രാവിന്റെ കൂടാരം :: മൂസണ്‍ തംപ്‌രാന്‍

Views:
 
മൂസണ്‍ തംപ്‌രാന്‍
രാവിന്റെ കൂടാരത്തിലേക്ക്‌ 
പകല്‍ നൂണ്‌ കടന്നു.  
മൂവന്തിപ്പിന്‍വാതിലിലൂടെ 
ഇരുട്ടുകൊണ്ട്‌ ഓട്ടയടച്ച്‌ 
മിന്നാമിഌങ്ങ്‌ വെട്ടത്തില്‍ 
എണ്ണക്കറുപ്പിന്റെ മന്ദഹാസം 
കൊണ്ടൊരത്താഴം.

നിശാഗന്ധി പൂത്ത്‌ 
എരിവായ്‌പ്പരന്നു.
മഞ്ഞുപാളികളുരിഞ്ഞ്
യാമതല്‍പ്പത്തില്‍ 
ഇഷ്‌ടം വിരിച്ചൊരുക്കി,
നെഞ്ച്‌ പൊളളുന്നൊരു പരിരംഭണം 
എതിര്‍ മലകളില്‍ 
ചുംബനത്തിന്റെ മാറ്റൊലി 

രാവിലലിഞ്ഞ്‌ 
വിയര്‍പ്പ്‌ പുതച്ചുറങ്ങി പകല്‍ 
രാക്കാറ്റ് പതിഞ്ഞ്‌കൂര്‍ക്കം വലിച്ച്‌.
പൂങ്കോഴി വിളിച്ചപ്പോള്‍ 
കണ്ണും തിരുമ്മി,
പുലരി തുറന്ന്‌ പുറത്തേയ്‌ക്ക്‌,
ചുണ്ടില്‍ പുരണ്ട രാച്ചിരി 
മങ്ങാതെ നില്‍പ്പാണ്‌.  
പകലിന്റെ മുഖത്തപ്പോഴും...