വീടും മരങ്ങളും :: എസ്. അരുണഗിരി

Views:
എസ്. അരുണഗിരി
  കുട നന്നാക്കാനുണ്ടോ ?  
  കല്ല്‌ കൊത്താനുണ്ടോ ?  
  ഈയം പൂശാനുണ്ടോ ?  
  ഈ ഗാനം എന്നേ മാഞ്ഞുപോയ്‌ !  

  അടുക്കള പാത്രങ്ങള്‍ മാറ്റിവാങ്ങുന്നു  
  കീറല്‌ തുന്നിയുടുക്കാത്തവര്‍  
  പുത്തന്‍ കുടകള്‍ ശീലമാക്കി  
  പഴയതായൊന്നും പാടില്ല വീട്ടില്‍  

  വീടെത്ര വൃത്തി !  
  പൊടിയില്ല, പല്ലി, പഴുതാര, പാറ്റ,  
  ചിലന്തി, എലികളില്ലാത്ത വീട്‌  
  പകലില്‍ തനിച്ചാണ്‌ വീട്‌  
  സന്ധ്യയൊടെത്തുന്നു  
  പിന്നെ, സ്വപ്‌നങ്ങളില്ലാത്ത  
  ഗാഢനിദ്രയില്‍ വീട്‌  

  ഓച്ചിറക്കാളയെ കൂട്ടിവരുന്ന  
  പണ്ടാരമിന്നു വരാറില്ല  
  പരബ്രഹ്മ തോഴന്‍  
  മണി കിലുക്കി താടയാട്ടി  
  ഉപ്പൂടി വെട്ടിച്ചു നിന്ന ഭംഗി !  

  വീട്ടിലെ കുഞ്ചാളി പശുവിന്റെ കണവന്‍
  അവളെ തൂകിയുറക്കി
  ആലസ്യമാണ്ടയവെട്ടി, മുറ്റത്തെ-
  മാവിന്‍ ചോട്ടില്‍ തെല്ലു മയങ്ങും
  ആ ജീവപ്രകൃതി എവിടെ മറഞ്ഞൂ?

  മരങ്ങള്‍ മണ്ണില്‍ വളര്‍ന്നു
  മണ്ണിന്‌, ഉണര്‍വു നല്‍കുന്നു 
  മരങ്ങള്‍ വിണ്ണിലുയര്‍ന്ന്‌ 
  മണ്ണിന്‌, തണലായ്‌ കാറ്റായ്‌ നീരായ്‌
 
  വേരു കുരുത്തത്‌ പാതാളത്തില്‍
  ഭൂമി തുരന്നു തുരന്ന്‌
  ആകാശത്തിലുയര്‍ന്നു വളര്‍ന്നു
  സ്വര്‍ഗ്ഗത്തിന്റേ കാവല്‍ക്കാർ
  പൂവും മണവും പഴവും വൈകുണ്‌ഠത്തിന്‌
  മരങ്ങള്‍, അദ്വൈതത്തെ,
  കൂട്ടിയിണക്കിയ ജീവന്‍

  പുതിയൊരു ലോഹം കണ്ടെത്തി
  അതിനാല്‍ മെനയും പുതു പുതു പാത്രം
  അവയില്‍ ഭൂമിയെ വാറ്റിയെടുത്ത
  ലഹരിയില്‍ മുങ്ങി മയങ്ങും നമ്മള്‍ !

-000-

പുതിയ വിഭവങ്ങള്‍

ദേശഭക്തിഗാനങ്ങള്‍Enter Your Email:

Malayala Masika, Thiruvananthapuram - 695301. 
Mob: 9995361657
mymalayalamasika@gmail.com


Popular Posts (Last Week)