രക്ത രക്ഷസ്സുകള്‍ :: കെ. പി. ഗോപാലകൃഷ്‌ണന്‍

Views:
 
കെ. പി. ഗോപാലകൃഷ്‌ണന്‍

കാടായ കാടെല്ലാം വെട്ടിനിരത്തിയെന്‍  
മേനിതന്‍ സൗന്ദര്യമൂറ്റിക്കുടിച്ചവർ  
കോള നിര്‍മ്മിക്കുവാനെന്‍ സിരയ്‌ക്കുളളിലെ
 ജീവരക്തം വിറ്റു സമ്പന്നരാകുവാന്‍  
നേരവും നോക്കിയൊളിച്ചിരിപ്പാണവർ  
ആരിവര്‍, നാട്ടിലും കാട്ടാളവര്‍ഗമോ ?
 
ഭാഗീരഥിയും പെരിയാറും, പമ്പയും  
ഭാരത ഭൂമിതന്‍ രക്തക്കുഴലുകള്‍  
ആഗോള ശക്തിക്കു വീതിച്ചു നല്‍കുവാന്‍
ആവേശമോടിതാ മുന്നില്‍ നില്‍ക്കുന്നിവര്‍
 
എത്രയുഗങ്ങള്‍ക്കുമപ്പുറമീശ്വരന്‍  
കല്പിച്ചനുഗ്രഹം നല്‍കിയ ഭൂവിനെ  
അല്പലാഭത്തിനായ്‌ ആഗോളശക്തി തന്‍  
കല്പന കേട്ടങ്ങടിയറവച്ചിടാന്‍  
ആരാണു നല്‍കിയതീയധികാര,മീ 
മാതാവിന്‍ സല്‍പ്പുത്രരാരുമിങ്ങില്ലയെന്നോ?

രക്തക്കുഴലുകള്‍ വറ്റി ദാഹാര്‍ത്തരായ്‌  
ഊര്‍ദ്ധം വലിക്കും നദികളെയോര്‍ത്തു ഞാന്‍  
കേണു വിളിക്കുന്നു  നിര്‍ത്തുകീ ചൂഷണം  
കാണുന്നതില്ലെയീ കണ്ണുനീര്‍ത്തുളളികള്‍

കാടും നദികളും കാണുവാന്‍ ദൂരെനി- 
ന്നോടിയെത്തുന്നൊരീ പേരക്കിടങ്ങള്‍ തന്‍  
നേര്‍ക്കൊന്നു നോക്കുവാന്‍ ത്രാണിയില്ലാതെ ഞാന്‍  
വാര്‍ക്കുന്ന കണ്ണുനീര്‍ കാണുകെന്‍ മക്കളേ..

ഗംഗയില്‍, പമ്പയില്‍ മുങ്ങിക്കുളിക്കുവാന്‍  
തിങ്ങും ത്വരയോടെയോടിയിങ്ങെത്തവേ  
എങ്ങുപോയ്‌ ഗംഗയും, പമ്പയും ഞങ്ങള്‍ക്ക്‌ 
മുങ്ങിക്കുളിക്കുവാനീമണല്‍ത്തിട്ടയോ ?  

പേരക്കിടാങ്ങളീ ചോദ്യം തൊടുക്കവേ  
ആരിതിന്നുത്തരം നല്കുമെൻ മക്കളേ
"കണ്ണീര്‍ പൊഴിച്ച്‌ കയങ്ങള്‍ നിര്‍മ്മിച്ചതിൽ  
മുങ്ങിക്കുളിക്കുവാന്‍" ചൊല്ലാം സഗദ്‌ഗദം !



No comments: