27 January 2015

ആനപ്രേമികൾക്കായ്ആനകളെ ഉത്സവ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്  നിയമ വിരുദ്ധമാണെന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്താൻ അനുവധിക്കരുത് എന്നുമുള്ള അനിമൽ വെൽഫയർ ബോർഡിന്റെ നിർദ്ദേശം കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ ദേവസ്വം ഭാരവാഹികൾ ആരോപിച്ചു-

    കേരളത്തിലെ ദേവസ്വം ബോർഡുകൾ ഏക മനസ്സാൽ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ.  ദേവസ്വങ്ങളെ കുറ്റപ്പെടുത്തൽ തത്കാലം ഇക്കാര്യത്തിൽ നിർത്തിവെക്കേണ്ടിവരും. ദേവസ്വം ഭാരവാഹികളുടെ കണ്ണ് തുറക്കുന്നതായി നമുക്ക് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികൾ അടങ്ങുന്നു ഒരു മീറ്റിംഗ് കേരള ഫെസ്റ്റിവൽ  കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്രുത്വത്തിൽ തിരുവമ്പാടി കൌസ്തുഭം ഹാളിൽ ആന ഉടമസ്ഥരും, തൊഴിലാളികളുടെ സംസ്ഥാന  കൂടി ആലോചനായോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു. ആയതിനു മാതംഗകേസരികൾ എന്ന ഈ എളിയ ടീമിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

    ഈ യോഗത്തിൽ എല്ലാ ഉത്സവ, ആനപ്രേമികളും, ഉടമസ്ഥരും, ഭാരവാഹികളും, ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, സമര്പ്പിക്കാൻ തീരുമാനിച്ചതായും, എല്ലാ താലുക്ക് അടിസ്ഥാനത്തിലും പ്രതിഷേത പരിപാടികൾ നടത്താൻ തീരുമാനിച്ചതായും അറിയാൻ കഴിഞ്ഞു.

    ഇതുവരെ വായിച്ചതു മാതംഗകേസരികള്‍ക്ക് ലഭിച്ച ഒരു വാര്‍ത്തയുടെ സാരാംശം. 31 തിയ്യതിക്ക് മുന്നേ നിവേദനം സമർപ്പിക്കാൻ തീരുമാനമെടുത്തതിനാൽ സമയക്കുറവ് അനുഭവപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതിനാൽ ആ കമ്മറ്റിയോട് കൂടിച്ചേർന്നു ആവശ്യാനുസരണം സഹായങ്ങൾ ചെയ്തുനൽകാൻ നല്ലവരായ ആനപ്രേമികളോടും ഉത്സവപ്രേമികളോടും മാതംഗകേസരികൾ അപേക്ഷിക്കുന്നു.

കാരണം, ചരിത്രാതീത കാലം മുതൽക്കെ ഉത്സവങ്ങൾ കേരളത്തിൽ നടന്നിരുന്നു. കാലം വളർന്നപ്പോൾ ഉത്സവങ്ങളും വളർന്നു എന്നത് ശെരി തന്നെ. എന്നാൽ ഈ അടുത്തയിടെ ആണ് ആനപ്പൂരങ്ങളോട് വിരോധം നിറഞ്ഞവർ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. അതിൽ ഭൂരിഭാഗവും മൃഗസ്നേഹത്തിന്റെ പേര് പറഞ്ഞു വന്നവരാണ്. ആനകളെ മാത്രം പീഡിപ്പിക്കുന്നതാണ്  അവരുടെയെല്ലാം ഒരേ ഒരു പ്രശ്നം. വേറെ ഒരു ജീവജാലങ്ങളും പീഡിപ്പിക്കപ്പെടുന്നില്ലേ ഇവിടെ? മനുഷ്യൻ വരെ പീഡനം എന്നാ വാക്കിനെ ഭയത്തോടെയാണ് നോക്കിക്കാനുന്നത്. പിന്നല്ലേ ജീവജാലങ്ങൾ! വളരുന്ന കേരളത്തിലെ അത്തരം ആളുകൾ പീഡനം അനുഭവിക്കുന്നതായി കണ്ടത് ആനമാത്രമാണ്. ഇതി ആന പീഡനം ശെരിയാണ്  എന്നല്ല. അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനും സാധ്യമല്ല. ആനകളെ പീഡിപ്പിച്ച വാർത്തകൾ കണ്ടാൽ മാതംഗകേസരികൾ വളരെ വ്യക്തമായി എതിർക്കാറുമുണ്ട്. ഞങ്ങളുടെ മുന്നിലത്തെ പോസ്റ്റുകളിൽ അത് വ്യക്തവുമാണ്.
അമേരിക്ക ലോക ശക്തിയാണ് 
ഗൾഫ്‌ രാജ്യങ്ങൾക്ക് സ്വന്തമായി എണ്ണയുണ്ട് 
റഷ്യ ഏറ്റവും വലിയ രാജ്യമാണ് 
എന്നാൽ 
ഭാരതം സംസ്കാര സമ്പന്നമാണ് 
അതുപോലെ 
കേരളം ഉത്സവങ്ങൾ നിറഞ്ഞതും 
മാറിമറിയുന്ന ഋതുഭേദങ്ങളിലെല്ലാം ഉത്സവങ്ങളിലൂടെ ആഘോഷപൂർവ്വം ജീവിതം നയിക്കുന്നവരാണ്‌ മലയാളികൾ 

ദേവസ്വം ആനകളിൽ പീഡനം അനുഭവിക്കുന്ന ആനകൾ ഉള്ളതായി അറിയില്ല. കൂടിയ ഉത്സവങ്ങളുടെ എണ്ണം കാരണം വിശ്രമസമയങ്ങളിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിരിക്കാം. അതിനു ആനപ്പൂരങ്ങൾ നിര്ത്തലാക്കുകയാണോ ഒരേ ഒരു മാര്ഗം. ഒരു റൂട്ടിൽ ഒരു ബസ്സപകടം സംഭവിച്ചാൽ (സംഭവിക്കാതിരിക്കട്ടെ) അവിടെ ബസ്‌ സർവീസ് നിര്ത്തിവേക്കുകയാണോ ചെയ്യാറ്? സംശയിക്കണ്ട ആനപ്പൂരങ്ങൾ കേരളത്തിനു ഒഴിവാക്കാൻ അകാത്തവയാണ്. അതിനെ നല്ല രീതിയിൽ നിലനിര്ത്തി കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതു എന്ന് നോക്കാം.

ആനകളുടെ ആവശ്യം വർധിപ്പിച്ചാൽ ഉത്സവങ്ങൾ നിര്ത്തുകയോ ഉള്ള ആനകളെ എഴുന്നള്ളിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുകയല്ല പകരം പണ്ടുകാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഒരു നിശ്ച്ചിത എണ്ണമെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാൻ അനുവാദം കൊടുക്കുക. ആവശ്യത്തിനു ആനകൾ കേരളത്തിൽ വന്നാൽ പീഡനം പരമാവധി കുറയ്ക്കാനാകും. സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാവുന്നതാണ്.

ആന പാപ്പാൻ‌ മാരുടെ പരിശീലനം.
ഗുരുവായൂർ ദേവസ്വം ബോർഡിലും, കൊച്ചിൻ ദേവസ്വം ബോർഡിലും പരിശീലനം നടക്കുന്നതിനെ കുറിച്ചു വ്യക്തമായി മാതംഗകേസരികൾക്ക് അറിയാം. ഗുരുവായൂരിലേതു പത്ര വാർത്ത സഹിതം ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞിരുന്നതുമാണ്.

മീനവെയിലിന്റെ ചൂടിൽ, വർണ്ണവിസ്മയങ്ങൾ നിറഞ്ഞ മാമാങ്കങ്ങൾ മനുഷ്യമനസ്സിനെ പുളകമണിയിക്കുന്ന അസുലഭ നിമിഷത്തിൽ,

അടന്തയും, ചെമ്പടന്തയും, ദേവവാദ്യങ്ങളും മാറി മാറി മാറ്റൊലി കൊള്ളിക്കുമ്പോൾ 

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നിന്നും ശൂളം വിളികളുമായി കുഴിമിന്നുകൾ നഗ്നനേത്രങ്ങളിൽ വിസ്മയം തീർക്കുന്ന ആകാശ പുഷ്പ്പങ്ങളായി പരിണമിക്കുമ്പോൾ 

കണ്ണും, കാതും, മണ്ണും, വിണ്ണും, മനുഷ്യമനസ്സും ഒന്നായി വിസ്മയിക്കുമ്പോൾ ഉത്സവനായകരായി അവരും കാണും. ഞാനും, ഞങ്ങളും ഒരു കൂട്ടം "ആന ഭ്രാന്തന്മാരും" കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയ താരങ്ങളും 

-ടീം മാതംഗകേസരികൾ 
---000---ശ്രീരഞജിനി ആർ. എസ്.

Sreerenjini R S

കവിതകൾ

26 January 2015

ബി കെ സുധ, നെടുങ്ങാനൂർ


ബി കെ സുധ, നെടുങ്ങാനൂർ

ആലപ്പാട്ട് എൻ. കരുണാകരൻ പിള്ളഇതൾ കൊഴിഞ്ഞ പൂവ്.. :: ഗോപിക ബി എസ്


http://malayalamasika.blogspot.in/2015/01/blog-post_26.html


അരുണയെന്നൊരു പേരിൽ പുകയുന്നു,
ജീവിതത്തിന്റെ കയ്പും മുരൾച്ചയും.
കണ്ണുനീരുപ്പു തീർക്കുന്ന സാഗര-
ച്ചുഴികളിൽ നീറി നിറയുന്നു നൊമ്പരം.

കൊച്ചു പൂവിൽ തിരളുന്ന ശോഭയിൽ
പാറിയേറെക്കടന്നുപോയ് കാലവും.

തന്റെ പ്രാണനെ താലിച്ചരടിതിൽ
കോർത്തു ജീവിതം തുന്നിത്തുടങ്ങവെ,
ഓമലാളെന്നൊരോമനപ്പേരിലോ
കാമപ്പേയിടിമിന്നലിൻ കാറ്റിലോ
ആകെയാടുന്നു നീ തപ്ത കാലമേ...

നായയെന്നൊരു ചങ്ങല ചാർത്തി, നിൻ
നായകൻ നിന്നെ കൂട്ടിലടച്ചവൻ,
നീറും വ്രണങ്ങളിൽ, മുളകുപ്പു തേച്ചു നിൻ
നീരും നിറങ്ങളുമൂറ്റിക്കുടിച്ചവൻ,
വെട്ടി വീഴ്ത്തും വികാരക്കറകളിൽ
പൊട്ടിയേങ്ങുന്ന പൊന്നരഞ്ഞാണു നീ.

ശവമായ് വിറച്ചു നീ, മരവിച്ചിരിക്കവെ,
ജീവന്റെ കണികകൾ ഇറ്റിറ്റു വീണതിൽ
വീണു കഴിയുന്നു, ഇന്നവൾ ലോകമേ..

നാലു പതിറ്റാണ്ടു കഴിഞ്ഞ നിൻ ഗദ്ഗദം
പുഞ്ചിരിയായ് അവൻ ചുണ്ടിൽ പതിക്കവെ
മാറുന്ന കാലമേ, നീയും മറന്നുവോ
പെറ്റമ്മതൻ മുലപ്പാലിന്റെ സൗരഭം.

ഇല്ലയെന്നാകിലോ, കാമപ്പിശാചിന്റെ
കരൾ വാർന്ന രക്തം കുടിച്ചു രസിക്ക നീ.
അല്ലെങ്കിലീക്കൊച്ചു കൈത്തിരിജ്വാലയിൽ
ഒരുപിടിച്ചാരമായ് നീയും മറഞ്ഞിടും.
ഗോപിക ബി എസ്

ഗോപിക ബി. എസ്.

ഗോപിക ബി എസ്

13 January 2015

സുവർണ ഗാംഗുലി റിപ്പോർട്ട്‌ ഒരു അവലോകനം - പുന്നത്തൂർ കോട്ട, ഗുരുവായൂർ


ഗുരുവായൂര്‍ ദേവസ്വം ഗോകുല്‍

ഭക്തർ  ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും മുഖ്യ വനപാലകർ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഡോ. സുവർണ്ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്ക്കാരിന് കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചു.

   മുകളിൽപ്പറഞ്ഞ വാർത്തയാണ് ഞാൻ ഇപ്പോൾ എഴുതുന്നതിനു ആധാരമായിട്ടുള്ളത്. മാതൃഭൂമി ഓണ്‍ലൈനിൽ നിന്നാണ് ഞാൻ ഇത് വായിക്കാൻ കാരണമായത്‌. ആനകളുടെ ക്ഷേമത്തെ പറ്റി അന്വേഷിക്കാൻ വന്ന കമ്മിറ്റിയുടെ സംക്ഷിപ്ത റിപ്പോർട്ടിൽ കാണാൻ ഇടയായ ചില കാരണങ്ങൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ മാത്രമല്ല ആനയെയും, ഗുരുവായൂർ ദേവസ്വത്തെയും അറിയുന്ന ആരെയും വേദനിപ്പിക്കും.

   അനേക വർഷങ്ങളായി ഗുരുവായൂർ ദേവസ്വത്തിന്റെ ഏറ്റവും വലിയ മുതൽകൂട്ട് എന്തെന്ന് ചോദിച്ചാൽ ആബാലവൃദ്ധം ജെനങ്ങളും ഒന്നിച്ചു അഭിപ്രായം പറയുക, ഇന്ന് ആരെല്ലാമോ ചേർന്ന് നശിപ്പിക്കാൻ ശ്രെമിക്കുന്ന ഈ പുന്നത്തൂർ കോട്ടയുടെ പേരാണ്. 59 ആനകളാൽ സമ്പുഷ്ട്ടമാണ് ഗുരുവായൂരപ്പന്റെ പുന്നത്തൂർ കോട്ട. അതിൽ കുട്ടിആനയായ അവസാനം നടയിരുത്തപ്പെട്ട ഗുരുവായൂർ അയ്യപ്പന കൂട്ടി മുതൽ, ഉത്സവപ്പറമ്പുകളിലെ നായകവേഷങ്ങളായ ഇന്ദ്രസെൻ, നന്ദൻ, വലിയകേശവൻ എന്നിവരും യുവതാര നിരയിലെ സുന്ദരന്മാരായ ശേഷാദ്രി, ദാമോദർ ദാസ്‌, ഗോകുൽ, അനന്തനാരായണനും അതിനെല്ലാം പുറമേ കേരളക്കരയുടെഎല്ലാം ആരാധനാ പാത്രമായ ആനപ്രേമികൾ നിറപറയും, നിലവിളക്കും വച്ചു സാഷ്ട്ടാംഗം തൊട്ടുതൊഴുന്ന കാരണവർ ഗജരെത്നം ഗുരുവായൂർ പദ്മനാഭൻ വരെ ഉൾപ്പെടുന്നു. 59 പേരിൽ ഏതാനും ചിലർ മാത്രമാണിത്. ഇനിയുമുണ്ട് ഗുരുവായൂരപ്പന്റെ ആനത്തറവാട്ടിൽ അന്തേവാസികൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകള ഉള്ളതും ഇവിടെത്തന്നെയാണ് . 'ഗുരുവായൂര് കേശവൻ' ആ പേരുകേൾക്കാത്തവർ ആരും ഉണ്ടാകില്ല. പൂമുഖ ച്ച്ചുവരിൽ തൂക്കിയ പുൽപ്പായയിൽ വരച്ച ചിത്രമായോ, എഴുതപ്പെട്ട കഥകളിലൂടെയോ, ക്യാമറ കണ്ണുകൾ അനശ്വരമാക്കിയ ചലച്ചിത്രത്തിലൂടെയോ, പാഞ്ചജന്യത്തിനുമുന്നിലെ നിശ്ച്ച്ചല രൂപമായോ, നാലമ്പല വാതിലിനു മുകളിലെ ച്ചായാചിത്രമായോ, മുത്തശ്ശി കഥകളിലൂടെ പകര്ന്നു നല്കിയ സവിശേഷ സ്വഭാവത്തിന് ഉടമയായോ എല്ലാവരും അറിഞ്ഞിരിക്കും, മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാത്തവരാനെങ്കിൽ തീര്ച്ച അവർ കേരളീയരല്ല. ഇത്രയും പ്രശസ്തമായ പുന്നത്തൂർ കോട്ട നാമാവശേഷമായി കാണാൻ നമ്മളിൽ ചിലർ ശ്രെമിക്കുന്നു എന്ന് തന്നെ വേണം കരുതാൻ. നമ്മളിൽ ചിലർ എന്നുപറഞ്ഞാൽ ആനപ്രേമികൾ അല്ല അത് തീർച്ച, ഇതെല്ലാം പറയാൻ കാരണം ഡോ. സുവർണ്ണ ഗാംഗുലി അധ്യക്ഷയായി സമര്പ്പിച്ച റിപ്പോർട്ടിലെ ഏതാനും ചില ഭാഗങ്ങളാണ്.

ഈ സമിതിയുടെ റിപ്പോർട്ടിൽ ഗുരുവായൂരിൽ ഗജക്ഷേമമില്ലെന്നും, ഗജപീടനവും,ക്രൂരതയും, നിയമലംഘനവും നടക്കുന്നതായും സമിതി ചൂണ്ടികാട്ടുന്നു. കേരളത്തിലെ ആന വളർത്തൽ എത്ര മാത്രം പഠിച്ചതിനു ശേഷം എടുത്ത തീരുമാനമാണ് ഇതെന്ന് ഞങ്ങള്ക്കറിയില്ല. എല്ലാ മാസവും ആനകൊട്ട സന്ദര്ശിക്കുന്ന ആനപ്രേമികൾ എന്ന നിലയ്ക്ക് ഞങ്ങൾക്ക് പറയാൻ കഴിയും ഗുരുവായൂർ ആണ് ഭേദപ്പെട്ട നിലയിൽ ആനകളെ പരിപാലിക്കുന്നത് എന്ന്. വോടഫോണ്‍ പരസ്യത്തിലെ നായയെ പരിചരിക്കും കണക്കെ ഗജത്തെ പരിച്ചരിക്കാനാവില്ലല്ലോ?

ഇക്കഴിഞ്ഞ 04-01-2015 ഞാന്‍ അവസാനമായി പുന്നത്തൂര്‍ കോട്ടയില്‍ പോയത്. അവിടെ കണ്ട കാഴ്ച്ചകള്‍ ഇപ്രകാരമാണ്. ഒന്‍പതു മണിക്ക് മുന്നേ കോട്ടയ്ക്കുമുന്നില്‍ എത്തി. കൃത്യം 9 മണിക്ക് ട്ടിക്കറ്റ് കൊടുത്ത് തുടങ്ങി. അതിനു ശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. ഏകദേശം മുന്നൂറോളം പേര് കാഴ്ച്ചകാരായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാ ആനകളും വരിവരിയായി വന്നു അവര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങി തറിയിലേക്കു മടങ്ങി പോകുന്നത് കാണാം. അകത്തു കയറുമ്പോള്‍ ആദ്യം കാണാന്‍ സാധിക്കുന്നത് നന്ദന്‍ നീരില്‍ നില്‍ക്കുന്നതാണ്. വലതു വശത്തായി ഉണ്ട ബാലു, അനന്തനാരായണന്‍, മുകുന്ദന്‍, ജൂനിയര്‍ മാധവന്‍കുട്ടി എന്നിവരെ കാണാം. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ മനസ്സില്‍ വച്ചു പോയതിനാലാവം വൃത്തിയെ കുറിച്ചു കൂടുതല്‍ ശ്രദ്ധിച്ചതു. എല്ലാ ആനകളുടെയും തറി വൃത്തിയാക്കല്‍ നടന്നുകൊണ്ടിരിക്കുന്നു.

വൃത്തിയുടെ കാര്യത്തില്‍ ഈ കമ്മിറ്റി പറയുന്നത് പുന്നത്തൂര്‍ കോട്ടയെ സംബദ്ധിച്ച് തീര്‍ത്തും അസംബന്ധമാണ്. എല്ലാ ദിവസവും രണ്ടുതവണ അവിടെ തറി വൃത്തിയാക്കപെടുന്നുണ്ട്. ഗുരുവായൂരപ്പനെ ഭജിക്കുന്നത്തിനു തുല്യമാണ് ആനകോട്ടയിലെ ആനകളെ പരിച്ചരിക്കുന്നത്തു എന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആനപ്പണിക്കാരാണ് ഇന്ന് ആ പുന്നത്തൂര്‍ കോട്ടയുടെ മുതല്‍കൂട്ട്. അവരുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയം തന്നെ.

ആരോഗ്യ പരിപാലനത്തിന്റെ കാര്യം നോക്കാം, ഏകദേശം 10 മണിയോടെ ഡോക്ടര്‍ ആനക്ള്‍ക്കടുത്തുകൂടെ വന്നു. ആ സമയം ഞാന്‍ ഗോകുല്‍ ആനയുടെ അടുത്താണ് ഉണ്ടായിരുന്നത്. വലത്തെ കൊമ്പില്‍ തലോടി സംസാരിച്ച ശേഷം രണ്ടു മരുന്നുകള്‍ ആനക്ക് കൊടുപ്പിച്ചത്തിനു ശേഷമാണ് അവിടെ നിന്നും പോയത്. നീരുകാലത്ത് ആനകളെ പ്രത്ത്യേകം പരിചരിക്കുന്നു. പുന്നത്തൂര്‍ കോട്ടയിലെ സുഘചികിത്സ നമുക്കെലാവര്‍ക്കും അറിയുന്നതാനല്ലോ. പാദ രോഗം വന്ന ആനയെ മാറ്റി നിര്‍ത്തിയാണ് ചികിത്സ നല്കുന്നത്ത്. ചികിത്സയെ സംബന്ധിച്ച രജിസ്റ്റര്‍ ലഭ്യമല്ല എന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതിനേക്കുറിച്ചു അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്കാവില്ല. എങ്കിലും മരുന്ന് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ്  വിശ്വാസം.

ആനപാപ്പാന്‍ മാരുടെ പരിശീലന കാര്യത്തെ കുറിച്ചു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത് എത്ര കണ്ടു സത്യമാണെന്നറിയില്ല. ആനപ്പണിയും പെരുമാറ്റവും  അറിയുന്നവര്‍ തന്നെയാണ് ആനക്കോട്ടയില്‍ എന്നാണ് ഞങ്ങളുടെ വിശ്വാസം. ഗുരുവായൂരപ്പന്‍റെ ആനകള്‍ പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ പ്രശ്നം സൃഷ്റ്റിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. ഇനി സംഭവിച്ചാല്‍ തന്നെ അതൊരു നിത്ത്യ സംഭവവുമല്ല. എപ്പോഴെങ്കിലും നടക്കുന്ന ഒന്നാണ്. അത്തരം സംഭവങ്ങളുടെ ബലത്തിലാണ് ഈ സമിതി പാപ്പാന്മാര്‍ പരിചയസമ്പന്നരല്ല എന്നു പറയുന്നതെങ്കില്‍ അതൊന്നുകൂടി പരിശോധിക്കേണ്ടതാണ് എന്നു മാതംഗകേസരികള്‍ പറയുന്നു. ആനപാപ്പാന്മാര്‍ മൂലം പുന്നത്തൂര്‍ കോട്ടയ്ക്കു ഒരു തരത്തിലും പ്രശ്നങ്ങളോ അപകീര്‍ത്തിയോ സംഭവിക്കുന്നതായി ഞങ്ങള്‍ക്കറിയില്ല. എങ്കിലും എല്ലാമാസവും ആനപാപ്പാന്മാര്‍ക്ക് പരിശീലനം നല്‍കി അവയുടെ റെക്കോര്‍ടുകള്‍ സൂക്ഷിക്കണം എന്ന് ദേവസ്വത്തോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. പ്രഗത്ഭ ആനപാപ്പാനും, ആന ഉടമയും ആയിരുന്ന പാറശ്ശേരി ചാമി എന്ന ആളെ കോട്ടയില്‍ കൊണ്ടുവന്ന് ആനപാപ്പാന്മാര്‍ക്കു പരിശീലനം കൊടുത്തതായും, അന്നത്തെ വിഷയം ആനപ്പുറത്തു കയറുന്നതും ഇറങ്ങുന്നതും എത്രവിധം എന്നാണെന്നും പരിശീലനത്തിനായി 3 ആനകളെ നിരത്തി നിര്‍ത്തിയിരിക്കുന്നതും ചിത്രം സഹിതം വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിരുന്നത് ഞങ്ങള്‍ മറന്നില്ല. നിങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യട്ടെ...
പ്രായമേറിയ ആനകളെ, ആരോഗ്യ സ്ഥിതി മോശമായവയെ എല്ലാം വനം വകുപ്പിന്‍റെ റെസ്ക്യൂ സെന്റരിലേക്ക് മാറ്റണം ഇതാണ് അടുത്ത നിര്‍ദ്ദേശം. വനം വകുപ്പിന്‍റെ കയ്യിലുള്ള ഒരു ആനയെ എങ്കിലും നന്നായി നോക്കുന്നതായി അറിയില്ല. അത്തരം സ്ഥലത്തേക്കാണ് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ പോലയുള്ളവരെ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്ത്. നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എഴുതിയ റിപ്പോര്‍ട്ട് പോലെ തോന്നുന്നു. ഉദാഹരണം ഇനിയുമുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മൂന്നു മാസം നോക്കിയതും, കീര്‍ത്തന കാര്‍ത്തിക്കിനെ ഇപ്പോഴും നോക്കുന്നതും നമ്മള്‍ കണ്ടതല്ലേ....? അതാണ്‌ വനം വകുപ്പിന്‍റെ റെസ്ക്യൂ സെന്റര്‍.

അടുത്തതായി പറയുന്നത് ആനകളെ കൊണ്ടുപോകുന്നതായ വിവരങ്ങള്‍ അപൂര്‍ണ്ണമാണ് എന്നാണ്. ഉത്തരവാദിത്തത്തിന്‍റെ കാര്യത്തില്‍ പെരുകേട്ടവരാണ കേരളത്തിലെ ദേവസ്വങ്ങള്‍. കൃത്യമായ റെക്കോര്‍ഡ് സൂക്ഷിക്കണം എന്നത് ഒഴിഞ്ഞുമാറാനാവാത്ത അവരുടെ ഉത്തരവാദിത്തം ആണ്. അതു പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ തന്നെ ഇന്നത്തെ social media ക്കു വരെ പറയാനാവും ആനകള്‍ ഇവിടെ എന്ന്.

ആനകള്‍ 24 മണിക്കൂറും ചങ്ങലകളില്‍ നില്‍ക്കുന്നു എന്നാണ് മറ്റൊരു ആരോപണം. അതു ശെരിയാണ്. മദപ്പാടുള്ള എല്ലാ ആനകളും 24 മണിക്കൂര്‍ ചങ്ങലയിലാണ്. കാരണം വേറെ നിവിര്‍ത്തിയില്ല. അല്ലാത്ത എല്ലാ ആനകളും കൊട്ടക്കകത്തുകൂടി നടത്താറുണ്ട്‌. കാലിനു സ്വാദീനം കുറവുള്ള ആനകളെ പോലും നടത്തികാറുണ്ട്. കോട്ടയ്ക്കു അകത്തുകൂടി നടത്തുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്തെങ്കിലും കാരങ്ങള്‍ എഴുതി പാരഗ്രാഫ് തികക്കാന്‍ ആണെങ്കില്‍ പോലും സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടാണ്. കാരണം പ്രതിഫലം ഇച്ചിക്കാത്ത ആളുകളാണ് ആനപ്രേമികള്‍.

ദേവസ്വം ആനകളെ ഉത്സവപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് നിര്‍ത്തലാക്കണം എന്നും ആവശ്യപ്പെടുന്നു, അതിന്റെ കാരണം ഇനിയും വ്യക്ത്തമല്ല. ഉത്സവങ്ങളില്‍ ആനകളുടെ എണ്ണം കൂടി വരുകയാണ്. ആനകള്‍ക്ക് വിശ്രമമില്ലാതെ ആവുകയും അതിനേ പീഡനം എന്നു വിളിക്കെണ്ടിവരുന്നതും ആവശ്യത്തിനു ആനകള്‍ ഇല്ലാത്തതിനാലാണ്. ആവശ്യത്തിനു  ആനകള്‍ ഉണ്ടെങ്കില്‍ ആനകള്‍ക്ക് വിശ്രമവും ആകും, പീഡനവും ഇല്ലാതാകും. പുറത്തുനിന്നും ആവശ്യത്തിനു ആനകളെ വരുത്താനുള്ള സംവിധാനമാണ് കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാന്‍ തയാറുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്ത്. അതിനു പകരം ഈ ആനകളെ കൂടി എഴുന്നള്ളിപ്പിക്കരുത് എന്നു പറയുന്നു. അതിനോടൊപ്പം ആനകള്‍ 24 മണിക്കൂര്‍ ചങ്ങലയില്‍ ബന്ധിക്കാന്‍  പാടില്ല എന്നും. എന്തെങ്കിലും ജോലി ചെയ്യിക്കണം പക്ഷെ പുറത്തു ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടില്ല. 59 ആനകള്‍ ഒന്നിച്ചു ഗുരുവായൂരില്‍ എഴുന്നെള്ളിക്കാന്‍ പറ്റില്ല എന്നത് തീര്‍ച്ച.

പുന്നത്തൂര്‍ കോട്ടയില്‍ സി. സി. ടി. വി ക്യാമറകള്‍ അടിയന്തിരമായി സ്ഥാപിക്കണം. അതു നല്ല കാര്യമാണ്. ഞങ്ങളും അതിനോട് യോജിക്കുന്നു. പക്ഷെ പുന്നത്തൂര്‍ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സി, സി, ടി .വി ക്യാമറകള്‍ വക്കണം എന്നു പറയണം.

പുന്നത്തൂര്‍ കോട്ടയിലെ സ്ഥല വിസ്തൃതിയുടെ കാര്യം. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ മാര്‍ഗരേഖയാണ് ഈ തീരുമാനത്തിന് ആസ്പദമായിട്ടുള്ളത് ആനകള്‍ക്ക് 90 ഏക്കര്‍ സ്ഥലം ആവശ്യമാണ്‌ എന്നാണ് പറയുന്നത്. ഏതു മൃഗശാലയിലാണാവോ 59 ആനകള്‍ വരുന്നത്. ഒരു ആന മാത്രമുള്ള മൃഗശാലയുടെ സ്ഥലപരിധിയെ 59 കൊണ്ടു ഗുണിച്ചപ്പോള്‍ കിട്ടിയതാവാം 90 ഏക്കര്‍. കാട്ടിലെ ആനകള്‍ കൂട്ടംകൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്, നാട്ടാനകളുടെ അവസ്ഥ അറിയില്ല.

സ്ഥലപരിമിതിയുടെ കാര്യത്തില്‍ ദേവസ്വം മുന്‍കൈയെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ. ആനക്കോട്ടയുടെ കാര്യത്തില്‍ ഊര്‍ജ്ജിതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം മുന്നിട്ടിറങ്ങിയാല്‍ സഹായഹസ്തങ്ങള്‍ വേറെയും വരും എന്നാണ് മാതംഗകേസരികളുടെ അഭിപ്രായം . പുന്നത്തൂര്‍ കോട്ടയോടു ചേര്‍ന്ന് സ്ഥലമെടുപ്പ് ബുദ്ധിമുട്ടാവുന്ന പക്ഷം അടുത്ത പ്രദേശങ്ങളില്‍ നോക്കാവുന്നതാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പശുക്കളെയെല്ലാം വളാഞ്ചേരിയിലാണ് സംരക്ഷിക്കുന്നത്. അതുമല്ല വ്യത്യസ്ത സ്ഥലങ്ങളില്‍ ആനയെ നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ വെള്ളം, ഭക്ഷണം, എന്നിവ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടെ  59 ആനകള്‍ക്ക്  വെള്ളം സംഭരിക്കുന്നത് രണ്ടായി വിഭജിക്കാവുന്നതാണ്. ഈ രീതിയിലാക്കുന്നത് അഞ്ച് ടണ്‍ മാലിന്യം നശിപ്പിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും. ദേവസ്വങ്ങള്‍ വാണിജ്യസ്ഥാപനങ്ങള്‍ കണക്കെ വരുമാന വര്‍ദ്ധനവ് പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നപോലെ  തോന്നിപ്പോവുകയാണ്. എന്നാല്‍ ആ തിയറി കാണിക്കവഞ്ചിയില്‍ മാത്രം ഉപയോഗിക്കാതെ ഇത്തരം കാര്യങ്ങള്‍ക്കു കൂടി ഉപയോഗിച്ചുകൂടേ ?


ഈ കാര്യങ്ങളിലെല്ലാം ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തുടര്‍ന്നുവരുന്ന സമ്പ്രദായത്തെ നല്ലനിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കും. പക്ഷേ ദേവസ്വം മുന്‍കൈയെടുക്കണം. ആനപ്രേമികളെ കുറ്റം പറയുന്ന ഒരു കൂട്ടം കപട മൃഗസ്നേഹികളെ കാണാറുണ്ട്. അതു സ്വാഭാവികം. എന്നാല്‍ പട്ട കാണിച്ചുകൊടുക്കുക, വെള്ളമെത്തിച്ചു കൊടുക്കുക തുടങ്ങിയ ചെറിയ ചെറിയ സഹായങ്ങള്‍ക്കേ ആനപ്രേമികള്‍ക്ക് അവകാശമുള്ളൂ. മറ്റുകാര്യങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ആനപ്രേമികള്‍ക്ക് അതൊരു സന്തോഷമാകും. ദേവസ്വം പുന്നത്തൂര്‍ക്കോട്ടയില്‍ കുറച്ചുകൂടി സ്ഥലം വാങ്ങി സൗകര്യം ചെയ്യേണ്ടതാണ്. ആനക്കോട്ടയിലെ പ്രവേശനഫീസ്, ക്യാമാറാഫീസ്, ആനകളില്‍ നിന്നുള്ള വരുമാനം ഇതില്‍ മിച്ചം വരുന്നത് ഉപയോഗിച്ചാല്‍ തന്നെ ധാരാളമാകും. ഏക്കസംഖ്യയില്‍ വര്‍ദ്ധന വരുത്തിയാലും പ്രവേശനഫീസ് കൂട്ടിയാലും ഒരു കൂട്ടം ആനപ്രേമികള്‍ കൂടെയുണ്ടാകും . പുന്നത്തൂര്‍ക്കോട്ട സംരക്ഷിച്ചാല്‍ ഗുരുവായൂരപ്പന്‍റെ അനുഗ്രഹവും. ആനയെ പണത്തിനുവാങ്ങിയും പാട്ടത്തിനെടുത്തും ബുദ്ധിമുട്ടി നോക്കുന്ന അനേകം പേരും ഈ കേരളത്തിലാണുള്ളത്. ഭക്തന്‍ സമര്‍പ്പിച്ച ആനയെ നോക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  ഇതിലും വലിയ നാണക്കേട് ദേവസ്വത്തിന് വേറെയില്ല.

പുന്നത്തൂര്‍ക്കോട്ടയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ ദേവസ്വത്തിനു കൈക്കൊള്ളാന്‍ കഴിയണമേ എന്ന് ഞാനും നിങ്ങളുമടങ്ങുന്ന ഒരുകൂട്ടം ആനപ്രേമികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
ഗുരുവായൂരപ്പന്‍റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട്

ടീം മാതംഗകേസരികള്‍
കൃഷ്ണപ്രസാദ് കുളങ്ങര
ഹരീഷ് ഹരി
അര്‍ജുന്‍ കുളങ്ങര


---000---

നിക്ഷേപങ്ങൾക്കു മുതിരുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ       സ്വന്തം സമ്പാദ്യത്തെ ഭദ്രമായി സൂക്ഷിക്കുകയും, സമ്പാദ്യത്തിനുതകുന്ന ഒരു വളർച്ച സമ്പാദ്യത്തിനുമേൽ നേടുകയുമാണ് നിക്ഷേപം എന്നതിലൂടെ നമ്മളെല്ലാം ഉദ്ധേശിക്കുന്നത്. നിക്ഷേപകർ എന്നും കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നവരാണ്.

      നിക്ഷേപത്തിന്റെ വളർച്ചകൾ ഏതുമുതൽ ഏതുവരെ പ്രതീക്ഷിക്കാം എന്ന് നമുക്ക് നോക്കാം. എന്റെ അഭിപ്രായത്തിൽ രൂപപെട്ട തീരുമാനങ്ങളാണ് ഇതെല്ലാം. നാം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ, കാലയളവ്‌ ഇവരണ്ടും അനുസരിച്ചാവണം വളർച്ചയുടെ ശതമാനം ത്തിട്ടപ്പെടുത്തേണ്ടത്. ഒരു സംഖ്യ അഞ്ചു വർഷത്തേക്കു നിക്ഷേപിക്കുമ്പോൾ ആ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള പണപ്പെരുപ്പത്തെയാണ് നാം ആദ്യം ഭയപ്പെടേണ്ടത്. അഞ്ചു വർഷത്തിനുശേഷം നമ്മൾ ഈ പണം പിൻവലിക്കുമ്പോൾ അതിനന്നുയോജ്യമായ മൂല്യം ലഭിക്കുന്നില്ല എന്നത്താണ് പലരുടെയും അഭിപ്രായം. ഈ അഭിപ്രായം ഏറ്റവും കൂടുതൽ കേൾക്കുന്നത് insurance വിഭാഗത്തിലാണ്. അതിനാല്‍ പണപ്പെരുപ്പത്തെ തരണം ചെയ്യാന്‍ ഉതകുന്ന വളര്‍ച്ചാ നിരക്ക് നമ്മള്‍ തിരഞ്ഞെടുക്കണം. ഈ വളര്‍ച്ചാ നിരക്കായിരിക്കണം ഏറ്റവും കുറഞ്ഞതായി തിരഞ്ഞെടുക്കേണ്ടത്. ഇനി കൂടിയത് നോക്കാം 14% മുതല്‍ 16%  വരെയാണ് ഏറ്റവും കൂടിയതായി തിരഞ്ഞെടുക്കാന്‍ പറ്റുന്നത്. അതും അപൂര്‍വമാണ്. ചില സമയങ്ങളില്‍ 60% വരെ വരുമാനം indian stock market ല്‍ നിന്നും ലഭിക്കാം പക്ഷെ അതു സ്ഥിരമല്ല. 16% കൂടുതല്‍ വളര്‍ച്ച ആര് തരാം എന്നു പറഞ്ഞാലും നന്നായി ആലോചിച്ചു മാത്രം തീരുമാനം എടുക്കേണ്ടതാണ്. 60% return എന്നു ഞങ്ങള്‍ പറഞ്ഞതു തന്നെ നിക്ഷേപ സ്വഭാവവും കാലാവധിയും എല്ലാം കണക്കിലെടുത്താണ്.

     നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് risk and return. നിക്ഷേപം എന്ന വാക്കിനോടുകൂടി ഏതൊരു ഭാഗത്തും കാണപ്പെടുന്ന രണ്ടു വാക്കുകളാണവ. വ്യത്യസ്ത സ്വഭാവങ്ങളുള്ളതും പേടിപ്പെടുത്തുകയും അതോടൊപ്പം ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ രണ്ടു വാക്കുകള്‍ എന്നും ഒരുമിച്ചേ കാണാന്‍ സാധിക്കാരുള്ളു.     അതില്‍ ഒരു വാക്കിനെ ഇഷ്ട്ടപ്പെടുന്നതോടൊപ്പം മറ്റൊന്നിനെ പേടിക്കുക കൂടി ചെയ്യുന്നു. അതായത് risk, return ഇവ എന്നും സമാനുപാതത്തിലാണ്. റിസ്ക്‌ കൂടുതലുള്ള നിക്ഷേപ രീതിയില്‍ return  കൂടുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നമുക്കൊരു ഉദാഹരണം നോക്കാം

   bank fixed deposit നടത്തുന്ന ഒരു സാധാരണ വ്യക്തിക്ക് ലഭിക്കാവുന്ന വരുമാനം 8% ആണ്. ഇത് ഒരു പക്ഷെ ബാങ്കിന്‍റെ വ്യത്യാസത്തിനോ നിക്ഷേപത്തിന്‍റെ സ്വഭാവത്തിനോ അനുസരിച്ച് 11% വരെ ലഭിച്ചേക്കാം. ഈ നിക്ഷേപത്തിന് റിസ്ക്‌ വളരെ കുറവാണ്. ഓഹരി നിക്ഷേപത്തിന് ഇത്തരം ഒരു പരിധി ഇല്ല പക്ഷെ നഷ്ട്ടം എന്നതിനെകൂടി ഭയക്കണം. ഓഹരി നിക്ഷേപത്തിനു 16% മുതൽ 60% വരെ റിട്ടേണ്‍ ലഭിച്ച സാഹചര്യങ്ങൾ ഉണ്ട്. പക്ഷെ അതിലെ റിസ്ക്‌ എന്നത് നാം തിരെഞ്ഞെടുക്കുന്ന നിക്ഷേപരീതിയെ ആസ്പദമാക്കിയായ്യിരിക്കും. റിസ്ക്‌ ഏറ്റവും കൂടുതൽ ഉള്ളത് ഈ നിക്ഷേപരീതിയിലാണ് അതിനാൽ തന്നെ റിട്ടേണ്‍ സാധ്യതയും വളരെ അധികമാണ്. റിസ്ക്‌ എടുക്കണമോ വേണ്ടയോ എന്നത് നിക്ഷേപകരിൽ നിക്ഷിപ്തമാണ്.

      സമയത്തിനു വളരെയധികം വില കൽപ്പിക്കണം എന്ന് നമ്മുക്ക് പലരും പറഞ്ഞു തരാറുണ്ട്. അത് ഇവിടെയും ആവര്ത്തിക്കണം. ഇവിടെ സമയം എന്ന് പറയുന്നത് ഗ്രഹനില നോക്കി ജ്യോത്സ്യൻ പറയുന്നതല്ല മറിച്ചു ഒരു നിക്ഷേപത്തിനു അഥവാ ട്രേടിനു ഇറങ്ങുന്നതിനും അതിൽ നിന്നും പിന്മാറുന്നത്തിനും ഉള്ള സമയമായിരിക്കും. യഥാർത്ഥ സമയത്തിനു തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുക എന്നത് ഇത്തരം നിക്ഷേപ രീതിക്ക് ആവശ്യമായ ഒരു അച്ചടക്കമായി കണക്കാക്കാം. ഇതിനെല്ലാം ആദ്യമായി ശ്രെദ്ധിക്കേണ്ടത് ഈ നിക്ഷേപത്തിൽ നിന്നും നമുക്ക് എത്ര ശതമാനം റിട്ടേണ്‍ വേണം എന്നതാന്നു. അതുപോലെ നമുക്ക് എത്ര വരെ നഷ്ട്ടം അഭിമുഖീകരിക്കാം എന്നതും. അത് നിശ്ചയിക്കുന്നത് നമ്മുടെ പണത്തിന്റെ ലഭ്യത, അത്ത്യാവശ്യത്തിനുള്ള പണമാണോ, എത്ര കാലത്തേക്ക് നിക്ഷേപിക്കാനാകും എന്നതിനെ എല്ലാം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.
അത്യാവശ്യത്തിനുള്ള റിസ്ക്‌ കൂടുതലായതിനാൽ വിപണികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്.

      വിപണിയിൽ ഇറങ്ങുന്നത്തിനുമുൻപും പിന്നെയും ഗൃഹപാഠം ചെയാൻ നിക്ഷേപകർ തയ്യാറാവണം. വിശ്വസനീയമായ രീതിയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ നിക്ഷേപകർ സ്വയം പര്യാപ്തരാവുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക ഏതെങ്കിലും പോർട്ട്‌ഫൊലിഒ മാനെജെർ മാരെ എൽപ്പിക്കാവുന്നതാണ്.

    ഒരാളുടെ നഷ്ട്ടമാണ് മറ്റൊരാളുടെ ലാഭം എന്ന സത്യം മനസ്സിലാക്കുന്നത്‌ നല്ലതായിരിക്കും. അതിനാൽ വിപണിയിലെ മുഴുവൻ ലാഭവും നമുക്കുള്ളതാണെന്ന് വിശ്വസിക്കരുത്. അനേകം നാവുകൾ ചൂതാട്ടമെന്നു ഉറക്കെ പറയുന്നതും വരും കാലങ്ങളിൽ അനന്ത സാധ്യതയുള്ള ഈ വിപണികളെ യാണ്. മേൽപ്പറഞ്ഞ ഒരു കാര്യങ്ങൾക്കും തയ്യാറാവാതെ, നിക്ഷേപം നടത്തി ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ഒരിക്കലും വിജയിക്കാനാവാത്ത ചൂതാട്ടം തന്നെയാണിത്‌. ഇന്നത്തെ കാലത്തു വളരെയധികം technical സഹായങ്ങളും, വിവരങ്ങളുടെ ലഭ്യതയും ധാരാളമാണ്. അതെല്ലാം ഉപയോഗിച്ച് കൃത്യനിഷ്ട്ടതയോടെ, തികഞ്ഞ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നവർക്ക് ഇത് വിജയത്തിന്റെ ചൂതാട്ടമായിരിക്കും.

   ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിഫലനങ്ങൾ വിളിച്ചറിയിക്കുന്ന ഈ കണ്ണാടിയിൽ ഓരോ നിക്ഷേപകന്റെയും മുഖം ഭാവനകൾക്കനുയോജ്യമാം വിധം സൌന്ദര്യം നിറഞ്ഞതാകട്ടെ എന്ന് ആശിച്ചുകൊണ്ട്‌ ...... പ്രാർത്തനകളോടെ......... ബിസിനസ്‌ ലോകത്തിലൂടെ ...... മലയാളമാസിക.......  


---000---

11 January 2015

സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍


http://malayalamasika.in/2015/12/blog-post_18.html
കവിത പലതരത്തിലാകാം. പുതിയതും പഴയതുമായ ചുവടുവയ്പുകളെല്ലാം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. പാട്ടാണോ കവിതയാണോ കൂടുതല്‍ ആസ്വാദ്യമെന്നത് വായനയുടെ തലങ്ങളെയും അവബോധത്തെയും ആശ്രയിച്ചിരിക്കും. കവിത ഇഷ്ടപ്പെടുന്നവര്‍ക്ക് പാട്ടും പാട്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് കവിതയും ഒരുപോലെ രുചിക്കാറുണ്ട്. ഈണം എന്നത് ഇന്ദ്രിയങ്ങളെ കീഴടക്കുന്ന സിദ്ധിയാണെന്നുള്ളത് പുതിയ കാര്യമല്ല. മന്ത്രങ്ങളും സൂക്തങ്ങളും സ്‌തോത്രങ്ങളുമെല്ലാം താളാത്മകമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വേഗത്തില്‍ സ്വാധീനിക്കപ്പെടുകയും അവ മനസ്സിനെ കീഴ്‌പ്പെടുത്തുകയും അതിലൂടെ എളുപ്പത്തില്‍ ഒരു ഭാവതലത്തില്‍ എത്തപ്പെടുകയും ചെയ്യുന്നു. വേഗത്തില്‍ കയറിപ്പറ്റാന്‍ ഇടയുള്ള ഗാനങ്ങള്‍ക്ക് കാവ്യഗുണം കൂടിയുണ്ടാകുമ്പോഴുള്ള സ്വാധീനശക്തി ഊഹിക്കാവുന്നതാണ്.
    ഒരു ഭാവത്തെ, അര്‍ത്ഥത്തെ, ആശയത്തെ ഉദ്‌ഘോഷിപ്പിക്കാനോ, ഉദ്യമിപ്പിക്കാനോ വേണ്ടിയാകാം ഒരു ഗാനം/കവിത രചിക്കപ്പെടുന്നത്. എന്തിനാണ് എഴുതുന്നത് എന്ന ആശയം എഴുത്തുകാരന്‍ സ്വയം ചോദിക്കേണ്ടിവരുമ്പോള്‍ അയാള്‍ അയാളോടുതന്നെ നീതിപുലര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. പ്രത്യേക ഉദേശ്യലക്ഷ്യത്തോടെയും അല്ലാതെയും കവിത ജനിക്കാം. വെറുതെ എഴുതുമ്പോഴും എഴുതുന്നയാളുടെ വീക്ഷണം, ദര്‍ശനം സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. വായനക്കാരനെ/ആസ്വാദകനെ മുന്‍നിര്‍ത്തി മാത്രം എപ്പോഴും എഴുതിക്കൊണ്ടിരിക്കുവാന്‍ ഒരു കവിക്കും സാധ്യമല്ല. കവികള്‍ തങ്ങളുടെ കാവ്യദര്‍ശനമെന്ന ദര്‍പ്പണത്തിലൂടെ ലോകത്തെയും കാലത്തെയും കാണുന്നവരാണ്. അവര്‍ ഇന്നലെകളെയും നാളെകളെയും ഒരുപോലെ തിരിച്ചറിയുന്നു. ഇത്തരം തിരിച്ചറിയലുകള്‍ 'ലോകാനുഗ്രഹപരയാം കവിത' എന്ന ആശാന്റെ ആശയത്തിനുമപ്പുറത്ത് 'അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി' എന്ന ദണ്ഡിയുടെ വാക്യത്തിനോളം പഴക്കമുള്ളതാണ്.
    കവിതകൊണ്ട് ഒരു സമൂഹത്തെ, ഒരു ജനപദത്തെ, ഒരു സംസ്‌കാരത്തെ ഉദ്ധരിക്കപ്പെടാമെന്ന യുക്തി പ്രസക്തമാണ്. അത് സ്‌നേഹത്തിലൂടെ, ഭക്തിയിലൂടെ, പ്രപഞ്ചദര്‍ശനത്തിലൂടെയെല്ലാം സാധ്യമാകുന്നു. ഇന്നോളമുണ്ടായിട്ടുള്ള കവിതകളെല്ലാംതന്നെ മേല്‍പ്പറഞ്ഞ വിതാനങ്ങളിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അവയുടെ പ്രസക്തി ഇനിയും മങ്ങിയിട്ടില്ല. മനുഷ്യര്‍ പൊതുവേ എപ്പോഴും ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നവരാണ്. ചില കാലങ്ങളില്‍ ചില വെളിപാടുകളെയും ദര്‍ശനങ്ങളെയും അഭയം തേടുന്നു. ഒന്നു പരാജയപ്പെടുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ മനുഷ്യര്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇത് കാലഗണനയെ മാത്രം ലക്ഷ്യമാക്കിയല്ല; പ്രായവും ഒരുപരിധിവരെ സ്വീകരിക്കപ്പെടുന്നതാണ്.
    ഒരാള്‍ ഇരുപത് വയസ്സിലോ മുപ്പതുവയസ്സിലോ സ്വീകരിക്കുന്ന ദര്‍ശനം നാല്പതുവയസ്സ് കഴിയുമ്പോള്‍ മാറ്റപ്പെടാം. അത് സ്വയം മാറുന്നതിന്റെയും അനുഭവങ്ങളാല്‍ മാറ്റപ്പെടുന്നതിന്റെയും അടയാളപ്പെടലാണ്. അതുകൊണ്ടാണ് മുന്‍കാലങ്ങളിലെ വിപ്ലവകാരികള്‍ പലരും പില്‍ക്കാലത്ത് ദൈവവിശ്വാസികളായും ആദ്ധ്യാത്മികവാദികളുമായി കാണപ്പെടുന്നത്. ഒന്നും അവസാനവാക്കല്ലെന്നും ഒന്നിലും പൂര്‍ണ്ണമായ സത്യസാക്ഷാത്ക്കാരങ്ങള്‍ ലഭിക്കുന്നില്ലെന്നും നാം തിരിച്ചറിയപ്പെടുന്നു. അപ്പോഴും നാം വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. ഇത് പരാശക്തിയെയാകാം, പ്രപഞ്ചശക്തിയെയാകാം, അമ്മദൈവങ്ങളെയാകാം, അഞ്‌ജേയങ്ങളായ സിദ്ധിവിശേഷങ്ങളെയാകാം. വിശ്വാസിയല്ലാത്ത ഒരാള്‍പോലും തന്റെ ജീവിതത്തിലുണ്ടാകുന്ന നിമിത്തങ്ങളെയും തിരിച്ചറിയലുകളെയും തിരിച്ചുവായിക്കുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നേക്കാം. എപ്പോഴും അര്‍പ്പിതമായ മനസ്സ് മനുഷ്യനില്‍ സംജാതമാണെന്നര്‍ത്ഥം. എന്തിനാണ് ക്ഷേത്രത്തില്‍ പോകുന്നതെന്ന ചോദ്യത്തിന് പോകാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് പോകുന്നു എന്നു പറയുന്നവരുണ്ടാകാം. പരമ്പരാഗതമായി പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നു പറയുന്നവരുണ്ടാകാം. പ്രത്യേക പുണ്യബോധസിദ്ധിക്കായി പോകുന്നവരുമുണ്ടാകാം. നിയതമായ അര്‍ത്ഥത്തിലും അവബോധത്തിലുമല്ലാതെതന്നെ ആരാധനാലയങ്ങള്‍ നമ്മെ വശീകരിക്കാറുണ്ട്. അത് അവ നല്‍കുന്ന ഏകാന്തമായ ധ്യാനാവസ്ഥയും പരിമളപൂരിതമായ പരിസരാവസ്ഥയുമെല്ലാം കൂടിച്ചേരുമ്പോഴുള്ള ഭാവതലമാണ്.
    പ്രപഞ്ചശക്തിയെയും പ്രകൃതിയുടെ അത്ഭുതാദരവിനേയും കുറിച്ചുള്ള കാവ്യാവബോധം മലയാളകവിതയില്‍ ഏറെ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരം ചില കവികളെ പ്രത്യേകിച്ചും പൂന്താനത്തെയും പി. കുഞ്ഞിരാമന്‍ നായരെയും പോലുള്ളവരെ ഭക്തകവികളെന്നു നിര്‍വ്വചിക്കപ്പെട്ടു. കടലും കായലും ഭൂപ്രകൃതിയുമെല്ലാം മതിവരാതെ കണ്ടാസ്വദിക്കുന്ന കവികളുടെ മനസ്സ് കടന്നുപോകുന്ന അനന്തവും അഭൗമവുമായ ഒരു സൗന്ദര്യതലമുണ്ട്. 'നീ'യും 'ഞാനും' നമ്മളാകുന്ന, ഭൂമിയാകാശങ്ങള്‍ ഒന്നാകുന്ന, സൂര്യനും സൂര്യകാന്തിയും ഒരുമിക്കുന്ന സരളസ്‌നേഹരസം കവികളില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള പ്രാപഞ്ചികദര്‍ശനമാണ്.
    ശക്തിയുടെ പ്രതീകങ്ങളായ കാറ്റ്, അഗ്നി, ജലം എന്നിവയെല്ലാം ഭാരതീയര്‍ക്ക് ദൈവങ്ങളാണ്. ഇവയെല്ലാം ആരാധനയ്ക്കപ്പുറത്തുള്ള അവബോധമായിമാറാം. പ്രകൃതിയോടുള്ള സ്‌നേഹം, അമ്മയോടുള്ള സ്‌നേഹമായും ആരാധനയായും മാറുന്നു. അമ്മയാണ് സത്യം എന്ന ചൊല്ലുതന്നെ ബോധ്യപ്പെടുന്നത് ദൈവസങ്കല്പത്തെയാണ്. അമ്മദൈവങ്ങളെക്കുറിച്ചുള്ള ആരാധനയാണ് നമ്മുടെ ആരാധനകളില്‍ ഏറ്റവും പഴക്കമുള്ളതും പ്രിയമുള്ളതും. തമിഴകത്തെ കണ്ണകിയും കേരളത്തിലെ ആറ്റുകാലമ്മയും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കരയമ്മയും കൊടിമൂട്ടിലമ്മയും പണിമൂലയമ്മയും തുടങ്ങി എത്രയോ അമ്മദൈവങ്ങള്‍ നമുക്ക് ദേവിമാരായുണ്ട്. പിതൃബോധത്തെക്കാള്‍ മാതൃബോധമാണ് നമ്മുടെ ആരാധനയില്‍ സ്ഥാനമുള്ളതെന്നാണ് ഇവയെല്ലാം സ്ഥാപിക്കപ്പെടുന്നത്. ഇത്തരമൊരമ്മസങ്കല്പം പ്രിയകവി രജി ചന്ദ്രശേഖറിന്റെ 'സ്‌നേഹഗംഗ'യില്‍ ആഴത്തില്‍ കടന്നുവരുന്നുണ്ട്.
    അമ്മയില്ലാതെ എന്തുജീവിതമെന്ന തലത്തിലേക്ക് വളരുന്ന സങ്കല്പബോധമാണ് 'സ്‌നേഹഗംഗ.'
    ''നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-
     നേര്‍വഴിയേകുന്നു നിത്യം''- (നീ മാത്രമാണെൻറെയുള്ളിൽ) എന്ന തരത്തില്‍ ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്ന വാക്യം അന്വര്‍ത്ഥമാക്കുകയാണിവിടെ. താങ്ങും തണലും അമൃതുമായ് അമ്മ അലിവായി നിറയുന്ന സാര്‍വ്വലൗകികത്വം ഇവിടെ ആവിഷ്‌കൃതമാകുന്നു. 'അമ്മയല്ലാതൊരു ദൈവമില്ല' എന്ന നിയതമായ താത്ത്വികസന്ദേശമാണ് തുടര്‍ന്നുള്ള അമ്മസങ്കല്പത്തിലധിഷ്ഠിതമായ കവിതകളിലെല്ലാം കടന്നുവരുന്നത്. മാതൃബോധവും ഭ്രാതൃബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന സമൂഹത്തിന് ഉന്മേഷവും ഉത്തേജനവും പകരുന്നതോടൊപ്പം അമ്മയെത്തേടാനും തിരിച്ചറിയാനും ഉപകരിക്കുന്നതാണ് ഈ കവിതകള്‍.
    അമ്മസങ്കല്പം പോലെതന്നെ സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും ഈ കവി കലവറയില്ലാതെ സ്‌നേഹം പകരുന്നതുകാണാം. 'സ്‌നേഹഗംഗ' എന്ന പ്രയോഗം തന്നെ പുതുമയുള്ളതാണ്. സ്‌നേഹത്തെ ഗംഗയാക്കിത്തീര്‍ത്താല്‍ തീരുന്നതാണ് മനുഷ്യലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം. സര്‍വ്വ അന്തരങ്ങളും മറന്ന് സ്‌നേഹിക്കണമെന്നും മുള്ളുപോലുള്ള വാക്കിനും നോക്കിനും മുനയൊടിക്കണമെന്നും ആഹ്വാനം ചെയ്യുന്ന 'സ്‌നേഹഗംഗ' സൗഹൃദത്തിന്റെ സ്‌നേഹഗംഗ സൃഷ്ടിക്കുന്നതിനെപ്പറ്റിയും അതില്‍ മുങ്ങിക്കുളിക്കുന്നതിനെക്കുറിച്ചും ആരായുന്നു. വിദ്വേഷവും കാലുഷ്യവും സ്പര്‍ദ്ധയും നിറഞ്ഞുകവിഞ്ഞ ആധുനികാന്തരീക്ഷത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിക്കേണ്ടവയാണ് സ്‌നേഹഗംഗയിലെ വരികള്‍. ഗുളികപോലെ, ലേഹ്യം പോലെ ഗുണവും വീര്യവുമാര്‍ന്നതാണ് ഇതിലെ മിക്കവരികളും. ഇത് ഭക്തിയുടെ നിറസാന്നിദ്ധ്യമാണ്. ഇതില്‍ മതബോധമല്ല സ്‌നേഹബോധമാണ് പ്രധാനം. സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ഭക്തിയുടെ അപദാനങ്ങളെയാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്.
    ''നീയകത്തുദിക്കെയേതു.......പുണ്യഭാവഭാവുകം.'' (നീയകത്തുദിക്കെ)
     കാവ്യമര്‍മ്മജ്ഞതയുടെ ആത്മാവുതൊട്ടറിഞ്ഞ ആരംഭശ്ലോകമാണിത്. സ്‌നേഹഗംഗയില്‍ തുടര്‍ന്നാവിഷ്‌കരിക്കുന്ന കവിതകളുടെയെല്ലാം സത്ത ഊറ്റിയെടുക്കപ്പെട്ടതാണ് ഈ വരികള്‍. ഒരു വെറും പാട്ടെഴുത്തുകാരന് എഴുതാന്‍ കഴിയുന്നതല്ല ഇത്. മറിച്ച് കവിതയുടെ ഹൃദയം പേറുന്ന സംയമിയായ ഒരാള്‍ക്ക് മാത്രം കുറിക്കാന്‍ കഴിയുന്നതാണ്.
    ''നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
     നീയെന്റെ സ്‌നേഹമാണല്ലോ
     നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
     നിയെന്റെ പ്രാണനാണല്ലോ.''  (നീ മാത്രമാണെൻറെയുള്ളിൽ)
      നിയതിയുടെ നിര്‍ണ്ണയിക്കപ്പെടാത്ത നിയമങ്ങളും വ്യാഖ്യാനിക്കാന്‍ കഴിയാത്ത വിക്ഷോഭങ്ങളും ഈ വരികളില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്ന അജ്ഞാതമായ ശക്തിയെ കവി ഇവിടെ സ്‌നേഹമായും പ്രാണനായും വിവക്ഷിക്കുന്നു.
     ഏതു മനുഷ്യനും എത്തപ്പെടുന്നത് ഒരേ സ്ഥലത്താണെന്ന തിരിച്ചറിവ് എപ്പോഴും എല്ലാവരിലും ഉണ്ടാകണമെന്നില്ല. മറന്നുപോയ ജീവസത്യങ്ങളെ തിരിച്ചറിയുകയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്നത് കവിതയുടെ കടമയും രാഷ്ട്രീയവുമാണ്. ഓര്‍മ്മകളിലൂടെയും ഉന്മാദങ്ങളിലൂടെയും ഉണര്‍വ്വുകളിലൂടെയും കവിത പൂത്തുലയാറുണ്ട്. അങ്ങനെ കവിത കരുതിവയ്ക്കുന്ന ഗന്ധം കാലങ്ങള്‍ക്ക് പിന്നിലേയ്ക്കും കാലത്തിനുപ്പുറത്തേയ്ക്കും വ്യാപിക്കാറുണ്ട്. അത് തണുപ്പായും ശാന്തമായും വിന്യസിക്കപ്പെടാം.
    ''അമ്മേ, കരള്‍ക്കാമ്പു കത്തുന്നു, നെഞ്ചത്തൊ-
    രമ്മിക്കനം, കാലവേതാളനര്‍ത്തനം.
    നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പി-
    ലമ്മഹാതാളം തണുക്കട്ടെ ശാന്തമായ്''- എന്നെഴുതിയവസാനിപ്പിക്കുന്ന 'തണുക്കട്ടെ ശാന്തമായ് ' - മതാതീതമായ ആത്മബോധത്തിന്റെ അനിവാര്യമായ സാക്ഷ്യമാണ്.  ഇത് ഭാരതീയമായ ജീവദര്‍ശനത്തിന്റെ ശരിപ്പകര്‍പ്പാണ്. ശാന്തിയാണ് എല്ലാത്തിനും അടിത്തറയെന്ന ശക്തി മഹാഭാരതാന്ത്യത്തില്‍ വ്യാസമഹാകവി കാട്ടിത്തരുന്നുണ്ട്. അതേറ്റുവാങ്ങുന്ന ആന്തരികനിര്‍വൃതി അനന്തമായ സായൂജ്യത്തിന്റെയും അവ്യാഖ്യേയമായ അറിവിന്റെയും ആകെത്തുകയാണ്. അത്തരമൊരു വിശാലമായ സമാധാനത്തിന്റെ ആകാശം വിടര്‍ത്തുകയാണ് കവി ഈ കവിതയില്‍.
    സ്വയംബോധത്തിന്റെ വെണ്മ മനസ്സിലാക്കിയവനു മാത്രമേ അഹംഭാവരഹിതമായ സ്‌നേഹജീവിതം തുടരാനാകൂ. ജീവിതത്തിന്റെ കരുതല്‍ സ്വയമറിയലാണെന്ന് കവി വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.  ഓര്‍മ്മകള്‍ ഓര്‍ക്കപ്പെടാനുള്ളതുമാത്രമല്ല; ഓര്‍ക്കാതിരിക്കാനുള്ളതുകൂടിയാണ്. എന്നാലിവിടെ എല്ലാ ഓര്‍മ്മകളെയും എല്ലാ വിസ്മൃതികളെയും നിയന്ത്രിക്കുന്നത് പരമമായ ശക്തിയാണെന്നും ആ ശക്തിക്ക് നാമരൂപങ്ങളില്ലെന്നും ജാതിമതവേഷങ്ങളില്ലെന്നും വെളിവാക്കുന്നു. അത്തരമൊരു പ്രപഞ്ചബോധമാണ് രജി ചന്ദ്രശേഖറിന്റെ ദൈവബോധം. അതുതന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും വ്യത്യാസവും.
    ദേശഭക്തി ദൈവഭക്തിപോലെ സ്വയംഭൂവാകേണ്ടുന്നതാണ്. അത് ആര്‍ക്കും ആരിലും കുത്തിവയ്ക്കാന്‍ കഴിയുന്ന മരുന്നല്ല. എന്നാല്‍ ദേശസംസ്‌കാരവും മാതൃബോധവും ഉല്പാദിപ്പിക്കുന്ന മറുമരുന്നായി അവ കുട്ടികളില്‍ നിലയുറയ്ക്കപ്പെടണം. സംസ്‌കാരത്തിന്റെ സത്ത സ്വത്വത്തിന്റെ വികാസത്തില്‍ ചെലുത്തുന്ന സ്ഥാനത്തെക്കുറിച്ച് പഴമക്കാരും പണ്ഡിതന്മാരും ഒരുപോലെ പരാമര്‍ശിച്ചിട്ടുണ്ട്. ഏതു ചെടിയുടെ വളര്‍ച്ചയിലും നല്ല വെളിച്ചവും വെള്ളവും നല്‍കുന്ന സ്ഥാനമാണ് ഇത്തരം ബോധം കുട്ടികളിലും ചെലുത്തുന്നത്.
    കേട്ടുവളര്‍ന്ന പഴമകളെയും കണ്ടുവളര്‍ന്ന ദേശബോധത്തെയും തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കവിതകള്‍ ഇതിലുണ്ട്. മാതൃരാജ്യത്തിനായി പൊരുതിയ ധീരമനസ്സുകളെ ഉചിതമായി അനുസ്മരിക്കുന്നു. ഒപ്പം എന്താണു സത്യം, നീതി, ധര്‍മ്മം എന്ന പുനര്‍വിചാരത്തിനു തിരിതെളിക്കുന്നു. ഉണര്‍വ്വിന്റെ പുതുവഴികളിലേക്കും വെളിച്ചത്തിന്റെ അനന്തവിഹായസ്സിലേക്കും അത് കൈയ്യുയര്‍ത്തുന്നു.
     ''സമയമായുറക്കമേ അകലെപ്പോയ് മറയുക
     സമരത്തിന്‍ പെരുമ്പറ മുഴക്കീടുക''- (പെരുമ്പറ)എന്ന രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ സമരബോധം അനിവാര്യമാണെന്ന തിരിച്ചറിവ് നല്‍കുക കൂടി ചെയ്യുന്നു.
      ''ശങ്കയേവേണ്ട പോവുക ധീര -
     മങ്കം വെട്ടി മുന്നേറുക''- എന്ന ആഹ്വാനം നടത്തുന്ന 'മുന്നേറുക' എന്ന കവിതയിലും ഇതുപോലെ തന്നെ ഭാവിസൂചകമായ പ്രതീക്ഷയാണ് കവി ഉയര്‍ത്തിപ്പിടിക്കുന്നത്. തുടര്‍ന്ന് 'മരണം വരേയ്ക്കും' എന്ന കവിതയില്‍ ഉജ്ജ്വലാദര്‍ശജീവിതം പടുത്തുയര്‍ത്തുവാന്‍ സ്വയമെരിഞ്ഞുതീരുന്ന സൂര്യനെപ്പോലെയാകണമെന്നും ഉദ്‌ഘോഷിക്കുന്നു.  ഉപദേശാത്മകമായ കവിതകളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു ബോധ്യപ്പെടുത്തുന്ന ഇത്തരം വരികള്‍ ഒരു തികഞ്ഞ വിപ്ലവകാരിയുടെതല്ലെന്നറിയാം. എന്നാല്‍ എന്താണ് അനിവാര്യമായ പുരോഗതിയെന്ന ചിന്തയാണ് ഈ വരികളിലൂടെയെല്ലാം കവി പറയാതെ പറയുന്നതെന്നും ആസ്വാദകര്‍ തിരിച്ചറിയുന്നുണ്ട്.
    നമ്മുടെ ഇതിഹാസ-പുരാണങ്ങളിലെ വീരനായകന്മാരുടെ അപദാനങ്ങളെ കോര്‍ത്തുകെട്ടുന്ന 'ഭാരതമലര്‍വാടി' കവിയുടെ ആദര്‍ശോജ്ജ്വലമായ വിശ്വാസബോധത്തിന്റെ പ്രതീകം കൂടിയാണ്. ശ്രീകൃഷ്ണനും ശ്രീരാമനും ധ്രുവനുമെല്ലാം അങ്ങനെ സചേതനബിംബങ്ങളായി കവിതയില്‍ ജീവിക്കുന്നു. ഇത് സംസ്‌കാരത്തിന്റെ, ജീവിതവീക്ഷണത്തിന്റെ ഭാഗമാണെന്നും ഉറപ്പിക്കപ്പെടുന്നു.
    പാവനമായ പൊന്‍പതാകയ്ക്കായി ജീവിതമാകെ അര്‍പ്പിച്ച മഹാത്മജിയെ അവതരിപ്പിക്കുന്ന 'രാഷ്ടട്രനായകാ' എന്ന കവിത വളരെക്കുറച്ചു വാക്കുകള്‍ കൊണ്ട് ഗാന്ധിജി എന്ത്? എങ്ങനെ? എന്ന വാങ്മയചിത്രം വരച്ചിടുന്നു. ഗാന്ധിജിയെക്കുറിച്ചും ഭഗത് സിങിനെക്കുറിച്ചുമെല്ലാം എത്ര പറഞ്ഞാലും മതിവരാത്ത ഈ കവിക്ക്
    'വെളിച്ചം ദുഃഖമെന്നരുളുവോര്‍ക്കായി
    വെളിച്ചത്തെയെന്നും ഭയക്കുവോര്‍ക്കായി'- പകരം പുതിയൊരു തിരി കൊളുത്തുക (ഇനി)എന്ന ഓര്‍മ്മപ്പെടുത്തലാണ് വീണ്ടും വീണ്ടും നല്‍കാനുള്ളത്. ഇതുതന്നെയാണ് എക്കാലത്തെയും ഉത്തമമായ കവികര്‍മ്മമെന്ന നിനവും ഇവിടെ യാഥാര്‍ത്ഥ്യമാവുന്നു.
    സ്‌നേഹഗംഗയിലെ കവിതകള്‍ ആര്‍ക്കുവേണ്ടി എഴുതിയതെന്ന് പറയാന്‍ പ്രത്യേകിച്ച് കഴിയില്ല. എന്നാല്‍ എല്ലാത്തരത്തിലുള്ളവര്‍ക്കും വേണ്ടിയുണ്ടായവയാണ് ഈ കവിതകളെന്നു തോന്നാം. 'രാഷ്ട്രപുനര്‍നിമ്മിതിക്കായി എന്മാനസമുണരട്ടേ'എന്നു പ്രത്യാശിക്കുന്ന കവിമനസ്സിന് എന്തുമാത്രം ദേശഭക്തിയുണ്ടെന്നു ചിന്തിക്കാവുന്നതാണ്. പക്ഷേ, അത് സ്വന്തം മനസ്സിനോടുമാത്രമല്ല കവി പറയുന്നതെന്നും അടുത്തനിമിഷം നാം തിരിച്ചറിയുന്നു. എല്ലാത്തരം ഭക്തിയും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്നതാണെന്നും സ്‌നേഹം  പരസ്പരാശ്രിതത്വം പ്രദാനം ചെയ്യുന്ന വികാരമാണെന്നും കവി അടിവരയിടുന്നു.
    ''സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം,
     സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.''
    *   *    *   *   *   *   *   *  *
    ''സ്‌നേഹിക്കയുണ്ണി നീ നിന്നെ
     ദ്രോഹിക്കുന്ന ജനത്തെയും'' - തുടങ്ങിയ കവിവാക്യങ്ങളുടെ തുടര്‍ച്ചയായി സ്‌നേഹഗംഗയെ സ്വീകരിക്കാം.
    ചൊല്ലിപ്പഠിക്കാനും ചൊല്ലിരസിക്കാനും ഏവര്‍ക്കും കഴിയുന്ന സ്‌നേഹഗംഗയിലെ കവിതകള്‍ സൂക്ഷ്മമായ വായനയില്‍ വൃത്തനിബദ്ധമാണെന്നു തിരിച്ചറിയാം. നതോന്നതയും തരംഗിണിയും മഞ്ജരിയുംതൊട്ട് മലയാളമൊഴിവഴക്കങ്ങളുടെയും ചൊല്‍ശീലുകളുടെയും വകഭേദങ്ങള്‍ വളരെയേറെ ഉള്‍വടിവോടെ, അയത്‌നലളിതമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ കവിത രൂപപ്പെടുന്നുവെന്നും രൂപപ്പെടുത്താമെന്നുമുള്ള ബോധം 'സ്‌നേഹഗംഗ' - യുടെ ശക്തിയായി മാറുന്നു. വായനയുടെ സ്വച്ഛന്ദതയ്ക്ക് ആക്കം കൂട്ടുന്ന ഇതിലെ ഈരടികള്‍ ആരെയും ആര്‍ദ്രമാക്കും; ഒപ്പം ഉണര്‍ത്തുകയും ചെയ്യുമെന്നുള്ളതില്‍ സംശയമില്ല.

05 January 2015

പലവുരു ഞാനതു മനസ്സിലോർത്തെങ്കിലും...


പലവുരു ഞാനതു മനസ്സിലോർത്തെങ്കിലും
ഇതുവരെയാരോടും പറഞ്ഞതില്ല

ഇനിയും പറയുവാൻ വൈകിയെന്നാകിലോ
പിന്നെ പറഞ്ഞതിൽ കാര്യമില്ല

പറയുവാൻ തുനിയുമ്പോൾ ഓർമ്മയിൽ വരുന്നത്
പലനിറമാർന്നുള്ള വദനങ്ങളും

ഓർമ്മവരുന്നാ മുഖങ്ങളെ ഓർക്കുമ്പോൾ
പേടിയോ, നാണമോ, പുച്ഛമോ അറിയില്ല

പേടിതോന്നുന്നോരാ മുഖങ്ങളെന്നെന്നും
ഞാനാരാധിച്ചീടുന്നവയായിരുന്നു

ഗുരുവോ, പിതാവോ, ദൈവമോ ആയിടാം
പേടിപ്പെടുത്തുന്ന ആ മുഖങ്ങൾ

കൂടെക്കളിച്ചവർ അറിയുന്ന നേരത്ത്
നാണവും എന്നിൽ പ്രതിഫലിക്കാം

നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും
കളിയാക്കലാണവരുടെ അംഗീകാരം

പുച്ഛത്തെയോർക്കുമ്പോളാണല്ലോ കഷ്ടം
എന്നിലും ദേഷ്യം ജ്വലിച്ചിടുന്നു

കാലാകാലങ്ങളായ് കൊണ്ടുനടന്നത്
തട്ടിത്തെറിപ്പിച്ച ദേഷ്യമാവാം

തട്ടിയുടച്ചു വാർക്കുന്ന ഈ സംസ്കാരം
ആരുപകർന്നു കൊടുത്തതാവോ

നൂഡിൽസും വന്നു വെയ്റ്റ് ലെസ്സും വന്നു
വകതിരിവെന്നതു പോയിടുമ്പോൾ

ആശയ്ക്കനുസൃതം ആശയങ്ങൾ മാറി
മാറ്റത്തിൻ തീഷ്ണമാം കാലക്കെടുതിയിൽ

തീപ്പൊരിത്തുമ്പിനാൽ അണയുന്ന പാറ്റപോ-
ലാവുന്നു മാറ്റത്തിൻ ഉച്ചസ്വരങ്ങളും

ഇനിയും പറയുവാനറച്ചു നിന്നെങ്കിലോ
നഷ്ടപ്പെടുന്നതീ ദൈവഭൂമി

ആവില്ല കഴിയില്ല നഷ്ടപ്പെടുത്തുവാൻ
ഞാനാരാധിക്കുന്നയീ സംസ്കൃതിയെ

വാശിവൈരാഗ്യങ്ങൾ വ്യവഹാര കൂടുകളിൽ
പച്ചയാം ജീവിതം നിശ്ചലം വഴിവക്കിൽ

പ്രതികാര ശബ്ദങ്ങൾ മാറ്റൊലികൊള്ളിക്കും
തൂവെള്ള കടലാസിൽ അലയടിക്കും

അലയടിക്കുന്ന ആ ശബ്ദങ്ങളൊന്നിച്ചു
ഭേദിക്കും മനസ്സിന്റെ ചിത്രത്താഴ്‌

മാറ്റത്തിനായി ഓടി ക്കിതച്ചവർ
ഭാരത സംസ്കൃതി തേടിയെത്തും---000---