെ അനുഗ്രഹവും. ആനയെ പണത്തിനുവാങ്ങിയും പാട്ടത്തിനെടുത്തും ബുദ്ധിമുട്ടി നോക്കുന്ന അനേകം പേരും ഈ കേരളത്തിലാണുള്ളത്. ഭക്തന്‍ സമര്‍പ്പിച്ച ആനയെ നോക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  ഇതിലും വലിയ നാണക്കേട് ദേവസ്വത്തിന് വേറെയില്ല.

പുന്നത്തൂര്‍ക്കോട്ടയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ ദേവസ്വത്തിനു കൈക്കൊള്ളാന്‍ കഴിയണമേ എന്ന് ഞാനും നിങ്ങളുമടങ്ങുന്ന ഒരുകൂട്ടം ആനപ്രേമികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
ഗുരുവായൂരപ്പന്‍റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട്

ടീം മാതംഗകേസരികള്‍
കൃഷ്ണപ്രസാദ് കുളങ്ങര
ഹരീഷ് ഹരി
അര്‍ജുന്‍ കുളങ്ങര


---000---



No comments: