കാരണവരുടെ ചിരി

Views:

പിള്ളേരുടെ ബഹളവും കളികളും കണ്ട്, ഉമ്മറക്കോലായിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു കാരണവര്‍.
അനന്തരവന്മാരും സംബന്ധക്കാരും ഭരണം ഏറ്റെടുത്തതില്‍ പിന്നെ പണിയൊന്നുമില്ല.
അവര്‍ സമ്മതിച്ചിട്ടു വേണ്ടെ...
ആശയുണ്ട് മിണ്ടിയില്ല എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്.
കാരണവരെ ഒതുക്കിയതിന്റെ സന്തോഷത്തില്‍ പിള്ളേരെല്ലാം കൂടി മുറ്റത്ത് കളിച്ചു തിമിര്‍ക്കുകയാണ്. കുസൃതിക്കൊട്ടും കുറവില്ല.
മുറ്റത്തെന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട്, കാരണവരൊന്ന് തല പൊക്കി നോക്കി. ദാണ്ടെ പിള്ളേരെല്ലാം മുറ്റത്ത് മറിഞ്ഞടിച്ച് കിടക്കുന്നു.
ഒരുത്തന്‍ എഴുന്നേറ്റു നില്പുണ്ട്, രണ്ടു മൂന്നെണ്ണം പാതിയെഴുന്നേറ്റ മട്ടിലും. ബാക്കിയെല്ലാം പടും കിടപ്പു തന്നെ.
അതു കണ്ടപ്പോള്‍ കാരണവര്‍ തന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി.
ആ ചുണ്ടുകളില്‍ അറിയാതൊരു ചിരി വിടര്‍ന്നു. ( അതൊ, കസേരയ്ക്കു പുറകില്‍ നിന്ന് ആരെങ്കിലും ഇക്കിളി കൂട്ടിയതാണോ...)
"ഞങ്ങളുടെ മക്കള്‍ വീണപ്പോള്‍ കാരണവര്‍ ചിരിക്കുന്നോ...? ഇതൊടുക്കത്തെ ചിരി തന്നെ.. കാണിച്ചു കൊടുക്കാം. " ആരൊക്കെയൊ പിറുപിറുക്കുന്നു.
കസേരയില്‍ നിന്ന് കാരണവരെ വലിച്ചു താഴെയിടാന്‍ തക്കം പാര്‍ത്തിരുന്ന അനന്തരവന്മാര്‍ക്കും സംബന്ധക്കാര്‍ക്കും വാശി കൂടി.
അവരൊരുമിച്ചുകൂടി കാരണവരുടെ കാലു പിടിക്കാന്‍ ആഞ്ഞടുത്തു. (വലിച്ചിടാനാണേ..)
ആ വരവു കണ്ടപ്പോള്‍ കാരണവര്‍ക്കു വീണ്ടും ചിരി പൊട്ടി.
26-05-09



No comments: