കല്‌പറ്റ പറഞ്ഞതു പോലെ.. :: ബിനു മാധവൻ

Views:
കല്പറ്റ നാരായണൻ
കല്‌പറ്റയുടെ ഗദ്യം മലയാളത്തിന്റെ പുതിയ ചന്തമാണ്‌. കുറിയ വാക്യങ്ങളില്‍ കുന്നോളം ആശയം നിറയ്‌ക്കുന്ന നാരായണന്റെ ഭാഷയ്‌ക്ക്‌ മുനയുണ്ട്‌. മൂര്‍ച്ചയുണ്ട്‌. ഗരിമയാര്‍ന്ന വിഷയങ്ങളെ ഗതികോര്‍ജ്ജപ്രവാഹമാക്കുന്ന വിശകലന ശൈലിയാണ്‌ കല്‌പറ്റയുടേത്‌. മാരാരുടെ യുക്തി ഭദ്രമായ സമര്‍ത്ഥിക്കലുകളെ ഈ ശൈലി ഓര്‍മ്മിപ്പിക്കുന്നു.  

കവിയെന്ന നിലയിലല്ല കല്‌പറ്റ നാരായണന്‍ അറിയപ്പെടേണ്ടത്‌. മലയാളത്തിലെ മികച്ച ഗദ്യകാരന്മാരുടെ ഇടയിലാണ്‌  കല്‌പറ്റയ്‌ക്ക്‌ കസേരയിടേണ്ടത്‌. സി. വി. കുഞ്ഞുരാമനും ആര്‍. ഈശ്വരപിളളയും സി. ജെ. തോമസുമൊക്കെ അടങ്ങുന്ന മലയാളത്തിലെ ഗദ്യനായകന്മാരുടെ നിരയിലേക്ക്‌ നീങ്ങുകയാണ്‌ അദ്ദേഹവും 

അക്കിത്തം
കല്‌പറ്റയുടെ പ്രിയകവി അക്കിത്തമാണ്‌. അക്കിത്തത്തെ ഉദ്ധരിച്ചും വ്യാഖ്യാനിച്ചും ആസ്വദിച്ചുമെഴുതാഌളള ആവേശം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്‌. പദ്യത്തിന്റെ (കവിതയുടെ) പ്രാധാന്യം അറിഞ്ഞ്‌ ഗദ്യമെഴുതണം എന്ന നിലപാടിന്റെ പ്രഖ്യാപനം ആ രചനകൾ.  

ഈ കണ്ണടയൊന്നു വച്ചു നോക്കൂ, അവര്‍ കണ്ണുകൊണ്ടു കേള്‍ക്കുന്നു, തത്സമയം തുടങ്ങിയ പുസ്‌തകങ്ങളില്‍ അക്കിത്തത്തെ ആരാധിക്കുന്ന സഹൃദയനുണ്ട്‌.  

കവിതയെ കൂട്ടുപിടിച്ച്‌ മലയാളിയുടെ വര്‍ത്തമാനത്തെ കല്‌പറ്റ അപഗ്രഥിക്കുന്നു. കേരളത്തിന്റെ സാമൂഹിക ജീവിത പരിണാമരേഖയായി മാറുകയാണ്‌ അദ്ദേഹത്തിന്റെ സാംസ്‌കാരിക വിമര്‍ശനങ്ങള്‍. 

എം. ടി. യോ, യേശുദാസോ അഴീക്കോടോ ഡൈ ചെയ്യാതെ പ്രത്യക്ഷപ്പെട്ടാല്‍ കേരളീയരുടെ ആയുസ്സ്‌ പെട്ടെന്ന്‌ കൂടുമെന്നെഴുതാഌളള സാംസ്‌കാരിക ധീരത കല്‌പറ്റയ്‌ക്കുണ്ട്‌. കേവലം കുറ്റപ്പെടുത്തലിനപ്പുറം കാര്യകാരണവിവേചനത്തോടെ അഭിപ്രായം പ്രകാശിപ്പിക്കുന്ന കല്‌പറ്റയന്‍ രീതിയ്‌ക്ക്‌ പുതുമയുണ്ട്‌.  

മുഖസ്‌തുതി, സ്വകാര്യം, എന്റെ പൊന്നേ, ഒഴിച്ചോട്ടത്തിന്റെ ചരിത്രം, അടിപൊളി തുടങ്ങിയ ലേഖനങ്ങള്‍ ആഴത്തിലുളള പഠനത്തിനു വിധേയമാക്കേണ്ടതാണ്. വിഷയത്തെ പടിപടിയായി വികസിപ്പിച്ച്‌ അര്‍ത്ഥാന്തരങ്ങളിലേക്ക്‌ സംക്രമിക്കുന്ന രീതി നല്ല ഗദ്യമാതൃക കൂടിയാണ്‌. ശവത്തിന്റെ വില പോലുളള ഉപന്യാസങ്ങളെഴുതിയ സി. ജെ.യുടെ ധിഷണ മറ്റൊരു രൂപത്തില്‍ ഇത്തരം ലേഖനങ്ങളില്‍ കാണുന്നു.  

നല്ല സ്വാദാണ്‌ മരിച്ച വീട്ടിലെ പുഴുക്കിന്‌ എന്നെഴുതിയാണ്‌ കോന്തല എന്ന ഓര്‍മ്മപുസ്‌തകം കല്‌പറ്റ അവസാനിപ്പിക്കുന്നത്‌. ചായയുടെ മഴവില്ല്‌ കുലയ്‌ക്കുന്ന നമ്പ്യാരും ഒരു പാടു നേരം കുന്തിച്ചിരിക്കാന്‍ കഴിവുളള മാണിയും എല്ലാ ദുരന്തങ്ങളും വഴി തെറ്റാതെ വന്ന സ്വന്തം വീടും ആ സ്‌മരണയിലെ ഉയിരുളള അനുഭവമാണ്‌ . വയനാടിന്റെ സാംസ്‌കാരിക ഭൂമികയെയും തന്റെ ബാല്യകൗമാരങ്ങളെയും സമന്വയിപ്പിക്കുന്ന ഈ സ്‌മരണ വ്യത്യസ്‌തമായ വായനാനുഭവമാണ്‌.  

പ്രിയദര്‍ശന്‍
'കല്‌പറ്റ പറഞ്ഞതുപോലെ' എന്നു പറഞ്ഞു തുടങ്ങുന്ന സാംസ്‌കാരിക പ്രഭാഷണങ്ങള്‍ വരാനിരിക്കുകയാണ്‌. കേരളത്തിന്റെ മിടിപ്പറിയുന്ന കല്‌പറ്റയുടെ ലേഖനങ്ങള്‍ കേരളത്തിന്റെ മാറുന്ന ആകാശങ്ങളിലേക്ക്‌ നോക്കാഌളള സൂക്ഷ്മദര്‍ശിനികളാണ്‌. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിനെ പരാമര്‍ശിക്കുന്ന കല്‌പറ്റയുടെ ലേഖനത്തോട്‌ വിയോജിച്ചുകൊണ്ട്‌ സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചിട്ടുണ്ട്‌. തീഷ്‌ണമായ പരാമര്‍ശങ്ങളടങ്ങുന്ന അത്തരം പ്രതികരണങ്ങളൊന്നും കല്‌പറ്റ നാരായണന്റെ ചിന്താധാരയുടെ പ്രസക്തി കുറയ്‌ക്കുന്നില്ല. എന്തിനോ വേണ്ടി പായുന്നവരുടെ ഇടയിലേക്ക്‌ എറിയുന്ന ചിന്തയുടെ ഇത്തരം കല്ലുകള്‍ വലിയ മാറ്റമുണ്ടാക്കിയെന്നു വരില്ല. എങ്കിലും ഇത്തരം ചിന്തകള്‍ കൂടിയില്ലെങ്കില്‍ നമ്മുടെ ചിന്താശേഷി മന്ദിക്കും.