26 January 2014

ധിഷണ


ബിനു മാധവൻ

മലപ്പുറം കല്‌പകഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ധീഷണ സാഹിത്യസാംസ്‌കാരിക മാസിക തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിത്തുടങ്ങി. നിരവധി പംക്തികൾ, നിലവാരമുള്ള അച്ചടി, ഭാഷയുടെ സൂക്ഷ്മ ഉപയോഗം തുടങ്ങിയ ഗുണങ്ങള്‍ ധീഷണയെ ഗൗരവമുള്ള വായനാനുഭവമാക്കുന്നു.

വ്യത്യസ്തമായ പുറന്താള്‍ വിഷയങ്ങള്‍ കണ്ടെത്താനും വിഷയത്തിന്റെ വിവിധതലങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാനും പത്രാധിപര്‍ ചെറിയമുണ്ടം അബ്‌ദുള്‍ റസാക്ക്‌ ശ്രദ്ധിക്കുന്നു. പുറന്താള്‍ വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വായനക്കാരോട്‌ അസഹിഷ്‌ണുത പുലര്‍ത്തുന്ന ശൈലി ചിലപ്പോഴൊക്കെ കാണാം. 2013 നവംബര്‍ ലക്കത്തില്‍ അജിത്രിയുടെ കത്തിനുള്ള മറുപടിയില്‍ നിന്നും ഇതു വ്യക്തമാണ്‌ .  
മാനുഷികസംസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഒരിക്കലും തയ്യാറാകില്ല എന്നാണ്‌ എഡിറ്റര്‍ പ്രഖ്യാപിക്കുന്നത്‌. അതേസമയം ഒക്‌ടോബര്‍ ലക്കത്തിലെ 'എന്തിനീ അന്ധമായ ഇസ്ലാം വിരോധം'- ലേഖകന്റെ കത്ത്‌ കൂടി ചേര്‍ത്ത്‌ പ്രത്യേകകോളത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികളുടെ വിവാഹപ്രായം, വേഷം തുടങ്ങിയ കാര്യങ്ങളില്‍ ഏകപക്ഷീയ നിലപാട്‌ വാദിച്ചുറപ്പിക്കുന്നുമുണ്ട്‌.

ഇത്തരം സൈദ്ധാന്തികശാഠ്യങ്ങളൊഴിച്ചാല്‍ മാസികയുടെ സ്വരം ധീരമാണ്‌, സൗമ്യമാണ്‌. സി രാധാകൃഷ്‌ണന്റെ മുന്‍വാതിൽ, ഗുരുജി, വരയല്ലാതെ.. വരികളില്ലാതെ, സന്ദര്‍ശകവേദി, സഹജീവികളുടെ ശബ്ദം, സാരാംശം, മൊഴിമുത്തുകൾ, ജിബ്രാന്‍ മൊഴികൾ, കാല്‌പാടുകൾ, ഡോ: എം ഷാജഹാന്റെ കഥയെഴുത്ത്‌ പംക്തി, കരുവാറ്റ ചന്ദ്രന്റെ കാര്‍ട്ടൂണ്‍ കോര്‍ണര്‍, പഴയ ചലചിത്ര ഗാനങ്ങളിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്ന മരിക്കാതെ മറക്കാനാവാതെ, പോയലക്കത്തിലെ രചനകളെ വിലയിരുത്തുന്ന കീപ്പള്ളി ശ്രീകുമാറിന്റെ തുലാസ്‌, നിലവാരമുള്ള മിനിക്കഥകൾ, സുകേതുവിന്റെ 'എന്റെഴുത്ത്‌', തുടങ്ങി നിറയെ വായനാവിഭവങ്ങള്‍ ധീഷണയിലുണ്ട്‌. ഭാഷയിലും ശൈലിയിലും ദൈര്‍ഘ്യത്തിലുമുള്ള മിതത്വം ഒറ്റയിരിപ്പില്‍ മാസിക വായിച്ചുതീര്‍ക്കാന്‍ സഹായിക്കുന്നുണ്ട്‌.
---000---

നിഷ്കളങ്കത :: രത്‌നമ്മപിള്ള (90)

മരിയ്‌ക്കിലും ലയം വരാത്ത നിഷ്‌കളങ്ക രാഗമാ-
ണിരിപ്പതെന്റെ ഹൃത്തിലെന്നറിഞ്ഞു കൊള്‍ക നിങ്ങളും
മനസ്സറിഞ്ഞിടാത്ത കുറ്റമെന്റെ മേല്‍ ചുമത്തിയി-
ക്കടുത്തശിക്ഷ തന്നതും സഹിച്ചിടുന്നു സര്‍വ്വവും.

കഴിഞ്ഞ ഭൂതകാലവും അറിഞ്ഞ നൊമ്പരങ്ങളും
പകുത്തു നമ്മള്‍ മാത്രമായ്‌ കഴിഞ്ഞ കാലഘട്ടവും
മറഞ്ഞ കഥകളും നിറഞ്ഞ സ്വപ്നങ്ങളും,
ഇനിയും കുത്തിപ്പൊക്കി പറഞ്ഞിട്ടെന്തുകാര്യം.

ജനിച്ച വീടും കൂടും കളിച്ച സ്ഥലങ്ങളും
പരന്മാര്‍ക്കന്യം നിന്ന വേറിട്ട സ്ഥലങ്ങളും,
ഇനിയുമെന്തിനാണു ഓര്‍മ്മയില്‍ ബാക്കിവയ്ക്കാന്‍
കൂട്ടുകാരുമായ്‌ ചേരാന്‍ താല്പര്യമില്ലെങ്കിലും
പാട്ടുപാടുവാന്‍ കൊതിയായിട്ടു പാടുന്നു ഞാന്‍

ഭജനം :: രത്‌നമ്മപിള്ള (90)


നീറുമെന്‍ മാറിലെ, നൊമ്പരങ്ങൾ,
മാറുവാന്‍ പോംവഴി ഒന്നേയുള്ളു
മൃത്യുജ്ഞയനെ ഭജിക്കുക എപ്പോഴും
കൃത്യമായ്‌ ഭൂമിയില്‍ മറ്റെന്തുള്ളു.

ആശ :: രത്‌നമ്മപിള്ള (90)

മാറില്‍ത്തട്ടിയ മുറിവൊന്നുണങ്ങുവാന്‍-
          സത്തുക്കളാരെങ്കിലും
കണ്ണും നട്ടു പറയുന്നൊരാ കവിതകൾ-
          താനെ നുണഞ്ഞെങ്കിലും
ഈശ ചൈതന്യം കൊണ്ടു തിളങ്ങുമാ-
          പാപനാശിനിയായ പുരാണങ്ങളും
ആശ തീരുവോളം കുടിച്ചിറക്കിയെങ്കിലും
          പാടു മാറ്റുവാന്‍ ആര്‍ക്കും കഴിയില്ല.

24 January 2014

ഒരുമ

malayalamasika.in/2013/11/2013.html

അവരവരുടെ മേന്മ അവരവര്‍ തന്നെ വിളിച്ചു പറയേണ്ടുന്ന അവസ്ഥ ഗതികേടാണ്‌. കരയുന്ന കുഞ്ഞിനെ പാല്‍ കിട്ടു എന്നത് സമകാലിക യാഥാര്‍ത്ഥ്യമാണെങ്കില്‍ സ്വയം പരസ്യപ്പെടുത്തല്‍ അനിവാര്യത തന്നെയാണ്‌. എന്നാല്‍ കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ ഈ പരസ്യപ്പെടുത്തല്‍ എത്രത്തോളം ആശാസ്യമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരം കാട്ടായിക്കോണത്തിനടുത്ത്‌ ചന്തവിളയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരുമ മാസികയെക്കുറിച്ച്‌ മാസികയില്‍തന്നെ വന്ന പരസ്യമാണ്‌ ഈ വരികള്‍ കുറിക്കാനിടയാക്കിയത്‌; വര്‍ത്തമാന കാലത്തിന്റെ ഹൃദയചിത്രം, നിഷ്പക്ഷ സാഹിത്യത്തിന്റെ നേര്‍ചിത്രം, പുതുചിന്തയുടെ വാഗ്ദാനം, സ്വതന്ത്രചിന്തയുടെ 7 വര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പരസ്യവാചകങ്ങളാണ്‌ 2013 നവംബര്‍ലക്കത്തില്‍ കണ്ടത്‌. പ്രചാരത്തില്‍ മുന്‍നിരയിലുള്ള മാസികകള്‍ പോലും സ്വയം പരസ്യപ്പെടുത്തല്‍ വിപണനതന്ത്രമായി അംഗീകരിച്ചിട്ടുണ്ട്‌. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രചാരം കുറവുള്ള ഒരു മാസികയെ കുറ്റപ്പെടുത്തേണ്ടതില്ല.

സാഹിത്യസാംസ്കാരിക മാസിക എന്ന വിശേഷണമാണ്‌ പ്രസാധകര്‍ കൊടുത്തിരിക്കുന്നത്‌. സാഹിത്യത്തെയും സംസ്കാരത്തെയും സ്പര്‍ശിക്കുന്ന ലേഖനം നവംബര്‍ ലക്കത്തിലുണ്ട്‌. കഥയ്ക്കും കവിതയ്ക്കും കൊടുക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം ലേഖനത്തിനു കൊടുക്കാനുള്ള പ്രസാധകധീരതയെ അഭിനന്ദിക്കുന്നു. മിനികഥയ്ക്കും ലഘു കവിതയ്ക്കും സ്ഥലം കൊടുക്കുന്ന പൊതുസ്വഭാവത്തില്‍നിന്നും മാറി ഗൗരവമുള്ള (സമയമെടുത്തുള്ള) വായനയെ പ്രാത്സാഹിപ്പിക്കാനാവാം ഈ രീതി സ്വീകരിച്ചത്‌.

മാസികയെ അംഗീകരിക്കുമ്പോള്‍തന്നെ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിധവകളും ക്രിമിനല്‍വല്ക്കരണവും എന്ന പട്ടാഴി ശ്രീകുമാറിന്റെ ലേഖനം വിഷയ ഗൗരവത്താല്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്‌. എന്നാല്‍ അവസാന ഖണ്ഡികയിലെ വാക്യം ലേഖനത്തിലെ ആശയത്തിനു വിരുദ്ധമാണോ എന്നു സംശയിക്കുന്നു
'ലൈംഗികവ്യാപാരമുള്‍പ്പെടെയുള്ള സാമൂഹികനന്മകളുടെ ആദിരൂപങ്ങള്‍ ഉരുവംകൊള്ളുന്നത്‌ ഒരു പുരുഷ ക്രിമിനല്‍ മനസ്സിലായിരിക്കുമെന്നും..........'   
ലൈംഗികപ്രചാരം സാമൂഹികനന്മയെന്നുതന്നെയാണോ ലേഖകന്‍ ഉദ്ദേശിച്ചത്‌.

ഇതേ ലക്കത്തില്‍ പ്രൂഫ്‌ റീഡിംഗ്‌ വഴിപാടായാല്‍ എന്നൊരു ലേഖനമുണ്ട്‌ പ്രൂഫ്‌ റീഡിംഗ്‌ എന്നെഴുതിയ തലക്കെട്ടില്‍ത്തന്നെ അക്ഷരത്തെറ്റ്‌ വന്നതോടെ ആ വിഷയത്തിന്റെ ഗൗരവം വായനക്കാര്‍ക്ക്‌ പെട്ടെന്ന്‌ ബോധ്യമാവും. മലയാളം മറക്കുന്ന മലയാളി എന്ന മുഖക്കുറിയും ചിന്തനീയമാണ്‌.
വായനക്കാരുടെ പ്രതികരണം, കാര്‍ട്ടൂണുകള്‍ തുടങ്ങിയ പംക്തികള്‍ കൂടി സ്ഥിരമായി ഉള്‍പ്പെടുത്തുന്നത്‌ മാസികയുടെ പാരായണ ക്ഷമത കൂട്ടും.
---000--- 

18 January 2014

പാപജാതകം :: രത്‌നമ്മപിള്ള (90)


പാരിലേതൊരമ്മയ്‌ക്കും നല്‍കുന്ന
പാപജാതകം മാറ്റിക്കുറിക്കണം
നല്ലൊരമ്മയുമച്ഛനുമാകുവാന്‍
വല്ലപാടും മരണം വരിക്കണം.

ഇന്നു ഭൂമിയില്‍ നാളെയൊരമ്മയായ്‌
ഗാര്‍ഹസ്ഥ്യത്തില്‍ കഴിയണമെങ്കിലോ!
വൃദ്ധരാകുന്നതിനു മുന്‍പെതന്നെ-
പദ്ധതിമാറ്റി *കൃത്യം വഹിക്കണം.

ജാതകപ്പിഴയാണെന്നിരിക്കിലും
ഭൂതകാലം മറക്കാന്‍ കഴിയുമോ ?
ചേതനയറ്റ ജീവിയെ കാണുമ്പോള്‍
കാതടപ്പിക്കും ശബ്‌ദ കോലാഹലം.
മണ്ണിനോടിണങ്ങിക്കഴിയിലോ-
പിന്നെ വേറൊരു യുദ്ധകോലാഹലം
കണ്ണുനീരാല്‍ കുതിര്‍ന്ന ദിവസങ്ങൾ,
എണ്ണി എണ്ണി കണക്കുതീര്‍ത്തീടണം,

മാരണദേവനെത്തുന്ന നേരത്തു
സാരമായുള്ളതെല്ലാം ത്യജിക്കണം,
ഇന്നോ നാളയോ വന്നു ചേരും ദൃഢം-
കാളരാത്രിയാണന്നു നമുക്കെല്ലാം,

നാളെ നാളെ എന്നു നിനയ്ക്കാതെ കാര്യങ്ങള്‍
കാളും വേഗേന ചെയ്‌തു തീര്‍ത്തീടണം,
അറ്റകുറ്റങ്ങള്‍ വന്നു പോമെങ്കിലും
തെറ്റു പറ്റാതെ കാത്തു രക്ഷിക്കണം.

മുക്തി

നീര്‍മിഴി തുളുമ്പാതേ നിന്‍ മിഴി തുറക്കാതേ
നിന്നു ഞാന്‍ നിര്‍വ്വികാരം നിശ്ചലം സവിധത്തില്‍

പണ്ടെന്നോ പിണങ്ങി നീ പിരിഞ്ഞു പോയീടിലും
ഇന്നും നിന്‍ വരവിനായ്‌ കാത്തു കാത്തിരിപ്പു ഞാന്‍.

എന്തിനേ പിണങ്ങി നീ എന്തിനേ പിരിഞ്ഞു നീ
തെറ്റെന്തു ചെയ്‌തു ഞാനെന്നോതുമോ കനിഞ്ഞുനീ?

കണ്ണായി കരളായി കാവലായ്‌ കാത്തോരെന്നെ
കണ്ണിലെ കണ്ണിലെ കരടായി കാണുവാനെന്തെ മൂലം?

പിച്ചവച്ചിടും നിന്റെ കാലൊന്നിടറിയാലപ്പോളാ-
ക്കിളിക്കൊഞ്ചല്‍ തെല്ലൊന്ന്‌ ചിലബിയാല-
പ്പോഴും പിടക്കുമെന്നുള്ളം നീ കണ്ടീലെന്നോ-
യെന്‍ കരള്‍തുടിപ്പുകളൊന്നുമേ കേട്ടീലെന്നോ ?

എന്‍കരമെപ്പോഴും നിന്‍ തുണയ്ക്കായണഞ്ഞല്ലൊ
എന്നിട്ടുമെന്തേ, ഞാന്‍ നിന്‍ ശാശ്വത ശത്രുവായി
 
നിര്‍വ്വികാരനായി നിശ്ചിന്തിതനായി വേണ്ടൊരു
സുഷുപ്തി നീ ജാഗരംകൊള്ളു വേഗം
 
നിത്യമെന്നീശനോടായിത്ഥം ഞാനര്‍ത്ഥിക്കുന്നു
നിന്നുയിര്‍ ഞങ്ങള്‍ക്കായീയേകണേ തിരിച്ചു നീ.
 
പ്രാര്‍ത്ഥനാഭരിതമെന്നുള്ളമേയര്‍പ്പിക്കട്ടെ
പ്രസന്നാഭ നിറഞ്ഞ നിന്നാനനം തെളിയട്ട.
 
ചേച്ചിയെന്നോതാന്‍ നിന്റെ നാവിനി ചലിക്കട്ടെ
സോദരി ധര്‍മ്മമുക്തിയെന്നേയും തഴുകട്ടെ.


ശ്രീകൃഷ്‌ണവിഹാര്‍ 

റ്റി. സി. 4/1956, 

T C W A 

E 6, പണ്ഡിറ്റ് കോളനി.  

കവടിയാര്‍ പി ഒ 

തിരുവനന്തപുരം695003
ബി ശാരദാമ്മ, കവടിയാർ

മോഹം :: പ്രസന്നകുമാരിഎന്താന്നെഴുതേണ്ടന്നൊരു ചിന്തയില്‍
മേഘങ്ങള്‍ കണ്ണുനീര്‍ തൂകുന്നതെന്തിനോ ?
പുകയുന്ന ഗന്ധവും കനലും കടലുമായ്‌
പകലെനിക്കെരിയുന്നു മുളകിന്റെ നീറ്റലായ്‌.

വര്‍ഷങ്ങളനവധി പെയ്തൊഴിഞ്ഞീടവെ
കാലത്തിന്‍ കാലടിപ്പാടുകള്‍ മായ്ക്കവെ,
മായാതനശ്വരമോഹമൊന്നെന്നുള്ളില്‍
മാഴ്കുന്നു നിന്റെയാ പാട്ടിന്നു കേള്‍ക്കുവാന്‍.

പണ്ടു നിന്‍ പാട്ടിലീ ലോകം മയങ്ങുമ്പോള്‍
കണ്ടു നാമെത്രയോ സൗവര്‍ണ്ണ സ്വപ്‌നങ്ങള്‍
എന്‍ സ്നേഹശോഭയില്‍ നിന്‍ കളിവാക്കുകള്‍
നീരാടുവാന്‍ ചൊല്ലു നീട്ടുന്ന ചുണ്ടുകള്‍.

പിന്നെയും പിന്നെയും പാടുവാനാകാതെ
നോവുവാന്‍ മാത്രമായേകയായി,
കണ്ണീരു സങ്കടം പെയ്തൊന്നു തീര്‍ക്കുവാന്‍
കാലങ്ങളേറെ ഞാന്‍ കാത്തിരിക്കാം.

15 January 2014

ഒരു ചാറ്റ് :: സി എം രാജൻ

സി എം രാജൻ

.. മുഖമെവിടെ?
... ഫെയ്സ്ബുക്കിൽ
... സ്വരമെവിടെ?
... റ്റ്വിറ്ററില്‍
... വീട്?
... സ്പെയ്സില്‍
... നാട്?
.... നാടോടിയാണ്.
... ഓടുന്നതെന്തിന്? നടന്നുകൂടെ?
... ജീവിതം ഫാസ്റ്റ്‌ ലെയ്നിലാണ്.
... ആഹാരം?
... അതും ഫാസ്റ്റാണ്.
... നിദ്ര?
... നിദ്രയില്ല. സ്വപ്നങ്ങളേയുള്ളൂ.
... സ്വപ്നങ്ങള്‍ അവസാനിക്കുമ്പോള്‍ ?
... അവയ്ക്കന്തമില്ല.
... ആര്ത്തിയാണല്ലേ?
... അല്ല. വെറുമൊരു ആര്ത്തൻ.

06 January 2014

പീതാംബരം :: ആശാ പ്രിയദര്‍ശിനി എം


ഇളം വെയില്‍ മാഞ്ഞുപോകവെ 
ഹൃദയാകാശത്തില്‍ തെളിയുന്നു
സൌവർണശോഭമാം 
സന്ധ്യമേഘങ്ങള്‍ക്കിടയിലൂ -
ടൊഴുകിപ്പരക്കുന്ന 
പീതാംബരം ഹൃദയാർദ്രം. 

പൂനിലാപ്പാലൊളി  ചിന്തുന്ന 
പുഞ്ചിരി  കാണവെ
ഉതിരുവാൻ മറന്നു പോയി 
മിഴിക്കോണിലൊരു  ജലകണം
വിടരുവാന്‍  മറന്നു പോയി  
വാക്കുകള്‍ അധരങ്ങളില്‍.

മുഴങ്ങിത്തുടങ്ങുന്നു  
മധുരസംഗീതം ഇടമുറിയാതെ  
അറിയാതെ അറിയാതെ !

കരയുവാന്‍ മറന്നുപോയി 
ഘനമൌനം ഉറഞ്ഞൊരീ മാനസത്തില്‍
വേദനക്കൂടോന്നോരുക്കാനും മറന്നുപോയ്‌ .

പറന്നുപോയ്‌
പ്രിയശാരിക  
ഹൃദയഗഗനവീഥിയില്‍
ഏകയായ് ധീരയായ്

ഹൃദയസഞ്ചാരി  നിന്‍ 
കരുണസാഗരതിരകളുണരുമാ 
നയനങ്ങള്‍ കാണവേ  

ഒരു തേങ്ങലില്‍ ഉടയുന്നു
ഉരുകിത്തകരുമെന്‍    
ഹൃദയത്തിന്‍ തൃഷ്ണകള്‍ 
ജടിലചിന്തകള്‍ !
malayalamasika.in, Thiruvananthapuram 695301, Mob: 9995361657


തുലാം 1190 സന്ദർശിച്ചവർ

02 January 2014

മാംസജീവിതത്തെക്കുറിച്ചൊരു ഉച്ചനേരം :: ഡി യേശുദാസ്


 
ഡി യേശുദാസ്
ഇറച്ചിക്കൊതിയോടെ ഉച്ചനേരം
ഉദാസീനതയോടെ ഓർത്തുപോയി
സഹജീവിയെത്തിന്നും ക്രൂരതയെ!

ഏകാന്തതയ്ക്കെന്തോ പന്തികേട് !
പെട്ടെന്നറിയാത്ത മോഹമൂർച്ച ?
ഞാനാകെയൊന്നു വിയർത്തു പോയി

അന്നേരമെന്നിലെ ചോരച്ചാലിൽ
മീനുകൾ നീന്തുന്നതായിത്തോന്നി
കോഴികൾ കണ്ഠത്തിൽ നിന്നാവണം
കൂകിച്ചിനയ്ക്കയാണിണയോടൊപ്പം.
അരക്കെട്ടിൽ നിന്നേതോ കാളക്കൂറ്റൻ
മുക്രയിട്ടാക്കൊമ്പുലുക്കിടുന്നു.
സ്നായുക്കൾതോറും മുയൽക്കിതപ്പ്
സുഷുമ്നയിലൂടെയോ പ്രാപ്പിടപ്പ്
തലച്ചോറിലാകെയും മാനിളക്കം.
കൺകളിലേതോ ഭയന്ന പാവം.
ഹൃദയത്തിലേതോ പിടഞ്ഞു വീഴ്ച
സന്ധികളിൽ ദുർമൃതിച്ചോരച്ചൂര്
അപ്പൊഴേക്കെൻ ദേഹമാകെയേതോ
വിത്തുകൾ പുല്ലുകൾ കിളിർത്ത തോന്നൽ

പെട്ടെന്നെൻ കുസൃതികൾ മക്കൾ വന്ന്
കെട്ടിപ്പുണർന്നു കളിക്കുകയാൽ
തോന്നൽച്ചരടുമുറിഞ്ഞുപോയി!

വെന്തു രുചിക്കുന്നൊരുച്ച വീട്ടിൽ
കരിഞ്ഞു മണക്കുന്ന ജീവിതത്തിൽ
ദുരൂഹത വഞ്ചിച്ചൊരിഭൂമിയിൽ !

01 January 2014

കവിമണ്ഡലം -- രണ്ടു പുസ്തകങ്ങള്‍ഇത്‌ കവിതക്കാലമാണ്‌. കവിത കൂട്ടായെത്തുകയാണ്‌. കൂട്ടമായെത്തുകയാണ്‌. കൂട്ടത്തില്‍ നിന്ന്‌ വേറിട്ട ഒച്ച കേള്‍പ്പിക്കുക എന്ന വെല്ലുവിളി കവിതയെഴുതുന്നവരുടെ മുന്നിലിന്നുണ്ട്‌. കണ്ണൂര്‍ജില്ലാ കവിമണ്ഡലം എന്ന കവിതക്കൂട്ടായ്മ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. 'വിത മുള വിള', 'വിത്തും പത്തായവും' എന്നീ പുസ്തകങ്ങളിലൂടെ അവരതു പ്രഖ്യാപിക്കുന്നു.
വിത മുള വിള
വിത്തും പത്തായവും
അകമണ്ഡലം, ബാലമണ്ഡലം (വിദ്യാര്‍ത്ഥി മണ്ഡലം) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ്‌ കവിതകള്‍ സമാഹരിച്ചിരിക്കുന്നത്‌. 2006 ജൂലായ്‌ മുതല്‍ 2013 മാര്‍ച്ച്‌ വരെയുള്ള കാലയളവിലെ കവി മണ്ഡലത്തിന്റെ ഒത്തുചേരല്‍ വിവരങ്ങള്‍ കൃതികളില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌.

നല്ല കവിതക്കൊയ്ത്താണ്‌ കവി മണ്ഡലം നേടിയെടുത്തത്‌ എന്ന അഭിമാനത്തോടെയാണ്‌ പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍ കവിതകള്‍ക്ക്‌ മുഖവുര എഴുതിയിരിക്കുന്നത്‌
പ്രൊഫ: മേലത്ത്‌ ചന്ദ്രശേഖരന്‍
അകമണ്ഡലത്തിലെ മുതിര്‍ന്ന കവികളല്ല, ബാലമണ്ഡലത്തിലെ ‘മുള'-ക്കവികളാണ്‌ പത്തായത്തില്‍ വിത നിറച്ചിരിക്കുന്നത്‌. പ്രമേയത്തിലും പ്രയോഗത്തിലും വേറിട്ട സ്വരം ബാലമണ്ഡലത്തിലെ കവികളില്‍ അറിയാനാകുന്നുണ്ട്‌. ‘വിള മുള വിള'- കവിതകളിലെ ബാലമണ്ഡലമാണ്‌ 'വിത്തും പത്തായവും' കവിതകളിലെ വിദ്യാര്‍ത്ഥിമണ്ഡലത്തെക്കാള്‍javascript:; മികച്ചുനില്‍ക്കുന്നത്‌. കാവ്യസ്വരത്തില്‍ കൃത്രിമതയും അനുകരണച്ഛായയും കാണുന്നെങ്കിലും ഈ കവിതക്കൂട്ടം അക്ഷരപ്പുരയ്ക്ക്‌ പ്രിയപ്പെട്ടതാകുന്നു..
---000---

എയ്ഡ്‌സ്‌ (ശാസ്‌ത്ര കവിത) :: വീയെസ്‌, മാങ്ങാട്ടിടം

വീയെസ്‌. മാങ്ങാട്ടിടം

അഭിനവ സംജാതമായ രോഗം,
അപകടകാരിയീ എയ്‌ഡ്‌സ്‌ രോഗം,
എയ്‌ഡ്‌സെന്നറിയുമ്പോള്‍ ഞെട്ടിവിറയ്‌ക്കണം,
കാരണം മൃത്യു സുനിശ്ചിതം താന്‍!

മാറില്ലൊരിക്കലും; തെല്ലും പ്രതിവിധി-
കണ്ടില്ല; ഇന്നും മരുന്നുമില്ല.
രക്തപരിശോധനകൊണ്ടു മാമ്രായ്‌
തിക്തമാം രോഗം തിരിച്ചറിയാം.
എച്ച്‌..വി (H I V) വൈറസ്‌ കലര്‍ന്ന രക്തം
എയ്‌ഡ്‌സിന്റെ ലക്ഷണമെന്നറിക;
.ബി.സി.എന്നീ വകുപ്പുകള്‍ മൂന്നും
പിന്നിട്ടുകിട്ടുവാന്‍ കാലമേറെ.

വായുവിലൂടെയോ, വെള്ളത്തിലൂടെയോ,
വായിലെ ലാലാരസത്തിനാലോ,
സ്വേദ,മല,മൂത്ര വൈസര്‍ജ്യവസ്‌തുക്കള്‍,
സ്വാദിഷ്‌ടഭോജ്യങ്ങളൊന്നിനാലും

സാമീപ്യമായാലും സ്‌പര്‍ശനം തന്നെയും
സാദ്ധ്യമല്ലീരോഗം വ്യാപിക്കീലാ
ഈച്ച, കൊതുക്കളും, ബാക്‌ടീരിയാദിയും
ഇച്ഛയില്ലാതങ്ങു മാറിനില്‌പൂ!

ലൈംഗികവേഴ്‌ചയില്‍ കൂടി വേഗം
വ്യാപിച്ചിടുന്നൊരീ എയ്‌ഡ്‌സ്‌ രോഗം
രക്തദാനത്താലുമിഞ്ചക്ഷന്‍ മൂലവും
രോഗിതന്‍ രക്തം കലര്‍ന്നു പോകാം.

അശ്രദ്ധയാരുടെ കാരണമാണേലും
രോഗം പകരുവാന്‍ കാരണമാം.
മാരകം മാത്രമല്ലെത്ര ഭയാനക-
മാകിയ കാന്‍സറും വെല്ലുമിപ്പോള്‍.

ക്ഷീണം, വിളര്‍ച്ചയും കൂടാതെ
ദീപനമാന്ദ്യവും ആകെത്തളര്‍ച്ചതന്നെ.
രോഗപ്രതിരോധശക്തി ക്ഷയിക്കുന്നു,
രോഗിയവശനായ്‌ തീര്‍ന്നിടുന്നു.

ലക്ഷണം കണ്ടുകഴിഞ്ഞാല്‍ പിന്നെ
തല്‍ക്ഷണം മൂര്‍ച്ഛിച്ചിടുന്നു രോഗം.

എയ്‌ഡ്‌സ്‌ ദിനമാചരിക്കുന്നൊരീ വേളയില്‍
ശൈശവരോഗനിര്‍മ്മാര്‍ജ്ജനം മുഖ്യം.
രോഗികളാണെന്നറിഞ്ഞാലൊരിക്കലും
രക്തദാനത്തിനൊരുങ്ങരുതെ!

ആസന്ന രോഗത്തിനാവശ്യമായ്‌ വരും
രക്തവും സൂചി, സിറിഞ്ചുമെല്ലാം
വേണ്ടത്ര ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം
രക്തമാണെയ്‌ഡ്‌സിന്റെ താവളം കേള്‍!

ഏക പതീവ്രതം ഉല്‍കൃഷ്‌ടമാതൃക,
ഏതിനും യോജിച്ച പാരമ്പര്യം!
എയ്‌ഡ്‌സിനും ഭീകര കാന്‍സറിന്നും
വേണ്ടൊരൗഷധം കാണട്ടെ ശാസ്‌ത്രലോകം!

ശാസ്‌ത്രയുഗത്തില്‍ മുന്നേറുന്ന ഭാരതം
ശാശ്വത ശാന്തിയും കൈവരിക്കട്ടെ!
ജയ്‌ഹിന്ദ്‌ !

കുറിപ്പ്‌:-1997 ഡിസംബര്‍ 1 ന്ന്‌ ‘എയ്‌ഡ്‌സ്‌ ദിനം, ആചരിക്കുന്ന സന്ദര്‍ഭത്തില്‍ രചിച്ചത്‌.