12 June 2013

ആറ്റിങ്ങൽ കലാപം: ചരിത്ര നാൾവഴികളിൽ വിസ്മരിക്കപ്പെട്ട സത്യം :: വിജയൻ പാലാഴി

Views:

വിജയൻ പാലാഴി.

ചരിത്ര നാൾവഴികളിൽ വിസ്മരിക്കപ്പെട്ട സത്യമാണ് ആറ്റിങ്ങൽ കലാപം.
വിജയൻ പാലാഴി
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ആദ്യമായി ശക്തമായ കാറ്റുവീശി ആ വടവൃക്ഷത്തെ കടപുഴക്കാൻ ശ്രമിച്ച പോരാട്ടം നടന്നത് ആറ്റിങ്ങലിലായിരുന്നു. 2013 ഏപ്രിൽ 15 കഴിഞ്ഞപ്പോൾ ഈ പോരാട്ട ചരിത്രത്തിന് 292 കൊല്ലം പൂർത്തിയാകുകയാണ്. നാടടക്കി വാണിരുന്ന ബ്രിട്ടീഷുകാരിൽ 140 പേരെയാണ് ആറ്റിങ്ങലിന്റെ സമര ഭടന്മാർ (നാട്ടുകാർ)​ പതിയിരുന്ന് കൊലപ്പെടുത്തി, നാട്ടു ശക്തി തെളിയിച്ച് പാരതന്ത്ര്യത്തെ എതിർത്തത്.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ മണനാക്കിനു സമീപം ഏലാപ്പുറത്താണ് ഈ ചരിത്ര സംഭവം നടന്നതെന്ന് രേഖകൾ തെളിവു നൽകുന്നു. ഇതിന് നാന്ദികുറിച്ചത് ബ്രിട്ടീഷുകാർ കോട്ടകെട്ടി കൊടികുത്തി വാണിരുന്ന അഞ്ചുതെങ്ങ് എന്ന മുക്കുവഗ്രാമത്തിലും.

അഞ്ചുതെങ്ങിലെ മുക്കുവർക്കുനേരേ ബ്രിട്ടീഷുകാർ കാട്ടിയ അതിക്രമങ്ങളും അവിടുത്തെ സ്ത്രീകൾക്കുനേരെയുള്ള കാടത്തങ്ങളും സഹിക്കാതെ മുക്കുവ കരുത്തും എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിലുള്ള കർഷകരും ഒത്തുചേർന്നപ്പോൾ അത് ബ്രിട്ടീഷുകാർക്കെതിരേയുള്ള സായുധ വിപ്ലവമായി മാറി.

കലാപ ചരിത്രം ഇങ്ങനെ..

ഉമയമ്മറാണിയുടെ ഭരണകാലം. ഡച്ചുകാരുടെ കുരുമുളകുവ്യാപാര കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സായുധശക്തിയുടെ പിൻബലത്തോടെ 1684 ൽ  ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങിൽ റാണിയുടെ ഒത്താശയോടെ കോട്ടപണി ആരംഭിച്ചു. 1695 ൽ അവർ കോട്ട പണിതീർത്തു. കടൽ തീരത്ത് കോട്ട പണിഞ്ഞത് ബ്രിട്ടീഷുകാരുടെ കച്ചവട തന്ത്രമായിരുന്നു. ജലമാർഗ്ഗമുള്ള വാണിജ്യമായിരുന്നു അന്ന് പ്രാബല്യത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വ്യാപാരം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു.

ബോംബെ കഴിഞ്ഞാൽ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായി അഞ്ചുതെങ്ങ് മാറി. പണം കുമിഞ്ഞു കൂടിയപ്പോൾ അധികാരത്വര അവരെ പിടികൂടി. ക്രമേണ സൈനിക സന്നാഹങ്ങൾ കോട്ടയ്ക്കുള്ളിൽ ഒരുക്കി. സൈനിക പരിശീലന കേന്ദ്രവും അഞ്ചുതെങ്ങായി മാറി ഇതാണ് അഞ്ചുതെങ്ങിലെ മുക്കുവരെ ചൊടിപ്പിച്ചത്.

ആറ്റിങ്ങൽ റാണിയുമായി കൂടുതൽ അടുത്ത ബ്രിട്ടീഷുകാർ 1697 ൽ കുരുമുളകിന്റെ കുത്തക തന്ത്രപൂർവം കൈക്കലാക്കി. തുടർന്ന് കർഷകരുടെ താല്പര്യങ്ങളെ ചവിട്ടിയരച്ച് കുരുമുളകിന്റെ വിലയിൽ വിള്ളലുണ്ടാക്കി.

ബ്രിട്ടീഷ് സൈനിക നേതാവായ ഗീഫോർ‌ഡ് എന്ന കച്ചവട കുതന്ത്ര പ്രമാണി കുരുമുളകിന്റെ തൂക്കത്തിലും വിലയിലും വൻ അഴിമതി കാട്ടി ജനത്തെ പറ്റിച്ചു. ഇതിൽ കർഷകർ പ്രതിഷേധിച്ചപ്പോൾ റാണിയുടെ ഒത്താശയോടെ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ കുരുമുളക് നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി. കർഷകരുടെ ഉള്ളിൽ ഇത് കനലായി കിടന്നു.       
അഞ്ചുതെങ്ങിലെ അഗ്നിയും ആറ്റിങ്ങലിലെ കർഷകരുടെ അഗ്നിയും ഒന്നിച്ചപ്പേൾ 1997 ൽ എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ ഇരു നാട്ടുകാരും ഒന്നിച്ച് അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു. എന്നാൽ ബഹുജന പിന്തുണ കുറഞ്ഞതിനാൽ ഈ പ്രക്ഷോഭം പരാജയപ്പെടുകയായിരുന്നു.
ഇതോടെ നാട്ടുകാരോട് ബ്രിട്ടീഷുകാർ വിരോധത്തോടെ പെരുമാറാൻ തുടങ്ങി. നാട്ടിൽ സ്വാധീനം കൂട്ടാനായി ബ്രിട്ടീഷുകാർ കോട്ട നി‌ർമ്മിച്ച  അന്നുമുതൽ എല്ലാ വർഷവും റാണിക്ക്  കപ്പം

കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു. വിദേശ വസ്തുക്കളായിരുന്നു റാണിക്ക് പ്രിയമെന്നറി‌ഞ്ഞ് അത് നൽകാൻ അവർ പരമാവധി ശ്രമിച്ചിരുന്നു. 

എട്ടുവീട്ടിൽ പിള്ളമാർ ഇതിനെ ചെറുത്തു. റാണിക്ക് സമ്മാനങ്ങൾ നൽകുന്നത് തങ്ങൾ വഴി ആകണമെന്ന് അവർ ശഠിച്ചു.  ഈ ശാസന ഗീഫോർഡ് നിരസിച്ചതോടെ അമർഷം വർദ്ധിച്ചു.

1721 ഏപ്രിൽ 15 ന് ഗീഫോർഡ് 140 ബ്രിട്ടീഷുകാരുടെ അകമ്പടിയോടെ എട്ടുവീട്ടിൽ പിള്ളമാരെ വെല്ലുവിളിച്ച് റാണിയ്ക്ക് സമ്മാനം നേരിട്ടു കൊടുക്കാനായി പുറപ്പെട്ടു. ഈ വിവരം മുൻകൂട്ടി അറിഞ്ഞ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് വിരോധികൾ എട്ടുവീട്ടിൽ പിള്ളമാരെ അറിയിച്ചു. മുക്കുവ കരുത്തരുടെ പിൻബലം കൂടി ബ്രിട്ടീഷുകാരെ നേരിടാൻ ആവശ്യമെന്ന് അറിഞ്ഞ പിള്ളമാർ അവരേയും പടയണിയിൽ കൂട്ടി.

സമ്മാനവുമായി വന്ന ബ്രിട്ടീഷുകാരെ ആറ്റിങ്ങൽ ഏലാപ്പുറത്തുവച്ച് ഈ സംഘം ഒളിഞ്ഞിരുന്ന് ആക്രമിച്ചു മുഴുവൻ ബ്രിട്ടീഷുകാരെയും വീര സമരപോരാളികൾ കൊന്നു. വെട്ടിയെടുത്ത തലകളാണ് പിറ്റേന്ന് റാണി കണികണ്ടത്.

കലാപകാരികൾ അഞ്ചുതെങ്ങിലെത്തി ബ്രിട്ടീഷുകാരുടെ പള്ളി അഗ്നിക്കിരയാക്കി. കോട്ട വളഞ്ഞു. കോട്ടയ്ക്കുള്ളിൽ നിന്നും ആരെയും പുറത്തുവിട്ടില്ല. തലശ്ശേരിയിൽ നിന്നും വലിയ ബ്രിട്ടീഷ് പട എത്തിയാണ് പോരാളികളെ ആക്രമിച്ചത്. പരാജിതരായ കലാപകാരികളെ റാണിയുടെ ഒത്താശയോടെ ശിക്ഷിച്ചു.

കലാപത്തിൽ മനം പതറിയ ബ്രിട്ടീഷുകാർ റാണിയുമായി കർക്കശ കരാർ ഉണ്ടാക്കി, 1722 ൽ. കലാപ നേതാക്കളെ ശിക്ഷിക്കണം. ബ്രിട്ടീഷുകാർക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കണം. കുരുമുളകു കച്ചവടം ഇഷ്ടമുള്ള സ്ഥലത്തെല്ലാം വ്യാപിക്കാനും കരാറിൽ പറയുന്നു.

ആറ്റിങ്ങലിലെ ധീരദേശാഭിമാനികൾ നയിച്ച ഈ വിപ്ലവം പരാജയപ്പെട്ടെങ്കിലും പ്ലാസിയുദ്ധത്തിന് (1757)​ മുന്നു ദശാബ്ദത്തിനു മുൻപാണ് ആറ്റിങ്ങലിൽ വിദേശാധിപത്യത്തിനെതിരെ ശക്തമായ സമരം നടന്നത് എന്ന് ഓർക്കണം. പ്ലാസി യുദ്ധത്തിൽ 29 ബ്രിട്ടീഷുകാർ മാത്രമാണ് കൊല്ലപ്പെട്ടതെങ്കിൽ ആറ്റിങ്ങൽ കലാപത്തിൽ 140 പേരെയാണ് വധിച്ചത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മതിയായ രീതിയിൽ ഈ വിപ്ലവത്തിനെ ജനശ്രദ്ധയിലെത്തിക്കാനും പാഠ്യവിഷയമാക്കാനും നമുക്ക് കഴിയാതെപോയി.

ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യ സമരമായിത്തന്നെ എണ്ണാവുന്ന ഈ സംഭവത്തെ മറ്റു ലോബികൾ ചെറുതാക്കിക്കാട്ടാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.

ആറ്റിങ്ങൽ കലാപത്തിന് അടുത്തിടെ ചില രാഷ്ട്രീയതല്പരകക്ഷികൾ പേറ്റന്റ് എടുക്കുന്നുണ്ട്. എന്നൽ സത്യം എത്ര മൂടി വച്ചാലും പുറത്തു വരികതന്നെ ചെയ്യും. 

ആറ്റിങ്ങൽ കലാപത്തിന്റെ പ്രാധാന്യം മനസ്സിലാക്കി 1989 ൽ ഈ ലേഖകൻ വളരെ പഠനങ്ങൾ നടത്തി അമരഗീതം എന്ന പേരിൽ ഒരു നാടകം രചിച്ചു. അത്  1721 എന്ന പേരിൽ പുസ്തകം ആകുകയും ചെയ്തു.  ഇതേ കാലയത്തു തന്നെ ആറ്റിങ്ങൽ ആർ. നന്ദകുമാർ ആറ്റിങ്ങൽ കലാപത്തെ അടിസ്ഥാനമാക്കി ഊറക്കുത്തേൽക്കാത്ത താളിയോലകൾ എന്ന നാടകവും എഴുതി അവതരിപ്പിച്ചു. രണ്ടു തലങ്ങളിൽ നിന്ന് ആറ്റിങ്ങൽ കലാപത്തെ നോക്കിക്കണ്ട നാടകങ്ങളായിരുന്നു ഇവ.

ഇന്ത്യൻ ചരിത്രത്തിൽ എറെ പ്രാധാന്യത്തോടെ  വരുംതലമുറ പഠിക്കേണ്ട ഒരു സംഭവത്തെ മൂടിവച്ച്; വഴിതിരിച്ചു വിടുകയാണ് ഇതുവരെ എല്ലാ ചരിത്ര ഗവേഷകരും ചെയ്തത്. എന്നാൽ പുതു തലമുറ അത് തേടിയെത്തുകയാണ്.


---000---Popular Posts - Last 7 days


Subscribe

* indicates required
View previous campaigns.