പെരുന്നാളിന്റെ കാഹളം :: ഷാമില ഷൂജ

Views:
ബിസ്മില്ലാഹി റഹുമാനി റഹീം.
ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് കൊണ്ട് ശവ്വാൽ പിറ ദൃശ്യമാകുന്നു. പിന്നെ പെരുന്നാളിന്റെ ഒരുക്കങ്ങളായി.
'അള്ളാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ  മറ്റാരുമില്ല. അല്ലാഹുവിനാണ് സർവ സ്തുതിയും."
തക്ബീർ വിളികളുയരുകയായി. 
ആദ്യ പടി ഫിത്വർ സക്കാത് വിതരണം ചെയ്യുകയാണ്.. പെരുന്നാൾ ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്നതിനാണ് ഈ നിർബന്ധ ദാനം. വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുകയും മറ്റു മതസ്ഥർക്ക്‌ പങ്കിടുകയുംചെയ്യുന്നു.
സാമുദായികൈക്യവും മത സൌഹാർദവും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കാൻ ജനങ്ങൾക്കുള്ള ഒരവസരം കൂടിയാണ് പെരുന്നാൾ.  മാനവ സമൂഹത്തിന്റെ ശാന്തിയും സമാധാനവുമാണ്  ഇസ്ലാം വിഭാവന ചെയ്യുന്നത്. 
ചിട്ടയോടെയും സൂക്ഷ്മതയോടും കൂടി വ്രതം പൂർത്തിയാക്കിയതിന്റെ  സന്തോഷവുമായി എത്തുന്ന ഈദുൽ ഫിതറിനെ ഐക്യത്തോടെയാണ് വരവേൽക്കുന്നത്.  ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായി  ഒതുങ്ങാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്ന്  സാഹോദര്യത്തോടെ ആഘോഷിക്കണം.
മനസ്സുകൾക്കിടയിലെ മതിലുകളകറ്റി മനുഷ്യബന്ധങ്ങൾ സുദൃഢമാക്കാനുള്ള അവസരങ്ങളാവണം എതൊരാഘോഷവും. ബന്ധുഭവനങ്ങൾ  സന്ദർശിക്കുകയും ഉപഹാരം നൽകുകയുമൊക്കെ പെരുന്നാളിന്റെ പ്രത്യേകതകളാണ്. 
പെരുന്നാളിന്റെ പ്രാധാന്യം ഹദീസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 
"പെരുന്നാൾ ദിനത്തിൽ മലക്കുകൾ വഴികളിലെല്ലാം നിലയുറപ്പിക്കും. എന്നിട്ടവർ വിശ്വാസികളോട് പറയും.  നിങ്ങൾ നിങ്ങളുടെ നാഥന്റെ അടുത്തേക്ക് പോകൂ. നിങ്ങൾക്കവൻ പ്രതിഫലം നല്കും.  രാത്രി ആരാധനാ കർമം നിർവഹിക്കാനും പകൽ നോമ്പനുഷ്ടിക്കാനും നിങ്ങളോടവൻ ആജ്ഞാപിച്ചു.  നിങ്ങൾ അത് ശിരസ്സാവഹിക്കുകയും ചെയ്തു.  ഇനി പോയി നിങ്ങളുടെ സമ്മാനങ്ങൾ ഏറ്റു വാങ്ങുക. പെരുന്നാൾ നമസ്ക്കാരത്തിനു ശേഷം അല്ലാഹുവിന്റെ പക്കൾ നിന്ന് അറിയിപ്പുണ്ടാകും. നിങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നു."
പെരുന്നാൾ ദിവസത്തിലെ ഏറ്റവും പ്രധാനമായ സംഗതി പെരുന്നാൾ നമസ്ക്കരമാണ്.  ഖുർആൻ പെരുന്നാൾ നമസ്ക്കാരം നിർബന്ധമാണെന്നു ആജ്ഞാപിക്കുന്നു.  ജമഅത് ആയി വേണം നമസ്കരിക്കാൻ.  പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്ക്കാരത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കും.  നമസ്ക്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചു പിരിയുന്നു. 

പരിശുദ്ധ റമദാനിലെ നോമ്പും നമസ്ക്കാരവും സൽപ്രവൃത്തികളും  കൊണ്ട് നേടിയ മഹത്വം നില നിർത്താൻ ഓരോ വിശ്വാസിയേയും റബ്ബുൽ ആലമീനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ  

ആമീൻ. 



No comments: