അസീസിയം :: ഡോ: സാജു എസ്‌. കെ., എടച്ചേരി

Views:

ഡോ: സാജു എസ്‌. കെ., എടച്ചേരി
ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചപ്പോഴാണ്‌ പത്രപാരായണം അല്പമൊന്നു നിര്‍ത്തി കോള്‍ അറ്റന്റ്‌ ചെയ്‌തത്‌ .

അസീസിന്റെ ഉമ്മയായിരുന്നു. രാവിലെ തന്നെ.  

"നാസ്‌തയൊക്കെ കഴിച്ചോ ?"
ഉമ്മയുടെ ചോദ്യം.

"ഇല്ലുമ്മാ കഴിക്കണം. "
എന്നാല്‍ 'ഇന്നാ നാസ്‌ത' എന്നപോലെ ഉമ്മ ചീത്തയും തുടങ്ങി.

"എന്റെ മോന്‌ രണ്ടു കട്ട്യേളും കെട്ടിയോളുമുണ്ട്‌. ഓനിനിയും ഗള്‍ഫിലും പോണം. ഇന്റെ ഹലാക്കിന്റെ പ്രകൃതിയും, പച്ചക്കറിയും ഏത്‌ നേരത്താ ഓനോട്‌ ഇതെല്ലാം ഓതീനേ ഌം മോനേ. വെറും പച്ചക്കറി മാത്രം തിന്നാല്‍ ഞാളാള്‍ക്ക്‌ ഇണീറ്റ്‌ നടക്കാനാവോ മോനേ. അഞ്ച്‌ നേരം നിസ്‌ക്കരിക്കണേല്‍ അതിനു മാണ്ടേ ഓതാറ്‌. ഇപ്പൊ ഓന്‍ ഒത്തിരിപ്പിടി മീനും എറച്ചിയും വാങ്ങുന്നൂല്ലാ, തിന്നുന്നൂല്ല. മറ്റ്‌ സകലയിടത്തും മൊയിലൂദിനും മങ്കൂസിനും വരെ പോയി നല്ലോളം എറച്ചിയും മീനും തട്ടുന്ന കുഞ്ഞിമോനാ. ഏത്‌ പുസ്‌തകത്തിലെ ഹദീസാ ഇഞ്ഞി പഠിച്ചേ ദുനിയാവിലെല്ലാരും തിന്ന്‌ന്നില്ലേ സകലതും, മലക്കു പോലെയുളള ഓളാ ഓന്റെ. അതങ്ങ്‌ അയിന്റെ വയിക്ക്‌ പോവും.
ഓള്‌ പോയാ പിന്നെ, ഓന്റെ..... ഇഞ്ഞിതന്നെ ഓനോട്‌ പറഞ്ഞ്‌ ശരിയാക്കിക്കോ" ഉമ്മ ദീര്‍ഘശ്വാസം വിട്ടു

ഞാന്‍ ഫോണും വച്ചു.
അസീസ്‌ ആന കുത്തിയാലും മാറാത്ത ഇനമാണല്ലോ. ഇവനെങ്ങിനെ ................
ഏതോ കാര്യമായ ഘടകം ഉണ്ടാവും..........

ഒരിക്കല്‍ വീട്ടില്‍ ഒരു സണ്‍ഡേ പാര്‍ട്ടി വച്ച്‌ ബിരിയാണി അല്ല പച്ചക്കറി ബിരിയാണിയൊരുക്കി. അവരോടെല്ലാം പച്ചക്കറിയുടെ മഹിമ വിളമ്പിയ എനിക്ക്‌ ചുട്ട മറുപടിയായി ചുട്ടകോഴിയെ പാഴ്‌സല്‍ വരുത്തിച്ച്‌ പച്ചക്കറി ബിരിയാണി കൂടെ കഴിക്കാന്‍ ഇമാമായത്‌ അസീസാണ്‌. അങ്ങനെയുളളവന്‍ എങ്ങിനെ........
എന്റെ മനസ്സ്‌ വല്ലാതെ കുഴഞ്ഞ്‌ മറിഞ്ഞു.

സൂത്രത്തില്‍ ഈ മാറ്റത്തിന്റെ രഹസ്യം കണ്ടെത്തിയേ അടങ്ങൂ എന്ന്‌ എന്റെ അന്വേഷണ കുതുകിയായ മനസ്സ്‌ തീരുമാനിച്ചു.

കോഴിക്ക്‌ മന്തിന്റെ സിറം കുത്തിവയ്‌ക്കുന്നു - എന്ന അറിവാണ്‌ മാംസ ഭക്ഷണത്തില്‍ നിന്നുളള അകല്‍ച്ച എന്ന മറുപടിയായിരുന്നു അസീസ്‌ കരുതിവച്ചിരുന്നത്‌. സിറം കുത്തിവെയ്‌ക്കാത്ത കോഴിയും, മല്‍സ്യവും, മാടും വിപണിയില്‍ ലഭിക്കെ അവന്റെ വാക്കുകളില്‍ എനിക്കെന്തോ വിശ്വാസം അത്ര പോരാത്തതുപോലെ.

എന്റെ പരിശ്രമത്തിലൂടെ ഞാനാ രഹസ്യം കണ്ടെത്തി.
അസീസ്‌ എന്നും പച്ചക്കറി കടയിലെത്തുന്നതും പച്ചക്കറി പ്രിയനായതിലും പിന്നില്‍ ഒരു പെണ്‍കുട്ടിയാണെന്ന്‌ അവന്‍ വെളിപ്പെടുത്തി.

ഒരു ഹൂറി കണ്ണുകൊണ്ട്‌ ഒരു വരവരഞ്ഞിവിടെ നിര്‍ത്തിയാല്‍ കിയാമിന്‍ നാളുവരെ അസീസവിടെ നില്‍ക്കും. പച്ചക്കറി കടയില്‍ കണ്ടവളെക്കുറിച്ച്‌ അവനാകെ പറഞ്ഞത്‌ ലോകസുന്ദരി പട്ടം മറ്റു പലര്‍ക്കും കിട്ടുന്നത്‌ ഇവള്‍ ഇതുവരെ മത്സരിക്കാത്തതു കൊണ്ടാണ്‌ എന്നതായിരുന്നു.

ദയവുചെയ്‌ത്‌ കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട ബാക്കി പിന്നീട്‌ പറയാം. അതുവരെ ഇത്‌ അതീവ രഹസ്യമായി കിടക്കട്ടെ അവന്‍ പതുക്കെ ചിരിച്ചു.

അവന്‌ വീടിനടുത്ത്‌ തന്നെ ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ കാനോത്ത്‌ നാളില്‍ അസീസ്‌ തുടങ്ങിയ പുകവലി സിഗരറ്റ്‌ കമ്പനിയുടെ ആ വര്‍ഷത്തെ ടേണ്‍ ഓവര്‍ കൂട്ടി. എന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണ്‌ ആ സിഗരറ്റ്‌ കമ്പനി ബിസ്‌ക്കറ്റ്‌ നിര്‍മ്മാണത്തിനും, വസ്‌ത്രവ്യാപാരത്തിനുമൊക്കെ തിരിഞ്ഞത്‌. കാരണം അസീസിന്റെ പുകവലി നിര്‍ത്തിച്ചത്‌ ഞാനാണല്ലോ.

ഏതാണീ പുതിയ രാജാത്തി എന്റെ മനസ്സ്‌ വീണ്ടും കിടന്ന്‌ പുളഞ്ഞു. ഇന്‍ശാ അളളാ ഒരു ദിവസം അവളുടെ മുഖം കാണിച്ചു തരാമെന്ന പ്രതീക്ഷയുടെ മകുടിയൂതി. ജിജ്ഞാസയുടെ പാമ്പിനെ ഒതുക്കി.

ഫിബ്രവരി 14 ന്‌ വീട്ടിലെ വാഴത്തോപ്പില്‍ ചില്ലറ പരിചരണങ്ങളുമായി നില്‍ക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണില്‍ അസീസിന്റെ പേര്‌ മൂന്നാല്‌ തവണ മിന്നിയത്‌. ഉണങ്ങിയ വാഴയിലകൊണ്ട്‌ കൈയ്യൊന്ന്‌ വൃത്തിയാക്കി ഫോണില്‍ വിരലമര്‍ത്തി.

'ഉടനെ കാറുമായി വരണം വളരെ അത്യാവശ്യമാണ്‌ അവന്റെ കാര്‍ കേടാണ്‌ ' എന്നായിരുന്നു ആ ഫോണ്‍ സന്ദേശത്തിന്റെ രത്നച്ചുരുക്കം.  

പറഞ്ഞ സ്ഥലത്ത്‌ എത്തിയപ്പോള്‍ ഡോര്‍ തുറന്ന്‌ പര്‍ദ്ദധാരി കാറിന്റെ ബാക്ക്‌ സീറ്റില്‍ പൊടുന്നനെ കയറിപ്പറ്റി.

പച്ചക്കറിയാ ഇതിനെ ഒന്ന്‌ വീട്ടിനരികെ എത്തിച്ചു കൊടുക്കണം. പെട്ടെന്നാവട്ടെ അസീസ്‌ ചെവിയില്‍ പറഞ്ഞു .

മുഖപടം മാറ്റാതെ കൂനിക്കൂടിയിരിക്കുന്ന പര്‍ദ്ദധാരിയുടെ ചിത്രം ഇടയ്ക്കിടെ കണ്ണാടിയില്‍ ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ അവള്‍ എന്നെ ശ്രദ്ധിക്കുന്നേയില്ല. എന്നതില്‍ ചെറിയ വ്യസനം തോന്നിയതിനാല്‍ പതുക്കെ ഓഡിയോയില്‍ ശ്രദ്ധ തിരിച്ചു.

ഒരു നാലഞ്ച്‌ പാട്ടു ദൂരം പിന്നിട്ടപ്പോള്‍ അവള്‍ പറഞ്ഞു
ആ പാലത്തിന്റെയടുത്തു ചവിട്ടണേ. മധുരമാര്‍ന്ന ആ ശബ്ദത്തില്‍ അവളുടെ ഐഡന്റിറ്റിയുണ്ടായിരുന്നു.

"അല്ല ജാസ്‌മിന്‍ നീ " ഞാന്‍ അവളില്‍ നിന്നും മുഖം തിരിച്ച്‌ ചോദിച്ചു.

"അയേ നീയേനോ !" 
അവള്‍ കൂസലില്ലാതെ എന്നെയും തിരിച്ചറിഞ്ഞു.  

കാര്യങ്ങളുടെ കിടപ്പ്‌ എനിക്കറിയാം എന്നവളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഞാന്‍ അവളോട്‌ 
"ഇതൊക്കെ വലിയ മോശമല്ലേ, ജാസ്‌മിന്‍ തെറ്റല്ലേ ! നീയെന്താ ഇങ്ങിനെ ? നല്ല ദീനിബോധമുള്ള വീട്ടിലേ നിന്നെ ഇബിലീസ്‌ ബാധിച്ചോ ഓരോ കുതറത്ത്‌ " ഞാന്‍ പിറുപിറുത്തു.

ഒരാളോടും മിണ്ടുക പോലും ചെയ്യാതെ നല്ല നടപ്പിന്റെ ബ്രാന്റ്‌ അംബാസിഡറായി നാട്ടിലറിയപെടുന്ന അവളെ കുറിച്ച്‌ വിശ്വസിക്കാനാവാത്ത ഒരു ചിത്രം പോലെ..............

അവളുടെ മെലിഞ്ഞ ശബ്ദത്തിന്‌ അല്പം കടുപ്പം കൂടി.

"എന്ത്‌ തെറ്റ്‌ ? പ്രേമം തെറ്റാ ? നീയല്ലേ സകല കഥയിലും പ്രേമം അതാണ്‌  ഇതാണ്‌ എന്നൊക്കെ പറഞ്ഞ്‌ സകലരേയും പിരികയറ്റുന്നത്‌. "

"നീയെവിടുന്നാ എന്റെ കഥയൊക്കെ വായിച്ചത്‌ ?" ഞാന്‍ അതിശയത്തോടെ ചോദിച്ചു.

"നെറ്റീന്ന്‌..."

"ഇന്റെര്‍ നെറ്റ്‌ന്നോ !" ഞാന്‍ അത്ഭുതം കൂറി.

"അതിനൊക്കെ നിനക്കെവിടെയാനേരം."

"എന്റെ നേരോം നേരക്കേടൊന്നും നീ നോക്കണ്ട." അവള്‍ കയര്‍ത്തു, ഞാന്‍ വിയര്‍ത്തു.

"പുയ്യാപ്ല വിളിക്കുന്നത്‌ മുഴുവന്‍ നെറ്റിലൂടെയാ. പ്രേമം ആര്‍ക്കും ആരോടും എപ്പോഴും തോന്നുന്ന ഹലാക്കാ പിണ്ണാക്കാ എന്നൊക്കെയഴുതി പിടിപ്പിച്ചിട്ട്‌ ഇപ്പോള്‍ ന്യായികരിക്കുന്നോ ? " അവള്‍ പിറുപിറുത്തു. ഞാന്‍ വല്ലാതെ പകച്ചു.

"ഇഞ്ഞി കാറിന്റെ വാതില്‌ തുറക്കുന്നുണ്ടോ" ഓട്ടോമാറ്റിക്ക്‌ ഡോര്‍ ചൂണ്ടി അവള്‍ ചോദ്യമുയര്‍ത്തി.

"എന്നാലും ഇപ്പൊഴത്തെ ചങ്കൂറ്റം നിന്റെ വല്ലാത്ത ചങ്കൂറ്റം തന്നെ !" ഞാന്‍ അവളെ നോക്കി പറഞ്ഞു.

അവള്‍ കാറില്‍ നിന്നുറങ്ങുന്നതിനിടയില്‍ 'നെസ്‌റുമിനല്ലാഹി ഫത്തുകരീം' എന്ന്‌ ചൊല്ലുന്നുണ്ടായിരുന്നു.

---000---