Shornnur Jn. to Trivandrum Central

Views:
Solve Your Financial Problems... Follow These 10 Steps.. Click Here.
     

         ശ്രീ പത്മനാഭദാസരാൽ രാജ്യഭരണം നടന്നിരുന്ന തിരുവിതാംകൂറിൽ എത്തിയിട്ട് ഏകദേശം എട്ടുമാസങ്ങൾ പിന്നിട്ടിരിക്കുന്നു. അറിയുന്തോറും അത്ഭുതങ്ങൾ തരുന്ന സാക്ഷാൽ പത്മനാഭ ഭഗവാന്റെ മണ്ണ്. 

      മാസത്തിൽ എല്ലാ ആഴ്ചകളിലും തിരുവനന്തപുരത്തുനിന്നും പാലക്കാട്ടെ വീട്ടിൽ വന്നു പോവുക. ആദ്യമെല്ലാം അതു നിർബന്ധമായിരുന്നു. ഞാൻ പരിചയിച്ച ഭാഷയും ഇടപഴകിയ മുഖങ്ങളും സ്വൽപ്പമൊന്നു വിഭിന്നമായതിന്റെ ആഘാതമാവം കാരണം. കൂട്ടിനു യാത്രകൾ ഇഷ്ടമാണെന്ന അഹങ്കാരവും. അത്തരം ഒരു മടങ്ങിവരവാണിതും. 

     എന്നും യാത്ര ചെയ്തിരുന്ന അമൃത എക്സ്പ്രസ്സിനു പകരം ഇപ്രാവശ്യം ജനശതാബ്ദി പിടിച്ചു. ടിക്കറ്റും നേരത്തെ തന്നെ എടുത്തിരുന്നു. 3.20 നു ഷൊർണൂർ നിന്നാണു വണ്ടി. റെയിൽവേയുടെ വികൃതികൾഎന്നു ജനം എടുത്താക്ഷേപിക്കുന്ന ചില കാരണങ്ങൾ ഒഴിച്ചാൽ തീവണ്ടി യാത്രയാണു കൂടുതൽ സുഖം.

     കേരളത്തിലെ ബിസിനെസ്സുകാരെ എനിക്കു പരിചയപ്പെടുത്തിത്തന്ന ധനം മാഗസിനുമായി വണ്ടിയിൽ ഇരുപ്പുറപ്പിച്ചു. ജനാലയ്ക്കരികിലെ സീറ്റാണ്. സ്റ്റേഷനിലെ തിരക്കു നന്നേ കുറഞ്ഞിരിക്കുന്നു. എല്ലാവരും ജനശതാബ്ദിക്കുതന്നെ. വിജനമായ പ്ലാറ്റ്ഫോമിൽ ഹിന്ദിക്കാരിയെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഇരുന്നു പാട്ടുകേൾക്കുന്നു. കാലിനുമുകളിൽ കാൽകയറ്റിവച്ചുള്ള ഇരുത്തം കണ്ടാൽ ഒരു തറവാട്ടമ്മയുടെ മട്ടും ഭാവവും തോന്നിക്കും.

     ട്രെയിൻ ഭാരതപ്പുഴയുടെ മുകളിലൂടെ ഇരമ്പി നീങ്ങുന്നു. ആഢ്യസംസ്കാരവും ഭാഷയും എന്നും നിലനിർത്താൻ വെമ്പൽ കൊള്ളുന്ന വള്ളുവനാടിന്റെ തിലകച്ചാർത്താണ് ഭാരതപ്പുഴ. പാലം കഴിയുന്നിടത്ത് കലാമണ്ഡലത്തിന്റെ തുടക്കമാവും. കലയെ ഉപാസനയായിക്കണ്ട് ആരാധിച്ച ലോകപ്രശസ്തരായ കലാകാരന്മാർ പലരും അഭ്യസിച്ചത്‌ ഇവിടെ നിന്നാണ്.

     സമയം ചിലവഴിക്കാനായി ധനം മാഗസീൻ വായിക്കാൻ തുടങ്ങി. ടിക്കറ്റ്‌ ബുക്കുചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ജനാലക്കരുകിലെ സീറ്റാവാനാണ് എന്നിരുന്നാലും ഇത്തവണ പുറത്തേക്കുനോക്കാൻ തോന്നുന്നില്ല. അത്രയ്ക്കു ചൂടുണ്ട്. എങ്ങിനെയെങ്കിലും തിരുവനന്തപുരം എത്തിയാൽ മതിയായിരുന്നു. ഒരു സുഹൃത്തിന്റെ കല്യാണമാണ്. എട്ടുമാസത്തിൽ ഇത്ര വലിയ സുഹൃത്തുക്കളോ എന്നുവിചാരിക്കേണ്ട, കലാപരമായ കഴിവുകൾ ആവോളം സിദ്ധിച്ച ഒരുകൂട്ടം സജ്ജനങ്ങൾ.

     ധനത്തിന്റെ കവർ സ്റ്റോറി ഈ പ്രാവശ്യം സമ്പത്തിന്റെ നല്ലൊരുഭാഗം പുതിയ അദ്ധ്യായം തുടങ്ങുന്നതിനു മാറ്റിവച്ച ഒരു കൂട്ടം നല്ലമനസ്സുള്ള ബിസിനസ്സുകാരെകുറിച്ചാണ്. ടാറ്റ ഗ്രൂപ്പിൽ നിന്നും ആരെങ്കിലും ഉണ്ടാവണമേ എന്നു ഞാൻ ആശിച്ചു. ടാറ്റ എന്റെ കമ്പനി ആയതുകൊണ്ടൊന്നുമല്ല. ഞാൻ ഇഷ്ടപ്പെടുന്ന കമ്പനികളിൽ ഒന്നാമത്തേത് ടാറ്റ ആയതുകൊണ്ടു മാത്രമാണ്. ആശിച്ചതുപോലത്തന്നെ സംഭവിച്ചു. ടാറ്റ ഗ്രൂപ്പിൽ നിന്നും രണ്ടുപേരുണ്ട്. രത്തൻ ടാറ്റയും, സൈറസ് മിസ്റ്റ്രിയും. ഒരുപാട് സംരംഭകർ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രശംസനീയമായ പല കാര്യങ്ങളും ചെയ്തതായി അതിൽ കാണുന്നു. 

     എന്നാലും പൊതുജനം എന്ന മഹാശക്തിയെ തെറ്റിദ്ധരിപ്പിക്കുവാൻ ചിലർ സ്വകാര്യ കമ്പനികളെ തള്ളിയേ സംസാരിക്കുന്നതു കണ്ടിട്ടുള്ളു. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഒരു ബിസ്നസ് വിജയത്തിലെത്തിക്കുന്നത്. വിജയത്തിലെത്തിയാൽ നമ്മുടെ ജനതയിൽ കുറച്ചു പേരെങ്കിലും  കമ്പനികളെ കുത്തക ഭീമന്മാർ എന്നൊക്കെയാണു വിളിക്കുന്നത്‌. എന്നാൽ കമ്പനി വിജയിച്ചില്ലെങ്കിലോ അത്തരം സംരംഭകർ ജീവിതത്തിന്റെ നല്ലൊരു പങ്കും നഷ്ടപ്പെട്ട് കടക്കാരായി മാറുന്നു. അതോർത്തു വ്യസനിക്കാൻ ഇത്തരം ജനങ്ങൾ തയ്യാറാവുന്നുണ്ടോയെന്നു അന്വേഷിക്കേണ്ട കാര്യമാണ്. ഇല്ല എന്നതാണ് എന്റെ വ്യക്തമായ ധാരണയും. ഉയർന്നുവന്ന പല സംരംഭകരുടെയും കഥകൾ അതു വ്യക്തമാക്കി തരുന്നു. 

     എന്തിനധികം പറയുന്നു കേരളത്തിന്റെ സ്വന്തം നാട്ടിൽ നിന്നുമുണ്ടല്ലോ ഉദാഹരണങ്ങൾ, വി - ഗാർഡ് ഉടമ കൊച്ചൌസേപ് ചിറ്റിലപ്പള്ളി സർ, സ്വന്തം അവയവങ്ങൾ വരെ ദാനമായി നൽകാൻ സന്മനസ്സുകാണിച്ച സംരംഭകൻ. സമൂഹത്തിൽ നടക്കുന്ന ഒരു സമരത്തെ എതിർത്ത ഒരു സ്ത്രീയെ, പ്രശംസിച്ചു അല്ലെങ്കിൽ അഭിനന്ദിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റായി പലരും കാണുന്നത്. ചരിത്രത്തിൽ നല്ലതിനുവേണ്ടിമാത്രമേ സമരങ്ങൾ നടത്തേണ്ടിവന്നിട്ടുള്ളു. അവയെല്ലാം വിജയിക്കാൻ കാരണം ആ സമരങ്ങളുടെ ശബ്ദങ്ങൾക്ക്‌ ജനജീവിതത്തിന്റെ ആവശ്യങ്ങളുടെ സ്വരമായിരുന്നു. എന്നാൽ ഇന്നത്തെ സമരങ്ങളിൽ മിക്കവയും ഓർക്കുമ്പോൾ, ജയസൂര്യ നായകവേഷമിട്ട് തൃശൂർ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "പുന്യാളൻ അഗർബത്തീസ്" ലെ ഒരു രംഗമാണ്. ഒരു സംരംഭകൻ എന്ന നിലയിൽ അദ്ദേഹവും അത്രമാത്രം അനുഭവിച്ചിട്ടുണ്ടാകണം. എതിർത്തതു ശരിയോ തെറ്റോ എന്നല്ല എതിർത്തതിനെ അനുകൂലിച്ചു എന്നതാണ് പ്രശ്നം. എല്ലാവർക്കും അവരവരുടെതായ ന്യായങ്ങൾ.

         പെട്ടെന്നാണ് ആ കശപിശ ഞാൻ ശ്രദ്ധിച്ചത്. എന്തോ ചെറിയ സീറ്റുതർക്കമാണ്. ട്രെയിൻ കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ ഹൃദയഭാഗവും ഭേദിച്ച് ആലപ്പുഴയിൽ എത്തിയിരിക്കുന്നു. നേരം സന്ധ്യയായി. യാത്ര തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിനു നേരെ തിരിച്ചാണ് ഇപ്പോൾ. ട്രെയിനിനകത്ത് ചൂടും പുറത്തു തണുപ്പും. ലൈറ്റിന്റെ പ്രകാശം ഇരുട്ടിന് ഉള്ളിലേക്കു കടക്കാൻ സമ്മതം നൽകിയില്ല. എങ്കിലും ഈ വെളിച്ചത്തിനു പ്രകൃതിയുടെ ഇരുട്ടിന്റെ അത്രതന്നെ സൌന്ദര്യം പോരെന്നുതോന്നി. അടുത്തിരുന്ന സ്ത്രീ ചോദിച്ചു
പുറത്തു  കാടാണോ?

     ലൈറ്റ് കാണാത്തതിനാൽ ചോദിച്ചതാണ്. ആലപ്പുഴയല്ലേ ഇരുവശവും വെള്ളം നിറഞ്ഞു നില്ക്കുന്നതിനാലാണ് ലൈറ്റ് കാണാത്തത്. അവർ ബാലുശ്ശേരിയിൽ നിന്നും തിരുവനന്തപുരം പോകുന്നവരാണ്. നേരത്തെ പറഞ്ഞ സീറ്റുതർക്കം ഇനിയും പരിഹരിക്കപെട്ടിട്ടില്ല. സീറ്റുതർക്കം! നമ്മടെ സീസണൽ വാക്കാണത്. അഞ്ചുവർഷതിനിടക്കാണത് കണ്ടുവരുന്നത്. ഇവിടെ റിസർവേഷൻ സീറ്റിൽ മറ്റൊരാൾ ഇരുന്നതാണ് പ്രശ്നം. ബോഗിനമ്പറും, സീറ്റു നമ്പറും ഉള്ള ടിക്കറ്റ്‌ കാണിച്ചിട്ടും സമ്മതിക്കുന്നില്ല. നമുക്കാണോ പ്രശ്നമുണ്ടാക്കാൻ ഒരു പ്രശ്നം. എന്തായാലും പോലീസും, ടി ടി ആറും ചേർന്ന് പ്രശ്നം പരിഹരിച്ചു. ഭാഗ്യം ആരും റെയിൽവേയെ കുറ്റം പറയുന്നതായി കേട്ടില്ല. യാത്രകളിൽ പ്രശ്നങ്ങളുണ്ടാകുന്നത് ഒരു സ്ഥിരം സംഭവമായി മാറുന്നു. അധികം ആഴ്ചകളിലും രാത്രിയാത്രകളാണ് ഉണ്ടാവാറ്. എങ്കിലും പ്രശ്നങ്ങൾ ചെറുതും വലുതും ധാരാളം.

     കൊല്ലം കഴിയുന്തോറും വണ്ടിക്കു വേഗത കൂടുന്നതുപോലെ തോന്നി. വളരെയധികം ചരിത്രങ്ങൾകൊണ്ടു സമ്പുഷ്ടമായ അനന്തപുരിയിൽ എത്തിച്ചേരാൻ എനിക്കു തിടുക്കമായതിനാൽ തോന്നുന്നതാവാം. 

     തിടുക്കത്തിന് കാരണവുമുണ്ട്, ഇപ്പോൾ അവിടെയെനിക്കൊരു വലിയ സുഹൃദ് വലയമായി. വലിയത് എന്നുകൊണ്ടുദ്ദേശ്ശിച്ചത് എണ്ണമല്ല, മറിച്ച് ബന്ധങ്ങളുടെ ആഴത്തെയാണ്. അത്തരം ഒരു ബന്ധങ്ങളിൽ ഒന്നാണ് മലയാളമാസികയിൽ മാതംഗകേസരികളെയും എന്നെയും  കൊണ്ടെത്തിച്ചത്. 
ഭക്ഷണശാലകളേക്കാൾ പുസ്തകശാലകളുള്ള അനന്തപുരി, അതായിരുന്നു ആദ്യം തന്നെ എന്നെ  ആകർഷിച്ചത്. വായന എൻറെ സ്ഥിരം ശീലമല്ല, എന്നിട്ടും ഞാനത് ശ്രദ്ധിച്ചിരുന്നു.
     കാതടപ്പിക്കുന്ന ശബ്ദത്തോടെ  ഇരുട്ടിനെ വകഞ്ഞുമാറ്റി ജനശതാബ്ദി പാഞ്ഞുപോകുന്നത് അവസാനിക്കാറായിരിക്കുന്നു. 

     വിഭിന്നമായ ആവശ്യങ്ങളുമായി ഇറങ്ങിത്തിരിച്ച ആളുകൾ. കാര്യങ്ങൾ സാധിച്ചു മടങ്ങിവരുന്നവർ ഒന്നുകൂടി നിവർന്നിരുന്നു, ആവശ്യങ്ങൾ നടത്തിയെടുക്കാനുണ്ടെന്ന ഉൾവിളിയോടെ മറ്റുചിലർ ചാടിയെഴുന്നേറ്റു ഇറങ്ങുവാനായി ബാഗുകൾ തിരയുമ്പോൾ, വൈവിധ്യങ്ങൾ എന്തുതന്നെയായാലും ഒന്നു സമാനമാണ്. അതിൽ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകൾ വിവിധഭാഗങ്ങളിൽ നിന്നും യാത്ര തുടങ്ങി, കേരളത്തിന്റെ തലസ്ഥാനനഗരിയായ അനന്തപത്മനാഭന്റെ പ്രിയ മണ്ണിൽ ഒരേ സ്ഥലത്ത് ഒപ്പം യാത്ര അവസാനിപ്പിക്കുകയാണ്. 

     അലക്ഷ്യമായ നിരവധി ശബ്ദത്തോടൊപ്പം അതും കൂടി കേൾക്കാം റെയിൽവേയുടെ പതിഞ്ഞ സ്വരമുള്ള ഉച്ചഭാഷിണി..


- ജനശതാബ്ദി എക്സ്പ്രസ്സ്‌ ട്രിവാൻട്രം സെൻട്രൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്.......



---000---






No comments: