14 July 2013

നിന്മൃദുവീണയിൽനിന്മൃദുവീണയിലെൻവിരൽത്തുമ്പുക-
ളുന്മദം പാടു,മീ സ്നേഹഗീതം
നിന്മിഴിവർണ്ണങ്ങളെന്നോടു മന്ത്രിച്ച-
തെന്മനം ചാലിച്ചു ചേർത്തതല്ലെ..

ഇതും..എൻറെ പെങ്ങള്‍ :: അൻവർ ഷാ ഉമയനല്ലൂർ


അൻവർ ഷാ ഉമയനല്ലൂർ 

"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"
എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാന
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം

ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം?
തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.

ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം
ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം
അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം.

നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം
തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം
ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം
ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം.

കേവലം നീറലായ്‌ മാറിയിന്നു നാരികള്‍തന്‍ ജാതകം
ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം
കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം
ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം.

തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്‌തതാകെയും
തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം
തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം-തമ്മിലേവരും
ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം.

ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം
പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം
കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം.


----------------------------------------------------
ഡല്‍ഹിയില്‍ ബസ്സിനുളളില്‍വച്ച് ക്രൂരതയുടെ  ബലിയാടായിത്തീര്‍ന്ന പാവം സഹോദരി (2012 ഡിസംബര്‍)

പൊതുവിദ്യാഭ്യാസം നന്നായാൽ നാടും.... :: ജെ.ശശിജെ.ശശി

           എത്ര ഗുണമുള്ളതായാലും ദുഷിച്ചാൽ നാറും. അവയുടെ ദുർഗന്ധം നമ്മെ അതിൽ നിന്നും അകറ്റും. അല്ല അത് സ്വീകരിക്കാൻ തയ്യാറായാൽ അത് ഉണ്ടാക്കുന്ന വിപത്ത്  പറഞ്ഞറിയിക്കാനാവാത്തതുമാകും.
            വിദ്യാഭ്യാസത്തിൻറെ കാര്യവും ഇതുതന്നെയാണ്. അതുകൊണ്ട് അത് ദുഷിക്കാതെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യം വലുതാണ്.
            പൊതു വിദ്യാഭ്യാസരംഗത്തിൻറെ മർമ്മം അറിഞ്ഞവർ കേരളീയ സമൂഹം തന്നെയാണ്. ഒരു പക്ഷേ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇതുപോലെ ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസരംഗത്തെ നയിക്കനുമായിട്ടില്ല. കേരള സമൂഹത്തിൻറെ നല്ലൊരു ശതമാനം വിദ്യാഭ്യാസ കാര്യങ്ങളുമായി പരോക്ഷമായോ പ്രത്യക്ഷമായോ ബന്ധപ്പെടുന്നവരാണ്.
            ഉന്നത വിദ്യാഭ്യാസരംഗവും പ്രൊഫഷണൽ വിദ്യാഭ്യാസരംഗവും  ഇന്ന് ഏറെ പച്ചപിടിച്ചു നിൽക്കുകയാണ് കേരളത്തിൽ. ഒട്ടുമിക്ക ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളും മികവിൻറെ കേന്ദ്രങ്ങളുമാണ്. ഇതിനു പ്രധാന കാരണം നമ്മുടെ മുഖ്യ കയറ്റുമതി മനുഷ്യവിഭവം ആയതിനാലാണെന്ന് നാം അറിയണം.
            നാം ഇന്നു കാണുന്ന വിദ്യാഭ്യാസ നേട്ടങ്ങളുടെ എല്ലാം പിന്നിൽ നമ്മുടെ പിതാമഹന്മാർക്ക് പങ്കുണ്ട്. നാം പ്രാർത്ഥിക്കാൻ പോകുന്ന പള്ളിയുടെ അടുത്ത് ഒരു പള്ളിക്കൂടം വേണമെന്ന ചവറ അച്ഛൻറെ പിടിവാശിപോലെ, നിരവധി പേർ നമുക്ക് ഉണ്ടായിരുന്നത് മറക്കാനാവില്ല. മിഷനറിമാരുടെ വിദ്യാഭ്യാസ നിരീക്ഷണം ഒരിക്കലും തള്ളിക്കളയാനുമാകില്ല. ഇവരിലൂടെയാണ് വിദ്യാഭ്യാസം എല്ലാപേർക്കും നേടാമെന്ന സ്ഥിതി നമുക്ക് കൈവന്നത്.
            ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇടപെടലും നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സാധ്യത വർദ്ധിപ്പിച്ചു. തിരുവിതാംകൂർ റാണി ഗൗരി പാ‌ർവതീ ഭായി പ്രജകൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ നടത്തിയ നീക്കങ്ങളും സ്മരിക്കാതെ വയ്യ. എലിമെന്ററി വിദ്യാഭ്യാസവും അത് വ്യാപനം ചെയ്യാനുള്ള ഔദ്യാഗിക സംവിധാനവും തുടർന്നു വന്ന കാലഘട്ടങ്ങളിൽ നടപ്പായിരുന്നതിനാലാണ് നമ്മുടെ വിദ്യാഭ്യാസം ഇത്രയും പുരോഗമിച്ചത്.
            കേരളത്തിൽ സർക്കാർമേഖലയിലും സ്വകാര്യ തലത്തിലും വിദ്യാലയങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എയ്ഡഡ് മേഖലയിൽ അദ്ധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത് വർഷത്തിൽ ഒരിക്കൽ മേനേജ്മെന്റിന് നൽകിയിരുന്ന ഗ്രാന്റിൽ നിന്നായിരുന്നു. ഏറെക്കാലത്തെ പോരാട്ടത്തിനു ശേഷമാണ് പ്രൈവറ്റ് എയ്ഡഡ് അദ്ധ്യപകരുടെ സർവീസ് പുസ്തകം രജിസ്റ്റർ ചെയ്യാനും പ്രതിമാസം ഗ്രാന്റ് നൽകുവാനും തീരുമാനം എടുത്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും മുന്നണി പോരാളികളായിരുന്നു അദ്ധ്യാപക‍ർ എന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ധ്യാപകർ ചേരിതിരിഞ്ഞു പ്രവർത്തിച്ച് ആവശ്യങ്ങളും  അവകാശങ്ങളും നേടിയെടുത്തതും മറക്കാവുന്നതല്ല.
            കേരളപ്പിറവിയോടെ സംസ്ഥാനത്ത് അടിസ്ഥാന വിദ്യാഭ്യാസത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപീകരിച്ചു. പിന്നീടത് പൊതു വിദ്യാഭ്യാസ വകുപ്പായി മാറി. സാധാരണക്കാരുടെ ഉദ്ധാരണത്തിനായാണ് സർക്കാരിൻറെ കീഴിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിയന്ത്രണത്തിൽ ഇത് പ്രവർത്തിക്കുന്നത്. സർക്കാർ സെക്രട്ടറിക്ക് താഴെ ‌ഡയറക്ടർ,​ 14 ഉപഡയറക്ടർമാർ,​ മൂന്ന് അഡീഷണൽ ഡയറക്ടർമാർ,​ മൂന്ന് ജോയിന്റ് ഡയറക്ടർമാർ,​ അതിനു താഴെ 38 വിദ്യാഭ്യസ ജില്ലാ ഓഫീസർമാർ,​ 152 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർമാർ,​ 12000ത്തിലധികം വിദ്യാലയങ്ങൾ,​ രണ്ടു ലക്ഷത്തലധികം അദ്ധ്യാപകർ 31 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇങ്ങനെയാണ് ഈ സംവിധാനം. ഇതിനു പുറമേയാണ് ഹയർ സെക്കന്ററിയും വൊക്കേഷണൽ ഹയർ സെക്കന്ററിയുമൊക്കെ. ഇതുപോലെ പൊതുവിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളും തീർത്തും  ചിട്ടപ്പെടുത്തിയ സംഘാടനത്തിൽ പ്രവർത്തിക്കുന്നവയാണ്. ഒരു സംസ്ഥാനത്തുമില്ലാത്ത രീതിയിൽ ജനാധിപത്യ ഇടപെടലുള്ള വകുപ്പാണ് വിദ്യാഭ്യാസം എന്നതിന് തെളിവാണ് ഇതെല്ലാം.
            ഈ ഔദ്യാഗിക സംവിധാനത്തിൽ പ്പെടാതെ നിരവധി പേരാണ് വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത്. പുസ്തകങ്ങൾ,​ ഗൈഡുകൾ,​ വിദ്യാഭ്യാസ അനുബന്ധ ഉപകരണ നിർമ്മാണം തുടങ്ങി ഇതുമായി ബന്ധപ്പെടുന്നവരും ഏറെയാണ്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ മൂന്നു കോടി ജനമുള്ളതിൽ നല്ലൊരു പങ്ക് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയാണെന്ന് കാണാം.
            സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഏറെ പ്രയോജനപ്പെടുമെന്നുതന്നെ കരുതാം. ആറിനും 14 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സൗജന്യ വിദ്യാഭ്യാസമാണ് ഉറപ്പു നൽകുന്നത്. എന്നാൽ ഇതിനായി നൽകുന്ന പണം കേരളത്തിൽ വകമാറ്റി ചെലവാക്കുന്നത് അപലപനീയമാണ്. എ‌യ്ഡഡ് മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം കെട്ടാനും വഴിവിട്ട് നിയമനം നടത്തിയ വകയിൽ അദ്ധ്യാപകരുടെ പുനരധിവാസത്തിനും ഉപയോഗിക്കാനാണ് നീക്കം നടക്കുന്നത്. നമ്മുടെ രക്ഷിതാക്കൾ ഈ വഴിവിട്ട വിദ്യാഭ്യാസ നയത്തെ തിരിച്ചറിഞ്ഞ് പോരാടുമെന്നതിൽ സംശയമില്ല. ഇതോടെ വിദ്യാഭ്യാസ  പ്രവർത്തനം ശക്തിപ്പെടുകയും  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിൻറെ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. പൊതു വിദ്യാഭ്യസ രംഗം നന്നായാൽ നാടും അതിലൂടെ വരും തലമുറയും  നേട്ടങ്ങൾ കൊയ്യുമെന്നത് തീർച്ച. ഈ രംഗം ദുഷിക്കാതിരിക്കാൻ നാം കരുതലോടെ ഇരിക്കുകതന്നെ വേണം.
---000---

04 July 2013

ശ്രീമാന്മാര്‍ അഴീക്കോടും (സുകുമാര്‍) വിജയനും (എം. എന്‍) :: സി. എം. രാജന്‍

സി എം രാജൻ

വടക്കെമലബാറുകാർ രണ്ടും
പരക്കെ പ്രഖ്യാതി നേടിയോർ
ഒരാള്‍ തലശ്ശേരിയില്‍ത്തങ്ങി-
യപരന്‍ തൃശ്ശിവപ്പേരൂരിലും.

പ്രഭാഷണപ്പ്രതിഭകള്‍ രണ്ടും
പ്രകോപന തല്‍പ്പരർ
ജനസാമാന്യത്തിനെന്നെന്നു-
മനന്ത സ്നേഹമുള്ളവർ

വാഗര്‍ത്ഥങ്ങളില്‍ വാളിന്‍
മൂര്‍ച്ച ചേര്‍ത്തവര്‍ രണ്ടുപേർ
ഒരാള്‍ക്കു പ്രിയം ഗാന്ധി
മറ്റേയാള്‍ക്കതു മാര്‍ക്സിസം.
ഫ്രായിഡും യുംഗും ഫ്രമ്മും
തലശ്ശേരിക്കു വശഗതം.
വേദവേദാന്ത സാഹിത്യം
അഴീക്കോടിനാത്മ ഭൂഷണം.

ധിഷണാശാലിയെങ്കിലും
വികാരജീവിയാണൊരാൾ
ധിഷണാഭീമനാമപരന്‍
ഋഷിസമാന വിരാഗിയും.

ഒഴുകുമിതിലൊരാളങ്ങിനെ.
ഇരുള്‍കീറുമനലനെപ്പോലെ-
യപരന്‍ സിംഹഗര്‍ജ്ജകന്‍.

ആശാന്‍ വരച്ചിട്ട സീതയെ
വലുതാക്കിക്കാട്ടിയതിലൊരാൾ
മേനോന്‍ വരച്ചിട്ടൊരാനയില്‍
കണ്ടൂ ആദിമചോദന മറ്റെയാൾ

ഒരാള്‍ കരയിപ്പിച്ചൂ
പാവം ജീ കുറുപ്പിനെ.
മറ്റെയാള്‍ വിഷമിപ്പിച്ചൂ
ശ്രീയാം വൈലോപ്പിള്ളിയെ.
ചെറുപ്പചാപല്യമെന്നോര്‍ത്തു
ക്ഷമിച്ചില്ലാരുമപ്പൊഴും.

വിജയന്‍ നിന്നു മരിച്ചപ്പോള്‍
അഴീക്കോട് കിടന്നു കടന്നു പോയ്‌.
കടക്കാരായ്‌ ബാക്കി നില്‍ക്കുന്നു
മലയാളക്കരയിലെ മാനവർ

ഭാര്‍ഗ്ഗവരാമക്ഷേത്രത്തിലെ
ഭാസുരപ്രദീപമായിരുന്നവര്‍
ഒന്നൊന്നായ്‌ പൊലിഞ്ഞുപോകുമ്പോള്‍
കണ്ണില്‍ നിറയുന്നു നീര്‍ക്കണം.