പടുകിഴവന്‍ കിസ്സ :: സി. എം. രാജന്‍

സി. എം. രാജന്‍
വയസ്സാകുന്നതിനു മുമ്പു വയസ്സേറെയായാല്‍ 
വരും പ്രയാസമെന്നു ശങ്കിച്ചേന്‍

ശേഷികുറയും 
ശേമുഷിയും.  

വയസ്സിനു വൃദ്ധിയായാല്‍ 
ബോധം ക്ഷയിക്കും. രാജയക്ഷ്മാവും പിടിപെടാം. 
ശേഷക്രിയയ്ക്ക്   
ഒരു എം. സുകുമാരനെങ്കിലുമുണ്ടാകുമോ   
എന്നാശങ്കിക്കും. 
വയസ്സേറെയായപ്പോള്‍,   പക്ഷെ
ഇതിലും വലിയ സുഖമില്ലെന്നായി.  

തലയില്‍ മുടിചൂടാ മാനവനാകയാല്‍ താരനില്ല.  
താരശല്യമില്ലെന്നും പറയാം
താളി വേണ്ട.  
നരച്ചു നരജന്മമാകുമെന്നും പേടിക്കേണ്ട. 
ഡൈ ഒദ്ദു
സോപ്പാകാം
ചീര്‍പ്പും കണ്ണാടിയും വേണ്ട. 

ദുര്‍ബ്ബലം കണ്ണാകയാല്‍ 
രണ്ടായതെല്ലാം ഒന്നായിക്കാണാം. 
ശത്രുവും മിത്രവും ഒരു പോലെ. 
പാലിനും പാഷാണത്തിനും ഒരേ നിറം. 
ഗദ്യത്തിനും പദ്യത്തിനും ഒരേ രസം;

ദ്യത്തിനും 

പകല്‍ വെളിച്ചവും നിലാവെളിച്ചമായി. 
നിലാവത്തിട്ട കോഴിയെക്കൂട്ടായി. 
കൂവാന്‍ ഒച്ചപൊങ്ങില്ലെന്നു മാത്രം 

കാതുപതുക്കെയാകയാല്‍ 
നാദബ്രഹ്മത്തിന്‍റെ ശല്യമില്ല. 
പരബ്രഹ്മത്തിനും പോത്തിനും ഒരേ നാദം;  
അനാഹതശബ്ദം 

നാസികയുമനുഗ്രഹിച്ചു.  
പൂവിനും പുരീഷത്തിനും ഒരേ മണം. 
പണവും പിണവും സമാസമം.  
സ്ഥിതപ്രഞ്ജന്‍

ഊണും ഉറക്കവും കമ്മി 
നടത്തവും പമ്മിപ്പമ്മി
എവിടെയെങ്കിലുമൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍   

അതിതല്ലെങ്കില്‍പ്പിന്നെ ഇതെന്താണ്?  

വളര്‍ന്നു വലുതായി 
ഒരു വൈദ്യനോ 
വക്കീലോ 
ഒരു പോലീസെങ്കിലുമോ 
ആകണമെന്നുറച്ചിരുന്നു. 

വളര്‍ന്നു. 
വലുതായി.

ഒന്നുമായില്ലെങ്കിലും വയസ്സനായി.  

ഒരു കീറ്റ്സോ ചങ്ങമ്പുഴയോ പോലെ 
നിത്യഹരിതനായില്ല.
ഭാഗ്യം!

സ്വപ്നസഞ്ചാരം :: ജ്യോതി ഹരിദാസ്


ജ്യോതി ഹരിദാസ്
   എന്തോ നേര്‍ത്ത ശബ്ദം കേട്ട തോന്നലില്‍ അവള്‍ ഉണര്‍ന്നു. അഗാധമായ ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ഉള്ള ഒരു അപരിചിതത്വം തോന്നി. എവിടെയാണെന്ന് പിടി കിട്ടാത്ത ഒരവസ്ഥ. പരിസരം ആകെ മങ്ങി നില്‍ക്കുന്നു. കണ്ണുകള്‍ വലിച്ചു തുറന്നിട്ടും കനത്ത ഇരുട്ട് തന്നെ മുന്നില്‍ . ചെവിയിലേക്ക് വീണ്ടും ആ ശബ്ദം. ഇപ്പോള്‍ കുറച്ചു കൂടി വ്യക്തമാണ്. അതൊരു തേങ്ങല്‍ പോലെ തോന്നി ദേവികയ്ക്ക്. നിറയെ ചോദ്യങ്ങള്‍ ഉണര്‍ത്തിയ ആ ശബ്ദം നേര്‍ത്തു നേര്‍ത്ത് ഇല്ലാതായി. വീണ്ടും ഇരുട്ട് മാത്രം. കട്ട പിടിച്ച ഇരുട്ട്. ഏതോ സ്വപ്നത്തിലാവും താന്‍ എന്നവള്‍ക്ക് തോന്നി. ഇടയ്ക്ക് പതിവാണല്ലോ സ്വപ്ന സഞ്ചാരങ്ങള്‍. എങ്കിലും ഇന്നിപ്പോള്‍ ഈ തണുപ്പും ഇരുട്ടും വല്ലാതെ പേടിപ്പിയ്ക്കുന്നതു പോലെ..
   കണ്ണ് തുറന്നിട്ടും മുറിയിലെ ചെറിയ നീല പ്രകാശം എന്തേ വരാത്തത് എന്നവള്‍ക്ക് സംശയം തോന്നി. ഇനി കറന്റ്‌ പോയോ. പക്ഷെ എങ്കില്‍ ഇത്ര തണുപ്പ് വരില്ലല്ലോ. വലതു കൈ മെല്ലെ നീട്ടി രാച്ചുവിനെ തൊടാന്‍ നോക്കി. ഇല്ല. കൈയെത്തുന്നിടത്ത് ആരുമില്ല. മരവിപ്പിയ്ക്കുന്ന തണുപ്പ് മാത്രം.
“രാച്ചു എനിയ്ക്ക് തണുക്കുന്നു. പുതപ്പ് എന്‍റെ കാലിലേക്ക് ഇടാമോ.” അവള്‍ പറഞ്ഞു നോക്കി. സാധാരണ അവളുടെ അനക്കം കേട്ടാല്‍ അവനും ഉണരുന്നതാണ്. ഇനി മുറിയില്‍ ഇല്ലെങ്കിലോ ഇത്തിരി കുടി ഉറക്കെ അവള്‍ വിളിച്ചു.
   തന്‍റെ ശബ്ദം എവിടെയൊക്കെയോ തട്ടി തിരിഞ്ഞ് വീണ്ടും തന്നില്‍ തന്നെ വന്നു തൊട്ടു നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി. മനസ്സില്‍ ശൂന്യതയുടെ ഒരു സുഖം വന്നു നിറയുന്നു. ഒരു ഭാരമില്ലായ്മ. ധ്യാനത്തില്‍ അറിയുന്നത് പോലെ ഒരു ശാന്തത. ആ കിടപ്പില്‍ നിന്നും ഒരിത്തിരി പോലും അനങ്ങാന്‍ അവള്‍ക്കു മനസ്സ് വന്നില്ല. പക്ഷെ കാലില്‍ കുടി അരിച്ചു കയറുന്ന തണുപ്പിന്‍റെ കരുത്തില്‍ മനസ്സറിയാതെ അവള്‍ക്ക് എഴുന്നേല്‍ക്കേണ്ടി വന്നു..
   ഇതെവിടെ എന്നു തീരെ പിടി കിട്ടിയില്ലെങ്കിലും ഇതിനകം ഇരുട്ടുമായി താദാത്മ്യം പ്രാപിച്ചിരുന്ന കണ്ണുകള്‍ മുന്നോട്ടുള്ള വഴി പറഞ്ഞു കൊടുത്തു. മങ്ങി മങ്ങി തെളിയുന്ന കാഴ്ചയില്‍ അവള്‍ മെല്ലെ നീങ്ങി..
   കനത്ത ഇരുട്ടിന്‍റെയും തണുപ്പിന്‍റെയും വലയത്തില്‍ നിന്നും രക്ഷപെടാനുള്ള മോഹം കൊണ്ടാവണം മനസ്സിന്‍റെ വേഗം ചലനത്തിലേക്കും കൈ വന്നു. ഇരുണ്ട ഇടനാഴി കടന്നു മുന്നോട്ടു നീങ്ങുമ്പോള്‍ വീണ്ടും ഒരു ചെറിയ വാതില്‍. അതു ചെന്നു കയറുന്നത് ഒരു നീളന്‍ വരാന്തയിലേക്ക്. രണ്ടു വശങ്ങളിലേക്കും തുറക്കുന്ന ഒരു നീളന്‍ വരാന്ത. വരാന്തയുടെ ഭാഗമായി കാണുന്ന ചെറിയ തുറപ്പുകള്‍ ഓരോ മുറികള്‍ പോലെ ആണെന്ന് അവള്‍ക്ക് മനസ്സിലായി. ഇളം നീല കര്‍ട്ടന്‍ ഇട്ട ചെറിയ തുറപ്പുകള്‍. എല്ലായിടത്തും തണുപ്പ്. തണുപ്പ് മാത്രം. നിശബ്ദതയുടെ വരാന്തയില്‍ ഒരിടത്ത് വെച്ച് അവള്‍ കര്‍ട്ടന്‍ നീക്കി ഉള്ളിലേക്ക് ഒന്നു പാളി നോക്കി.
   കണ്ണിനെയും മനസ്സിനെയും മടുപ്പിയ്ക്കുന്ന അരണ്ട മഞ്ഞ പ്രകാശം. നിറയെ വയറുകള്‍ ഘടിപ്പിച്ച എന്തൊക്കെയോ യന്ത്രങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന ഒരു ചെറിയ മുറി. ചുവന്ന പ്രകാശം കത്തി നില്‍ക്കുന്ന യന്ത്ര ഭാഗങ്ങള്‍. ഇതൊക്കെയാണ് ആദ്യം അവള്‍ക്കു കണ്ണില്‍ പതിഞ്ഞത്. അതിനൊക്കെ ഇടയ്ക്ക് അവയുടെ ഭാഗമായി തോന്നിപ്പിച്ച മനുഷ്യ രൂപം പിന്നീടാണ്‌ വ്യക്തമായത്. പിണഞ്ഞു കിടക്കുന്ന ട്യൂബുകള്‍ക്കും വയറുകള്‍ക്കുമിടയില്‍ സ്ത്രീയോ പുരുഷനോ എന്നു തിരിച്ചറിയാനാവാത്ത ആ രൂപം നോക്കി നിന്നപ്പോള്‍ അവള്‍ക്കു മെല്ലെ മനസ്സിലായി തുടങ്ങി താനിത് എവിടെ ആവാം എന്നത്..
  ആ തിരിച്ചറിവിന്‍റെ സംഭ്രാന്തിയില്‍ നീളന്‍ വരാന്ത നടന്നു തീര്‍ക്കാന്‍ ആവാതെ ദേവിക ഓടി തുടങ്ങി. ഒരിയ്ക്കലും അവസാനിയ്ക്കില്ല എന്ന് തോന്നിപ്പിച്ച നീല നീളന്‍ കര്‍ട്ടനുകള്‍ക്ക് ഒടുവില്‍ ഒരു വലിയ വാതില്‍ അവള്‍ ആശ്വാസത്തോടെ കണ്ടു. വാതില്‍ തള്ളി തുറന്നു പുറത്തേക്ക് ഇറങ്ങിയ ദേവിക ചുറ്റും നോക്കി. താനിത് എവിടെയാണ്?
   എത്തി നിന്ന ചെറിയ ഇടനാഴിക്കപ്പുറം എന്തൊക്കെയോ അനക്കങ്ങള്‍, വളരെ നേരിയ ചലനങ്ങൾ, അടക്കി പിടിച്ച ശബ്ദങ്ങള്‍. പിന്നിട്ട വാതിലിനു മുന്നില്‍ കണ്ട ചുവന്ന ബോര്‍ഡ്‌ വായിച്ചെടുത്തപ്പോള്‍ ഉണ്ടായ പരിഭ്രമത്തില്‍ ദേവിക ചുറ്റും നോക്കി..
  നിരത്തിയിട്ടിരിയ്ക്കുന്ന നരച്ച ചാരനിറമുള്ള അസംഖ്യം കസേരകൾ. മിക്കതും ഒഴിഞ്ഞു കിടക്കുന്നു. ചിലത് ചേര്‍ത്തിട്ട് ആരൊക്കെയോ കിടക്കുന്നുമുണ്ട്. അവിടവിടെയായി ചിതറിയിരിയ്ക്കുന്ന നിരവധി അപരിചിത മുഖങ്ങൾ. മടുപ്പും മരവിപ്പും നിറഞ്ഞു നില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപെടാന്‍ അവള്‍ ചുറ്റും നോക്കി. താന്‍ എങ്ങിനെ ഇവിടെ എത്തിപ്പെട്ടു എന്ന് മാത്രം തെളിഞ്ഞു വരുന്നില്ല.. 
   ഇന്നലെ രാത്രി സിനിമയ്ക്ക്‌ പോയി വന്നത് വരെ ഓര്‍മയില്‍ ഉണ്ട്. അതിനു ശേഷം ഒന്നും മിണ്ടാതെ മുഖം വീര്‍പ്പിച്ചു അവന്‍ കിടപ്പു മുറിയിലേക്ക് നടന്നതും താന്‍ സോഫയില്‍ ചുരുണ്ടതും.. പിന്നെ ഒന്നും തന്നെ ഇപ്പോള്‍ ഓര്‍മയിലേക്ക് വരുന്നില്ല..
   വരാന്തയുടെ കോണില്‍ പുറം തിരിഞ്ഞ് തല കുനിച്ചു നില്‍ക്കുന്ന രൂപം. അത് രാച്ചുവല്ലേ? അതെ. പിന്നില്‍ നിന്ന് നോക്കുമ്പോള്‍ പോലും തനിക്ക് വ്യക്തമായി മനസ്സിലാവുന്ന ആ നിഴൽ. അത് അവന്‍ തന്നെ. രാച്ചു എന്ന് അവള്‍ മാത്രം വിളിയ്ക്കുന്ന രാകേഷ്‌..
പെട്ടന്നാണ് തനിക്കു പിന്നില്‍ വരാന്തയിലേക്കുള്ള ഇരട്ട കതകു തുറക്കുന്നതും ആരോ പുറത്തേക്കു വരുന്നതും കണ്ടത്..
  കതകു തുറന്നത് അറിഞ്ഞപ്പോള്‍ ഇരുളില്‍ നിന്നും രാകേഷ്‌ മുന്നോട്ടു വരുന്നതും നോക്കി ഒന്നും മനസ്സിലാവാതെ അവള്‍ നിന്നു.
  “ഡോക്ടര്‍” എന്ന വിളി ഉയര്‍ന്നത് കേട്ടപ്പോള്‍ ഒരു നിമിഷം ദേവിക ശങ്കിച്ചു. അവന് ഇത്രയൊക്കെ ഉറക്കെ ശബ്ദം ഉണ്ടാക്കാന്‍ ആവുമോ ?
അപ്രതീക്ഷിതമായി ഉയര്‍ന്ന ശബ്ദത്തിന്‍റെ ഉണര്‍ച്ചയില്‍ അവിടവിടെ ചിതറിയിരുന്ന എല്ലാവരും രാകേഷിന് ചുറ്റും കൂടുന്നത് ദേവിക അറിയുന്നുണ്ടായിരുന്നു...
   “എന്താ, എന്താ നമ്മള്‍ ഇവിടെ? നീ എന്തിനാണ് ഒച്ചയെടുക്കുന്നത്?”
ചോദ്യം ആവര്‍ത്തിക്കുന്ന തന്നെ തീരെ ശ്രദ്ധിക്കാതെ ചുറ്റുമുള്ളവര്‍ രാകേഷിനെ പൊതിയുന്നതും താന്‍ പിന്നിലേക്ക്‌ പിന്നിലേക്ക്‌ ആവുന്നതും ദേവിക തിരിച്ചറിഞ്ഞു. തനിക്കു മുന്നില്‍ നിരവധി വലയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന അവനെ അവ്യക്തമായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നും അവള്‍ മനസ്സിലാക്കി..
   “രാച്ചൂ” സകല ശക്തിയും എടുത്തവള്‍ വിളിച്ചു നോക്കി. അവളെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആരും അവളെ തീരേ ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ കുത്തി കൊള്ളുന്ന നോട്ടങ്ങള്‍ എന്നും ആലോസരപ്പെടുത്താറുള്ളതാണ്. സാധാരണ എവിടെ നിന്നാലും ഒരു സ്ത്രീയെ ആരും തുറിച്ചു നോക്കുക എന്നതാണല്ലോ പതിവ്. അതൊരു ശീലമായി പോയത് കൊണ്ട് എവിടെ എങ്കിലും എത്തിപ്പെട്ടാല്‍ ആരും നോക്കിയില്ലെങ്കില്‍ സ്വാഭാവീകമായും അതൊരു സ്വകാര്യ വിഷമമായി തോന്നും. അവളും അത് തന്നെയാണ് ഓര്‍ത്തത്‌..
 കാഴ്ചയുടെ ആവേശം അടങ്ങിയപ്പോള്‍ പിരിഞ്ഞു തുടങ്ങിയ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി കസേരയില്‍ ഇരുന്ന രാകേഷിനെ അവള്‍ കണ്ടു. അടുത്തേക്കു നീങ്ങിയപ്പോള്‍ അവള്‍ക്ക് മനസിലായി തല കുനിച്ചു സ്വന്തം കൈപ്പടത്തിലേക്ക് നോക്കിയിരിക്കുന്ന അവന്‍ ഒരു തേങ്ങലിലേക്ക് എത്തിയിരിക്കുന്നു.
   “രാച്ചു വേണ്ട ഇങ്ങിനെ കരയല്ലേ” അവള്‍ അവനെ ചേര്‍ത്തു പിടിക്കാന്‍ നോക്കി. 
   “നിനക്കെന്തു പറ്റി? നോക്കൂ നമ്മളെന്താ ഇവിടെ? എനിയ്ക്ക് നാളെ എത്ര തിരക്കുള്ള ദിവസാണെന്ന് നിനക്കറിയാമല്ലോ. ഇപ്പൊ തന്നെ ഉറക്കം പോയി ഇനി നാളെ എന്‍റെ ദിവസം ആകെ തകരാറാവും ”.
   രാച്ചുവിനോട് സംസാരിക്കാനുള്ള ശ്രമം വിഫലമായെന്നു കണ്ട് കുലുക്കി വിളിക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ അവള്‍ കണ്ടു മൊബൈല്‍ എടുക്കുന്ന രാകേഷിനെ.
   “അതെ ബാലേട്ടാ. കൊണ്ടു വന്നപ്പോള്‍ കോണ്‍ഷ്യസ് ആയിരുന്നു. അപ്പോഴേ നേരെ സി സി യു വില്‍ കയറ്റി. അവര്‍ ആവുന്നതും ശ്രമിച്ചു നോക്കി എന്നാണ് പറഞ്ഞത്. എനിക്കൊന്നും അറിയില്ല ബാലേട്ടാ. എന്നാലും. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല”
  ...പറഞ്ഞു തീരും മുന്‍പേ പൊട്ടി പോയ രാകേഷിനെ കണ്ടപ്പോള്‍ ദേവികക്ക് വല്ലാത്ത വാല്‍സല്യവും ഇഷ്ട്ടവും തോന്നി. ഈ ചെക്കന്‍ !! കാണിക്കുന്ന ഗൌരവവും വീര്‍പ്പിക്കലും ഒക്കെ വെറും വെച്ചുകെട്ടു തന്നെ. ഇനി ആവട്ടെ കളിയാക്കി ശരിയാക്കുന്നുണ്ട് ഞാൻ. ഇത്രയേ ഉള്ളല്ലോ ഈ ആണുങ്ങൾ..
  അവനെ ചേര്‍ത്തു പിടിക്കാന്‍ നോക്കിയ ദേവികക്ക് കൈകള്‍ വഴുതി പോവുന്നതറിഞ്ഞ് ചിന്താകുഴപ്പമായി. താന്‍ ഇവിടെ തന്നെയുണ്ടല്ലോ ,പിന്നെ ആരുടെ കാര്യമാണ് ഇവന്‍ പറയുന്നത് ??
  ചിന്താകുഴപ്പത്തില്‍ നിന്നു ദേവികയെ രക്ഷിക്കാന്‍ എന്ന വണ്ണം പിന്നീട് തുറന്ന ഇരട്ട കതകിലൂടെ വന്നത് വെളുത്ത തുണി വിരിച്ച സ്ടോളി ആയിരുന്നു. അത് കണ്ടതും ഇരുന്ന പ്ലാസ്റ്റിക്‌ കസേരയില്‍ നിന്നും ചാടി എണീറ്റു വാതിലിനു നേരെ ഓടാന്‍ തുടങ്ങിയ രാകേഷ്‌ ബാലന്‍സ് നഷ്ട്ടപെട്ട് മുട്ടു കുത്തി താഴേക്കു വീണതും ഒരുമിച്ചായിരുന്നു. അവിടവിടെ ആയി ഇരുന്നിരുന്നതില്‍ ചിലര്‍ ചാടി എണീറ്റ്‌ അയാളുടെ അടുത്തേക്കു നീങ്ങി. ചിലര്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്ന മട്ടില്‍ നിര്‍വികാരരായി ഇരുന്നു. തങ്ങളെ ബാധിക്കുന്നതല്ലാത്ത മറ്റൊന്നിലും ഒരു താല്പര്യവും ഇല്ലാതെ....
  ഒരു വിളിയോടൊപ്പം അവനെ പിടിക്കാന്‍ മുന്നോട്ടു നീങ്ങിയ ദേവിക കണ്ടത്‌ രാകേഷിനെ പിടിച്ച് എണീപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്ന ബാലേട്ടനെ ആണ്. ബാലേട്ടനെ കണ്ടപ്പോള്‍ ഒരാശ്രയം കിട്ടിയ സമാധാനത്തില്‍ തോളോട് ചേര്‍ന്ന് രാകേഷ്‌ നിന്നു..
   “നീ അല്‍പ സമയം ഇവിടെ ഇരിയ്ക്കു. ഞാന്‍ പോയി മറ്റുള്ള കാര്യങ്ങള്‍ നോക്കി ഇപ്പോള്‍ വരാം.”
  പറയുന്നതോടൊപ്പം അവനെ താങ്ങി കസേരയില്‍ ഇരുത്തി കൂടെ ഉണ്ടായിരുന്ന അജിത്തിനോട് ഒപ്പം ഇരിക്കാന്‍ കണ്ണ് കൊണ്ട് ആന്ഗ്യംകാണിച്ച് ബാലേട്ടന്‍ മുന്നോട്ടു നീങ്ങി...
   ട്രോളി ഉന്തി കൊണ്ടു വന്ന മധ്യവയസ്ക്കന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇതൊന്നു ഡ്രെസ്സിങ് റൂമില്‍ എത്തിച്ചിട്ട് വേണം ഡ്യൂട്ടി കഴിഞ്ഞ് അയാള്‍ക്ക് പോകാന്‍..
   താഴത്തെ ഓഫീസില്‍ ചെന്ന് ഔപചാരികതകള്‍ ഒക്കെ തീര്‍ത്ത്‌ ബാലേട്ടന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നു രാകേഷ്. തൊട്ടടുത്ത് എന്ത് പറയണം എന്നറിയാതെ അജിത്തും. അടുത്ത് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുന്നു തോളില്‍ തൊട്ടപ്പോള്‍ കണ്ണ് തുറന്നു നോക്കി രാകേഷ്‌..
   “റെഡി ആയോ ബാലേട്ടാ.. പോകാറായോ നമുക്ക് ?”
 “ഇല്ല നീ ഇരിയ്ക്കു. ഇത്തിരി താമസം ഉണ്ട്. നമ്മുടേത് ഇനി രണ്ടാമത്തേതാണ്.”
   “അറിയിച്ചോ സോപാനത്തിൽ?” തല കുമ്പിട്ടിരുന്ന അജിത്‌ ചോദിച്ചു.
  “ഉവ്വ് .. വിളിച്ചു പറഞ്ഞു. ശിവപ്രസാദാണ് എടുത്തത്. അവരോട് നേരെ വീട്ടിലെത്താന്‍ പറഞ്ഞു ഞാൻ. ഇവിടേയ്ക്ക് വരേണ്ട കാര്യമില്ലല്ലോ. അവിടെ നിന്നും ഓടിച്ചെത്തുമ്പോള്‍ ഏതായാലും സമയമെടുക്കും. അപ്പോഴേയ്ക്കും നമ്മളും അവിടെ എത്തും.”
  ഇനി എന്ത് പറയണം എന്നറിയാതെ നേരെ ഇരുന്നു ബാലേട്ടൻ. ആരോ കസേര നിരക്കുന്ന ശബ്ദം അന്തരീക്ഷത്തിൻറെ മ്ളാനതയില്‍ ഉയര്‍ന്നു കേട്ടു. പല വിധ ആലോചനകളില്‍ ഇരുന്നിരുന്നവര്‍ തല പൊന്തിച്ച് ഒന്നു നോക്കി. വിശേഷ വിധിയായി ഒന്നും സംഭവിക്കുന്നില്ല എന്ന തിരിച്ചറിവില്‍ വീണ്ടും അവനവനിലേക്ക് തിരിച്ചു പോയി.
   “ഡോക്ടറോട് ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞത് എന്തെങ്കിലും കനത്ത ആഘാതം ഉണ്ടാവാതെ ഇങ്ങിനെ സംഭവിയ്ക്കാന്‍ ചാന്‍സ് വളരെ കുറവാണെന്നാണ്. നീ ഒന്നോര്‍ത്തു നോക്ക്. എന്തെങ്കിലും പിടിച്ച് തള്ളലോ തല മുട്ടലോ പോലെ എന്തെങ്കിലും ?”
  തല ഉയര്‍ത്തി തന്നെ നോക്കുന്ന രാകേഷിന്‍റെ മുഖത്തെ ദൈന്യത കണ്ട ബാലേട്ടന്‍ പറഞ്ഞു വന്നത് പകുതിക്കു വെച്ച് നിര്‍ത്തി അവന്‍റെ ചുമലില്‍ കൈ വെച്ചു. ആ സ്പര്‍ശം അറിയാത്ത മട്ടില്‍ ഇരുന്ന അവന്‍ ആരോടെന്നില്ലാത്തവണ്ണം സ്വയം പറഞ്ഞു തുടങ്ങി പതിഞ്ഞ ശബ്ദത്തിൽ..
  “ഇന്നലെ സിനിമയ്ക്ക്‌ പോയിരുന്നു. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പതിവുള്ളത് പോലെ തന്നെ എല്ലാ പ്ലാനിങ്ങും അവളാണ് ചെയ്തത്. ഞാന്‍ എത്തിയപ്പോഴേക്കും റെഡി ആയി നിന്നിരുന്നു .”
  ബാലകൃഷ്ണന്‍റെ നേരെ തല ഒന്നുയര്‍ത്തി തുടര്‍ന്നു.“ അറിയാമല്ലോ സിനിമയോടുള്ള ദേവൂന്‍റെ താല്പര്യം. സിനിമയും അത് കഴിഞ്ഞുള്ള ആഹാരം എവിടെ നിന്നു വേണം എന്നതും വരെ അവള്‍ തീരുമാനിച്ചിരുന്നു. ഓഫീസില്‍ വല്ലാത്ത ഒരു ദിവസം ആയിട്ടും അവളെ ദേഷ്യപ്പെടുത്തേണ്ട എന്നോര്‍ത്താണ് ഞാന്‍ കൂടെ ഇറങ്ങിയത്. സിനിമ കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് വരുന്ന വഴിക്ക് കാറില്‍ വച്ച് പതിവ് പോലെ വഴക്കും ഉണ്ടായി.”
ഓര്‍മയില്‍ നിന്ന് ഓരോന്നും പെറുക്കിയെടുത്തു രാകേഷ്‌ പറഞ്ഞു. ചുമലില്‍ മെല്ലെ തട്ടി ശ്രദ്ധയോടെ ബാലകൃഷ്ണന്‍ ഇരുന്നു ..
   “വഴക്കല്ല രാച്ചു, നമ്മള്‍ തമ്മില്‍ തര്‍ക്കം ആണുണ്ടായത്” ഒക്കെ കേട്ടു നിന്ന അവള്‍ തിരുത്താന്‍ നോക്കി .അത് കേട്ടിട്ടെന്നവണ്ണം അവന്‍ തുടര്‍ന്നു..
  “ബാലേട്ടനറിയാമല്ലോ വഴക്ക് എന്ന് വെച്ചാല്‍ തര്‍ക്കം. നിസ്സാര കാര്യത്തിനാണ്. സിനിമയിലെ ഹീറോ ആണോ നന്നായത് അതോ അവള്‍ടെ പ്രിയപ്പെട്ട ഉപനായകനാണോ മികച്ചതെന്ന്..”
   രാകേഷിന്റെ ചുണ്ടില്‍ ഏതോ ഓര്‍മയുടെ ചിരിത്തരികള്‍ വന്നെത്തി നോക്കി മാഞ്ഞു പോയി. അതു കണ്ട നിന്ന ദേവികക്ക് സ്നേഹം വന്നു ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. അല്ലെങ്കിലും രാച്ചുവിന്‍റെ ചിരി നല്ല ഭംഗിയാണ്. പല ഭാവങ്ങള്‍ ഉള്ള ചിരി ഉണ്ട് അവന്‌. ഇപ്പോള്‍ വന്നു മാഞ്ഞത് പോലെയുള്ള തിളക്കമുള്ള ചിരിയാണ് അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്...
   അവന്‍റെ കനത്ത മുടിയില്‍ വിരല്‍ കോര്‍ത്തു വലിച്ച്‌ വേദനിപ്പിക്കാന്‍ അവള്‍ക്കു തോന്നി.. അവളുടെ സ്നേഹം പ്രകടിപ്പിക്കല്‍ രീതികളിലൊന്ന്. കുറച്ചു സഹിച്ചു കഴിയുമ്പോള്‍ രണ്ടു കൈ കൊണ്ടും അവളെ അടക്കം പിടിച്ചു ചേര്‍ത്ത് അനങ്ങാന്‍ പോലും ആവാതെ വലിച്ചെടുത്ത് അവന്‍ കട്ടിലിലേക്ക് മറിച്ചിടും.. പിന്നെ കുറച്ചു സമയത്തേയ്ക്ക് അവരുടെ ലോകത്ത് മറ്റാരും, മറ്റൊന്നും ഉണ്ടാവാറില്ല. അതൊക്കെ ഓര്‍മയില്‍ വന്നപ്പോള്‍ രാകേഷിനടുത്തേക്ക് മെല്ലെ നീങ്ങിയ അവള്‍ നടത്തത്തിന്‍റെ അസ്വാഭാവീകതയില്‍ പെട്ടന്ന് നിന്ന് പോയി. തന്‍റെ ചലനങ്ങളില്‍ വന്ന മാറ്റം മനസ്സിലാക്കിയ അവള്‍ക്ക് എന്ത് വേണമെന്ന് തീര്‍ച്ചയില്ലായിരുന്നു..
   “സാധാരണ അവള്‍ പിണങ്ങി കിടന്നാല്‍ കുറച്ചു കഴിയുമ്പോള്‍ തനിയെ വരും ബാലേട്ടാ. വരുന്ന ഭാവം കണ്ടില്ലെങ്കില്‍ ഞാന്‍ പോയി കൊണ്ട് വരും പക്ഷെ ഇന്നലെ തലയിണയും വലിച്ചെടുത്തു സോഫയിലേക്കു ചാടി തുള്ളി പോയ അവളെ വിളിക്കണം എന്ന് തോന്നിയെങ്കിലും, ഇത്തിരി വാശി കുറയട്ടെ എന്ന് ഞാനും കരുതി. വെളുപ്പിനെ ഉറക്കം ഞെട്ടിയ ഞാന്‍ തിരിഞ്ഞു കിടന്നപ്പോഴാണ് കട്ടിലില്‍ ദേവു ഇല്ല എന്നറിയുന്നത്. വിളിച്ചു നോക്കിയിട്ടും അനക്കം കാണാഞ്ഞ് വന്നു നോക്കിയപ്പോള്‍.. ....”
പറഞ്ഞു വന്നപ്പോള്‍ ഒരു വിതുമ്പല്‍ വന്ന് അവന്‍റെ സംസാരം മുറിഞ്ഞു പോയി.
   കേട്ടിരുന്ന ബാലകൃഷ്ണന്‍ എങ്ങിനെ സാന്ത്വനിപ്പിയ്ക്കണം എന്നറിയാതെ മെല്ലെ അവനെ പുറത്തു തട്ടി ശാന്തനാക്കാന്‍ നോക്കി. കുറച്ചു പുറത്തേയ്ക്ക് പോവട്ടെ. തനിയെ സ്വസ്ഥമാവട്ടെ ഇത്തിരിയെങ്കിലും.
ഒന്നും തീരുമാനിക്കാന്‍ ആവാത്ത നിസ്സഹായതയില്‍ ബാലകൃഷ്ണന്‍ എണീറ്റ്‌ ജനാലക്കരികില്‍ ചെന്ന് താഴേക്കു നോക്കി. വിചിത്രമായ എന്തൊക്കെ അനുഭവങ്ങളാണ് ജീവിതം നമുക്കായി കാത്തു വയ്ക്കുന്നത്..
ജനാലക്കരികിലേക്ക് നടക്കുന്ന ബാലേട്ടനെ നോക്കി ഇരുന്നപ്പോള്‍ എന്തൊക്കെയാണ് ഈ കഴിഞ്ഞ ചില മണിക്കൂറുകളില്‍ സംഭവിയ്ക്കുന്നത് എന്ന് രാകേഷ്‌ അത്ഭുതപ്പെട്ടു. ചിലപ്പോള്‍ താന്‍ ഒരു ദു:സ്വപ്നത്തില്‍ ആവാം. ഈ നിമിഷം സ്വപ്നം അവസാനിച്ചു താന്‍ ഉണരുകയും അടുത്തു കിടന്നു ശാന്തമായി ഉറങ്ങുന്ന ദേവൂനെ കാണുകയും ഒക്കെ പഴയതുപോലെ സ്വസ്ഥമാവുകയും ചെയ്തിരുന്നെങ്കില്‍ എന്നയാള്‍ വെറുതെ ആഗ്രഹിച്ചു.
   ഹോസ്പിറ്റല്‍ കവാടത്തിലെ വിളക്കിന്‍റെ വെളിച്ചം താഴെ നിരത്തിലെക്കും വീണു കിടക്കുന്നുണ്ടായിരുന്നു. പുലര്‍ കാലത്തിന്‍റെ കുളിര്‍മ്മയില്‍ തണുത്തു കിടക്കുന്ന പാത കണ്ണെത്താ ദൂരം വിജനമായി അങ്ങിനെ.. 
   നേരെ മുന്നില്‍ റോഡരികിലെ ഒരു മരുന്ന് കട തുറന്നിരിക്കുന്നുണ്ട്. കുറച്ചു മാറി ഒരു ചെറിയ പെട്ടിക്കടയും. പെട്ടിക്കടയുടെ മുന്നില്‍ മൂന്നോ നാലോ പേര്‍ കട്ടന്‍ ചായ കുടിച്ചും പുക വലിച്ചും നില്‍ക്കുന്നത് കാണാം ..
നോക്കി നിന്നപ്പോള്‍ ബാലേട്ടന് വല്ലാതെ തൊണ്ട വരളുന്നത് പോലെ തോന്നി. തിരിഞ്ഞു രാകേഷിന്‍റെ അടുത്തു ചെന്ന് തോളില്‍ കൈ വെച്ച് ചോദിച്ചു..
   ”എന്തെങ്കിലും കുടിയ്ക്കണോ രാജു .ഞാന്‍ വെള്ളം വാങ്ങി വരാം “
തല ഉയര്‍ത്തി നിഷേധാര്‍ധത്തില്‍ മൂളിയ അവന്‍ ഒരു മറു ചോദ്യത്തില്‍ ആണെത്തിയത്..
   “അവളെ എപ്പോള്‍ കൊണ്ടു വരും”
  അവന്‍റെ കണ്ണുകളിലെ ദൈന്യം കാണ്കെ ദേവികക്ക് അവളോട്‌ തന്നെ എന്തിനെന്നറിയാതെ ദേഷ്യം തോന്നി. തുറന്നിട്ട ജനാലയിലൂടെ കയറിയിറങ്ങാന്‍ വന്ന കാറ്റ് അവളെ തൊടാതെ ബാലേട്ടന്‍റെ മുണ്ടിന്‍ തലപ്പിലും അവന്‍റെ നീണ്ടു തുടങ്ങിയ മുടിയിഴകളിലും തട്ടി തടഞ്ഞു നിന്നു. അവന്‍റെ കോലന്‍ മുടി വല്ലാതെ വളര്‍ന്നിരിക്കുന്നു. പിറന്നാള്‍ മാസമായത് കൊണ്ട് മുടി വെട്ടാനും പാടില്ലല്ലോ. രാച്ചു അറിയാതെ ഒരു പിറന്നാള്‍ സമ്മാനം വാങ്ങി കൊടുക്കല്‍ കഴിഞ്ഞ രണ്ടു തവണയും നടന്നില്ല. അവള്‍ വാങ്ങുന്നത് എവിടെ ഒളിച്ചു മാറ്റി വെച്ചാലും എന്ത് മായം ചെയ്തിട്ടാണോ എന്തോ, അത് കണ്ണില്‍ പെടും. ഇത്തവണ എങ്കിലും അവന് രാവിലെ ഉണരുമ്പോള്‍ സര്‍പ്രൈസ് ആവണം എന്നൊരു വാശി ഉണ്ടായിരുന്നു. ചിന്തകള്‍ അവിടെ എത്തിയപ്പോൾ, ഒരു മായകാഴ്ചയില്‍ എന്ന പോലെ കഴിഞ്ഞതൊക്ക അവളുടെ ഓര്‍മകളില്‍ തെളിഞ്ഞു വന്നു..
   രാകേഷിനെ ഓഫീസിലേക്ക് യാത്രയാക്കിയ ശേഷം, സമ്മാന പൊതി എടുത്തു വെക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കിയാണ് ദേവിക കിടപ്പുമുറിയിലേക്ക് നടന്നത് ബെഡ് റൂമില്‍ ഭിത്തി അലമാരിയുടെ മുകളില്‍ പെട്ടികൾ, യാത്രാ ബാഗുകള്‍ ഒക്കെ അടുക്കി വെച്ചിരിക്കുന്നത് കണ്ണില്‍ പെട്ടപ്പോള്‍ അറിയാതെ ചിരി തെളിഞ്ഞു..  
   ഇത് അവന്‍ ഒരു കാരണവശാലും കണ്ടു പിടിയ്ക്കില്ല. ഡ്രെസ്സിങ് മേശയിലെ സ്റ്റൂള്‍ നിരക്കി കൊണ്ട് വന്ന് അതില്‍ കയറി നിന്നു നോക്കി. ഇത്തിരി പൊക്കം കുറവാണ്. ഇനി എന്ത് ചെയ്യും. വിളക്ക് കത്തിച്ചു വെയ്ക്കുന്ന കുട്ടി സ്റ്റൂള്‍ ഓര്‍മയില്‍ വന്നു. ങ്ഹാ.. ഇപ്പൊള്‍ ഓക്കേ. ദേവിക ബാലന്‍സ് പിടിച്ച് സ്റ്റൂളിന്‍റെ മുകളില്‍ കയറുന്നത് അവള്‍ക്ക് കാണാം    
  .. സ്റ്റൂളില്‍ കയറി കൈ എത്തി വലിഞ്ഞു സമ്മാന പൊതി മുകളില്‍ വെക്കുന്നതും കാണാം. അതിനിടയില്‍ ചെറിയ സ്റ്റൂള്‍ മെല്ലെ തെന്നാന്‍ ഭാവിക്കുന്നത്... തെന്നുന്നത് ഒന്നും ദേവിക അറിയുന്നില്ല. പക്ഷെ അവള്‍ക്ക് ഇപ്പോള്‍ എല്ലാം കാണാന്‍ പറ്റുന്നുണ്ട്.
  “സ്റ്റൂള്‍ തെന്നുന്നുണ്ട്.. ശ്രദ്ധിക്ണേ, നീ താഴേയ്ക്ക് വീഴും”. അവള്‍ പറയുകയും ദേവിക താഴേക്കു വീഴുകയും ഒരേ സമയത്തായിരുന്നു. ആ വീഴ്ചയില്‍ എവിടെയെങ്കിലും പിടിക്കാന്‍ ശ്രമിച്ച ദേവികയുടെ തല ശക്തിയില്‍ മേശമേല്‍ അടിയ്ക്കുന്നത് അവള്‍ കണ്ടു...
   “നോക്ക് രാച്ചു ഇതാണ് നടന്നത്. തല മേശമേല്‍ ഇടിച്ചാണ് വീണത്‌ നോക്കു.”
നടന്നത് താന്‍ കാണുന്ന ഒപ്പം രാകേഷിനെയും വിളിച്ചു കാണിക്കാന്‍ അവള്‍ ശ്രമിച്ചു. അവന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കാന്‍ നോക്കി. അവള്‍ എത്ര വിളിച്ചിട്ടും തൊട്ടിട്ടും അവന്‍ അറിയുന്നതേ ഇല്ല. വീണിടത്ത് നിന്നും എണീറ്റ ദേവിക അഞ്ചു മിനിറ്റ് അവിടെ തന്നെ ഇരുന്നു പോയതും അവള്‍ക്ക് കാണാം. രാകേഷിനെ വിളിച്ചു കാണിക്കാനുള്ള ശ്രമം ഉപേക്ഷിച്ച അവള്‍, തനിക്കെന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവസരം ഇത് മാത്രമാണ് എന്ന തിരിച്ചറിവില്‍ ദേവികയെ തന്നെ നോക്കി നിന്നു.
   ദേവിക നേരെ നടന്ന് ഫ്രിഡ്ജ്‌ തുറന്ന് ഐസ് എടുത്തു ഒരു തുണിയില്‍ പൊതിഞ്ഞു. തല മുട്ടിയ ഭാഗത്ത് വെച്ചുരസി. കണ്ണാടിയില്‍ നോക്കി മുറിഞ്ഞോ എന്ന് പരിശോധിച്ച് തികച്ചും സാധാരണ മട്ടില്‍ മുന്‍വശത്തേക്ക് നടന്നു. മുഖം മാത്രം വീഴ്ചയുടെ ചമ്മലിലും വേദനയിലും ഇത്തിരി ചുളിഞ്ഞിരുന്നു ...
   “വീഴ്ച നിസ്സാരമാക്കരുത്. തല ഇടിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഡോക്ടറെ കാണണം. രാച്ചുവിനെ വിളിച്ചു പറയൂ നീ. താമസിച്ചാല്‍ അപകടമാവും.”
തന്നെ കൊണ്ട് ആകാവുന്നത് പോലെ അവള്‍ ദേവികയെ പറഞ്ഞു മനസിലാക്കാന്‍ നോക്കി. എന്നാല്‍ ആരും അവള്‍ പറയുന്നത് കാര്യമാക്കുന്നില്ല. ഇനി ഇതില്‍ തനിയ്ക്കൊന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവില്‍ അവള്‍ നിസ്സന്ഗതയോടെ കാഴ്ച കണ്ടു തീര്‍ക്കാന്‍ എന്ന മട്ടില്‍ നോക്കി നിന്നു. പിന്നെ നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നി അവള്‍ക്ക്. ചിലപ്പോഴൊക്കെ താന്‍ കാണാറുള്ള ദുസ്വപ്നം പോലെ. മുറിയില്‍ ഇരുട്ടും മൌനവും മാത്രം. ചുവരിലെ ക്ലോക്ക് മാത്രം കൃത്യമായി മുഴങ്ങി കൊണ്ടിരുന്നു. അതല്ലാതെ മറ്റൊന്നും തനിയ്ക്കറിയില്ല എന്ന ഭാവത്തില്‍..
   കമഴ്ന്നു കിടന്നിട്ടും ഉറക്കം വരാതെ, സോഫയില്‍ ചരിഞ്ഞും മറിഞ്ഞും കിടക്കുന്ന ദേവിക. അസഹ്യമായ വേദനയാല്‍ കുറേശ്ശെ അവളുടെ മുഖം ചുളിഞ്ഞു വരുന്നുണ്ട്. കിടന്ന കിടപ്പില്‍ രാകേഷിനെ വിളിയ്ക്കാന്‍ നോക്കുന്നുമുണ്ട്. വേദനയുടെ ഭീകരത കൊണ്ടാവാം ശബ്ദം പുറത്തേക്കു വരുന്നില്ല. ദേവിക താഴേയ്ക്ക് കുഴഞ്ഞു വീഴുന്നു. പിന്നെ ഒന്നും തന്നെ അവള്‍ക്ക് കാണാന്‍ സാധിയ്ക്കുന്നില്ല. കനത്ത ഇരുട്ടിന്‍റെ മൂടല്‍ വന്നു വീണത്‌ പോലെ ..
  ഇത് സ്വപ്നമാണോ അതോ ഇതാണോ നടക്കുന്നത്. ഒന്നും തന്നെ വേര്‍തിരിച്ചറിയാന്‍ ആവാതെ അവള്‍ ചുറ്റും പകച്ചു നോക്കി..
കയ്യില്‍ ഒരു കുപ്പി വെള്ളവുമായി പടി കയറി മെല്ലെ വന്ന ബാലേട്ടന്‍ അവന്‍റെ അടുത്തെത്തി ചുമലില്‍ പിടിച്ചുയര്‍ത്തി....
മുന്നോട്ടു നടന്ന ബാലേട്ടന്‍റെ ഒപ്പം ചേര്‍ന്ന് തല കുനിച്ചു നീങ്ങുന്ന രാകേഷ്‌ എന്ത് കൊണ്ടോ അവളെ “ഗ്ലൂമി സണ്‍‌ഡേ ”എന്ന പ്രശസ്തമായ ഹന്ഗേറിയന്‍ പാട്ട് ഓര്‍മ്മിപ്പിച്ചു ..
   അവര്‍ പോകുന്നു എന്ന അമ്പരപ്പില്‍ ഇനി എന്ത് വേണം എന്നറിയാതെ അവള്‍ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത്? എവിടെയാണ് ഉണ്ടാവേണ്ടത്... തന്നെ രൂപമായോ ശബ്ദമായോ സ്പര്‍ശമായോ അറിയാന്‍ ആവാത്ത രാകേഷിന്‍റെ ഒപ്പമോ അതോ താഴെ ഡ്രെസ്സിങ് റൂമില്‍ കാത്തു കിടക്കുന്ന ദേവികയുടെ ഒപ്പമോ..
   തീരുമാനിക്കാനാവാതെ അവള്‍ കുഴഞ്ഞപ്പോള്‍ ലിഫ്റ്റ്‌ താഴേയ്ക്ക് നീങ്ങി കഴിഞ്ഞിരുന്നു ...
  അവിടവിടെ ആയി ഇരുന്നിരുന്ന കൂട്ട് കിടപ്പുകാര്‍ പലരും നല്ല ഉറക്കത്തിലാണ്. ചിലരാകട്ടെ എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്ന ചില്ല് വാതിലിലൂടെ വന്നേക്കാവുന്ന അറിയിപ്പുകള്‍ കാത്തിരുന്നു.. തുടക്കത്തിന്‍റെയും ഒടുക്കത്തിന്‍റെയും അറിയിപ്പുകള്‍ .....


---000---

ആരു നീ ? :: ബി കെ സുധ, നെടുങ്ങാനൂർ


ആരു നീയെൻ കരൾതുടിപ്പിൻ കിളി
വാതിലിൽ മുട്ടി കാത്തു നിൽക്കുന്നൊരാൾ
ആരു നീയെൻ നിഴലായി നിത്യവും
ചാരെയേകാന്ത,മെന്നെത്തിരയുവോൻ 
ആരു നീയെൻ കനൽക്കാമ്പു തീണ്ടുവോൻ
ആരു നീയെൻറെ കൺകളിൽ പൂക്കുവോൻ

യാത്രയിൽ നിൻറെ മൗനമോഹങ്ങളും
മാത്രകൾ നീണ്ട സ്വപ്നവർണ്ണങ്ങളും  
ചിന്തയിൽ പൊള്ളി വെന്തു നീറുമ്പൊഴും
നൊന്തറിയുന്നു നേരായി നിന്നെ ഞാൻ
ജന്മജന്മങ്ങൾ നീളും തപസ്സിൻറെ
നന്മയായൊന്നു ചേർന്നവരല്ലി നാം.

ബോധമറ്റു നിൻ മാറോടു ചേരുമാ
രാധയല്ലെ ഞാൻ, നീയെൻറെ കണ്ണനും ? 
 
ബി കെ സുധ, നെടുങ്ങാനൂർ

എയ്, അങ്ങനെയൊന്നുമില്ല :: ഷറഫ് മുഹമ്മദ്

ഷറഫ് മുഹമ്മദ്
അകത്തൊന്നുമില്ല,
എല്ലാം പൂമുഖത്തുണ്ട്.

വരികെന്ന് തുറന്നിട്ട വാതിൽ;
“കണ്ടിട്ടെത്ര നാളായി
ഈ വഴിക്കെന്തേ ഇറങ്ങുവാൻ”
ചുവരിൽ അതിഗൂഢം മൊണാലിസ

ഷെൽഫിൽ,
കാമ്യു
കാഫ്ക
കാറൽ മാർക്സ്
ശ്രീ ശ്രീ
ഗുരുസാഗരം

“ഹൗ ടു ബി ഹാപ്പി ആന്റ് ബ്രീത്ത് ഈസി
വെൻ യു ആർ ഡൗൺ ടു യുവർ നെക്ക് വിത്ത്
ഷിറ്റ്.

അകത്തൊന്നുമില്ല.

വീണ പൂവ്

”കഴിഞ്ഞോ കൂത്ത്“
പിണങ്ങിയകന്ന കട്ടിൽ,
ഒരാളെ മാത്രം ഉണർത്തുമലാറം,
ഒറ്റക്ക് തീര്‍ക്കേണ്ട പണികൾ,

ഒക്കെയും ഇല്ലെന്ന് നടിച്ചാൽ.

ഉള്ളിലൊന്നുമില്ല,
എല്ലാം മുഖത്തുണ്ട്.

ഹായ്!

ആരിത് ദിനേശനോ?

പഴയ കാലം,
പുഴയിൽ കെട്ടി മറിയുമോർമകൾ,
മൃദുല ഭാവങ്ങൾ,
മൃദു ഭാഷണങ്ങൾ.

”വയസ്സഞ്ചല്ലെ ആയുള്ളു കുട്ടിക്ക്
എന്നിട്ടും............
പച്ചക്കുരിയണം ഇവരെയൊക്കെ“

തീവ്ര വികാരങ്ങൾ,
തീർത്ഥാടനങ്ങൾ

ഉള്ളിലൊന്നുമില്ല.
കാലമാടൻ
"കഴുവേറിമോൻറെ ഒറ്റനില മാളിക"

കാതൽ സന്ധ്യ
അഞ്ചരക്കുള്ള വണ്ടി
അഞ്ചാമത് ഫ്ളാറ്റിലെ ഷേർളി

നമ്മുടെ കൂട്ടര്

ഒന്നും....

സന്ധ്യയ്‌ക്ക് വിരിഞ്ഞ പൂവ്‌ :: ജിജി, കാട്ടാംകോട്ടില്‍

ജിജി, കാട്ടാംകോട്ടില്‍
എനിക്കിങ്ങനെയൊക്കെയെ 
കുരയ്‌ക്കാന്‍ കഴിയൂ. 

പെൺപട്ടിയുടെ കുര 
പണ്ടേ മുരങ്ങല്‍ പോലെയല്ലേ 
കാല്‍ നക്കി വാലാട്ടി 
ഉണ്ട ചോറിനും 
ഉണ്ണാത്ത ചോറിനും നന്ദി കാട്ടി-
ഓലിയിട്ട്‌ കുരയ്‌ക്കാന്‍ മറന്ന്….. 

വാല്‍ പന്തീരാണ്ട്‌ കൊല്ലം 
എവിടെവച്ചാലും വളഞ്ഞേയിരിക്കൂ 
അത്‌ പോലീസ്‌ നായാണെങ്കിലും.. 

ഭക്ഷണം കഴിക്കുന്നത് ജീവിക്കാനോ മരിക്കാനോ.... :: ദിജി ജി


ദിജി ജി

ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാനായി ജീവിക്കുന്നവരും എന്ന് രണ്ട് തരമായി ഭക്ഷണക്കാര്യത്തിൽ ജനത്തെ തരംതിരിക്കാം. അതിൽ ഭക്ഷിക്കാനായി ജീവിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പ്രത്യേകിച്ചും കേരളത്തിൽ. അത് എന്തുമായിക്കോട്ടേ.. ഭക്ഷണം അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ അതിൽ നാവിനു രുചിക്കുന്നത് അപകടകാരികളാണെന്ന് അറിയുന്നവർ എത്രപേരുണ്ട്.
വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇന്ന് എത്രപേർ കഴിക്കുന്നുണ്ട്?​ എല്ലാപേർക്കും ഹോട്ടൽ ഭക്ഷണത്തോടാണ് പ്രിയം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹം കൂടി കലരുന്നതിനാൽ മായം ചേർക്കാൻ മടിക്കും. എന്നാൽ ഹോട്ടൽ ഭക്ഷണത്തിൽ ലാഭമാണ് കൂടുതൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ മായം കൂടുതലുമായിരിക്കും.
പണ്ടുകാലത്ത് രാവിലെ പഴങ്കഞ്ഞിയും പുഴുക്കും കഴിച്ചാണ് ജോലിക്കു പോയിരുന്നത്. അത് മാറി, ദോശയും പുട്ടും അപ്പവുമൊക്കെ ആ സ്ഥാനം കൈയ്യേറി. അപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന സത്യം അതിലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ആ ശീലവും മാറി അവർ പ്രഭാത ഭക്ഷണമാക്കുന്നത് ന്യൂഡിൽസും കോളയുമൊക്കെയാണ്. ഇതിൻറെയൊക്കെ ദൂഷ്യ വശങ്ങൾ അറിഞ്ഞു കൊണ്ടു തന്നെയാണ് വലിച്ചു വാരി തിന്നുന്നതെന്നതും ഞെട്ടിക്കുന്ന കാര്യമാണ്
ഷവർമ്മാ ദുരന്തവും,​ ന്യൂഡിൽസിലെ പല്ലിയുടെ അവശിഷ്ടവുമൊക്കെ നാം വാ‌ർത്തകളിൽ വായിച്ച് കളയുകയാണ്.
ഒരു സംഭവം ഉണ്ടാകുമ്പോൾ കുറേ പരിശോധനകളും  ആക്രോശങ്ങളും മറ്റും നടക്കും. എന്നാൽ മൂന്നിൻറെ അന്ന് അതൊക്കെ മറന്ന് നാം പഴയ ശീലങ്ങളിലേക്കു കൂപ്പുകുത്തും. ഇതാണ് കേരളീയ മനശാസ്ത്രമെന്ന് അറിയാവുന്ന കച്ചവട കുതന്ത്ര പ്രമാണികൾ പരസ്യത്തിലൂടെ നമ്മുടെ കുരുന്നു മനസ്സുകളിൽ പോലും വിഷം കുത്തിവച്ച് ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അടിമകളാക്കി രോഗികളാക്കുകയാണ്. എനിക്കു തോന്നുന്നത് ഇത്തരത്തിലുള്ള ആഹാരങ്ങൾ നമ്മെക്കൊണ്ട് തീറ്റിക്കാൻ മുൻകൈ എടുക്കുന്നത് മരുന്നു കമ്പനികളാണോ എന്നാണ്.
ആഹാരക്രമത്തിലൂടെ രോഗത്തെ ചെറുക്കാമെന്നാണ് ആരോഗ്യ ശാസ്ത്രങ്ങളെല്ലാം പറയുന്നത്. എന്നാൽ അതിനെക്കുറിച്ച് വിരളമായി മാത്രമാണ് പരസ്യം വരുന്നത്. പിറക്കുമ്പോൾ മുതൽ രോഗം നമ്മെ വേട്ടയാടുകയാണ്. അതിന് അൽപമെങ്കിലും പ്രതിവിധി നേടാൻ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കുവാൻ വരും തലമുറയെ ശീലിപ്പിക്കുക എന്നതു മാത്രമേ ഉള്ളു.
അതിനും ഇനി തരമില്ലാത്ത സ്ഥിതിയാണ്. അന്യ സംസ്ഥാനങ്ങൾ കേരളത്തിനായി നൽകുവാനുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നത് കൊടും വിഷം ചേർത്താണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനെ എങ്ങനെ അതിജിവിക്കാം. ജീവിത ശൈലി മാറ്റുകയേ വഴിയുള്ളു. അതേ തരമുള്ളു. നമ്മുടെ ആരോഗ്യം ആഹാരത്തിലൂടെ നമ്മൾതന്നെ സംരക്ഷിക്കണമെന്ന പാഠം L K G മുതലേ പഠന വിഷയ മാക്കേണ്ടതും അത്യാവശ്യമാണ്.

വിൽക്കാൻ എന്തുണ്ട് ബാക്കി ? :: വിജയൻ പാലാഴി


വിജയൻ പാലാഴി
മോളേ...
പോത്തുകളെ വിറ്റാണ്
അപ്പൂപ്പൻ
അച്ഛനെ പഠിപ്പിച്ചത്
പാടം വിറ്റാണ്
അച്ഛൻ
എന്നെ പഠിപ്പിച്ചത്.
കിടപ്പാടം വിറ്റാണ്
നിന്നെ ഞാൻ പഠിപ്പിച്ചത്
ഓർമകൾ ഉണ്ടാവണം....


മകൾ (സ്വഗതം)​
ഹും.. മാനം വിറ്റാണ്
ലാപ്ടോപ്പ് വാങ്ങിയത്
പിന്നെ കാർ.. ഫ്ളാറ്റ്..
പൊതുജന മാന്യത.
എന്തും ചെയ്തുതരാൻ
അധികാരികൾ കൂടെ...


മകൾ (ഉച്ചത്തിൽ)​
നിങ്ങൾ നശിപ്പിച്ചതിൽ കൂടുതൽ
ഞാൻ സമ്പാദിച്ചു തന്നില്ലേ ?
എന്നിട്ടും.....


നാളത്തെ തലമുറയ്ക്ക്
വിൽക്കാനെന്തുണ്ട്?
മാനമല്ലാതെ ?!!!!!!


malayalamasika.in, Thiruvananthapuram 695301, Mob: 9995361657


തുലാം 1190 സന്ദർശിച്ചവർ

ഒരു ക്ലിക്കിന് ഒരു ഡോളർ..!

ഉദയമാവുക! :: അൻവർ ഷാ ഉമയനല്ലൂർ


അൻവർ ഷാ ഉമയനല്ലൂർ 

അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍ 
ചിലനേരമൊരുനുളളു പൊന്‍വെളിച്ചം 
തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം 
തിരികെവാങ്ങുന്നു, നീ മിഴികള്‍രണ്ടും. 

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്, 
 തമസ്സിൻറെ മടകള്‍ പൊളിക്കെ വീണ്ടും 
വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍ 
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം. 

കനലുകള്‍പോലിന്നു കവലകള്‍പ്പൊതുവെയെ- ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍ 
മഹിയിതിലുണരാത്ത മനസ്സുമായ്‌ നില്‍ക്കയാ- 
ലറിയാതെയുലയുന്നു വ്യഥിതചിത്തം. 

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ- 
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം 
തെളിമയോടുയരാന്‍ ശ്രമിക്കെ, മമ സ്‌മരണയ്ക്കു- 
മമ്പേല്‍ക്കയാല്‍ തെറ്റിവീഴും സ്‌മിതം. 

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍- 
പുലരിയാലൊരുപുതിയ സുദീനതീരം 
നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍ 
പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം. 

പതിവുപോലുയരുവാനാകാതെ പകുതിയെന്‍ 
മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ; 
നിനവുപോല്‍ സുഭഗഗീതങ്ങള്‍ നുകര്‍ന്നിടാ- 
തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ. 

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ- 
ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍? 
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ- നുഴറിയോനൊരുവേളയേകിയെങ്കില്‍!!

വായനക്കാരനും ആത്മകഥയുണ്ട്‌ :: എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ

   മലയാള സാഹിത്യം ഇതുവരെയും വായനക്കാരനെ അംഗീകരിച്ചിട്ടില്ല. വായനക്കാർ ഒരു അദൃശ്യസാന്നിദ്ധ്യമായി നിൽക്കുന്നതായുണ്ട്‌. അത്‌ ഏറെക്കുറെ അവ്യക്തമായ ഒരു ലോകമാണ്‌. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും എഴുത്തുകാർക്കോ, പ്രസാധകർക്കോ കിട്ടുന്ന പ്രതികരണങ്ങൾ യഥാർത്ഥ വായനക്കാരനുമായി ബന്ധമുള്ളതല്ല. ധാരാളം പുസ്തകങ്ങൾ വിൽക്കുന്നതും വിറ്റുവരവുണ്ടാകുന്നതും വായനക്കാരുടെ ലക്ഷണമായി കാണുകയാണ്‌ പലരും. പുസ്തകം വാങ്ങുന്നത്‌ വായിക്കാനാണെങ്കിലും അത്‌ കർശനമായ വായനയല്ല. വാങ്ങുന്നവർ വായിക്കുകയോ പകുതി വായിക്കുകയോ ചെയ്യാം. മുഴുവൻ വായിച്ചാൽ തന്നെ, അത്‌ നിഷ്കൃഷ്ടമായ ലക്ഷ്യങ്ങളുള്ള വായനയാകണമെന്നില്ല. എഴുത്തുകാരന്റെ ഊതിവീർപ്പിച്ച പ്രതിച്ഛായയ്ക്ക്‌ കീഴടങ്ങി പുസ്തകം വാങ്ങി അനുസരണയോടെ വരികളിലൂടെ നീങ്ങി അവസാനിക്കുന്നതാകരുത്‌ വായനക്കാരന്റെ റോൾ. അവൻ പുസ്തകവായനയിൽ ശ്രദ്ധാലുവാണ്‌. അവന്‌ പുസ്തകങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ല. 

    പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നതുനോക്കി. വായനക്കാരെ കാണക്കാക്കുന്നത്‌ അപരിഷ്കൃതവും ഹിംസാത്മകവുമാണ്‌. കാരണം, അങ്ങനെ നിശ്ശബ്ദരായി പോകുന്ന ആട്ടിൻ പറ്റമല്ല വായനക്കാർ. വായനക്കാരന്‌ വർഷങ്ങളിലൂടെ ആർജ്ജിച്ച സംസ്കാരമാണുള്ളത്‌. അതാകട്ടെ, അഭിരുചിയുടെയും ശൈലിയുടെയും പ്രശ്നമാണ്‌.


വായനക്കാരന്റെ അഭിരുചി. 
 
    ഒരാൾ പെട്ടെന്നൊരുനാൾ രുചിബോധത്തിലേക്ക്‌ എത്തിച്ചേരണമെന്നില്ല. അയാൾ ജീവിതകാലമത്രയും ഒരു രുചിയിൽ തളച്ചിടപ്പെടുന്നവനാകരുത്‌. എങ്കിൽ, അയാളിലെ വായനക്കാരൻ മരിച്ചു എന്നാണർത്ഥം. വായനക്കാരൻ ജീവിച്ചിരിക്കുന്നത്‌, സാഹസികമായി തന്റെ രുചിയുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തുകൊണ്ട്‌  പരീക്ഷണത്തിലേർപ്പെടുമ്പോഴാണ്‌. സംഘടിത വിശ്വാസത്തിന്റെയും അടിമയായിരിക്കുന്നവന്‌ യഥാർത്ഥവായന എന്താണെന്നറിയില്ല. കാരണം, അയാൾ സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല വായിക്കുന്നത്‌. ചില വിശ്വാസങ്ങൾക്കും ശാഠ്യങ്ങൾക്കും വേണ്ടിയാണ്‌. അയാൾക്ക്‌ ഒന്നും തന്നെ വ്യക്തിപരമായി കണ്ടെത്താനുണ്ടാകില്ല. മറ്റാർക്കോ വേണ്ടി വായിച്ച്‌ ജീവിതം നശിപ്പിക്കുകയും ചെയ്യും. എന്നാൽ അഭിരുചിയുടെ വായനക്കാരൻ സ്വയം നിരസിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതിൽ വ്യാപൃതനായിരിക്കും. വായനക്കാരന്റെ സ്വയം നിരാസം എന്ന്‌ പറയുന്നത്‌, അവൻ ഏത്‌ ഗ്രൂപ്പിന്റെ, പാർട്ടിയുടെ, വിശ്വാസത്തിന്റെ, സ്ഥാപനത്തിന്റെ ആളാണെന്ന ധാരണയെ കശക്കിയെറിയുന്നതിന്റെ ഒരു നവാദ്വൈതവ്യാഖ്യാനമാണ്‌. 

സ്വന്തം രുചി, ഏതെങ്കിലും സംഘടിത വിശ്വാസത്തിന്റെ ഉൽപന്നമാണെങ്കിൽ അത്‌ തിരച്ചറിഞ്ഞ്‌ ഉപേക്ഷിക്കുമ്പോഴാണ്‌  സ്വയം നിരാസത്തിന്റെ പ്രാഥമിക തലത്തിൽ പ്രവേശിക്കുന്നത്‌. ഓരോ സംഘരുചിയും അതിന്റെ കീഴിൽ പണിയെടുക്കാനാണ്‌ വായനക്കാരനെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്‌. സ്വതന്ത്ര വായനക്കാരൻ എന്ന സങ്കൽപത്തെപ്പറ്റി ആലോചിക്കാൻപോലും സംഘരുചിക്ക്‌ കഴിയില്ല. അതൊരു അടഞ്ഞ ലോകമാണ്‌. അതിനുള്ളിൽ പ്രവേശിച്ചാൽ മനുഷ്യവ്യക്തിയുടെ സൂക്ഷ്മേന്ദ്രിയങ്ങളുടെ സകല കഴിവുകളെയും നശിപ്പിച്ചുകളയും. അതുകൊണ്ട്‌ ഇത്തരം മാരകമായ രുചിശാഠ്യങ്ങൾക്ക്‌ പിടികൊടുക്കാതെ രക്ഷപ്പെട്ട്‌ സ്വന്തം രുചിയിലേക്ക്‌ എത്തിച്ചേരുക തന്നെ വേണം. 
സ്വയം നിരസിക്കുന്നതോടെ, ഒരാൾ തന്നിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ചീത്ത വാസനകളെ മറികടക്കും. ഇത്‌ കലാപവും  സ്വാതന്ത്ര്യവും സംഗമിക്കുന്ന ബിന്ദുവാണ്‌. തന്റേതായ രുചി വീണ്ടെടുക്കപ്പെടുന്ന നിമിഷം സ്ഥിരമായിരിക്കില്ല. അതും മാറാനുള്ളതാണ്‌. എങ്കിലും, ആ മാറ്റത്തിന്റെ കാര്യവും കാരണവും ആ വ്യക്തിതന്നെയായിരിക്കും.

    അവനവന്റെ രുചിയുടെ പാതയിലേക്ക്‌ ഏത്തിച്ചേരുകയാണ്‌ ഒരു വായനക്കാരന്റെ നിർമ്മാണം. അയാൾ സ്വയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌ യാഥാർത്ഥ്യമാകുന്നത്‌. വായനയെന്ന ജീവിതത്തിൽ വായനയെന്ന മോക്ഷത്തിനായി പ്രവർത്തിക്കുമ്പോഴാണ്‌ അപ്രതിരോധ്യമായ
വായനയുണ്ടാകുന്നത്‌. വായന ജീവിതത്തിന്റെ ഏറ്റവും വലിയ സൂക്ഷ്മജ്ഞാനം തരുന്നു എന്ന്‌ പറഞ്ഞാൽപ്പോലും തെറ്റല്ല. കാരണം, വായിക്കുന്നതിന്റെ ഫലം പെട്ടെന്നല്ല ഉണ്ടാകുന്നത്‌. വായിച്ചശേഷം എത്രകാലം കഴിഞ്ഞായാലും, അതിന്റെ വിവിധ അനുരണനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു പുസ്തകത്തിൽ നിന്ന്‌ അത്‌ മറ്റൊന്നിലേക്ക്‌ കൊണ്ടുപൊയ്ക്കൊണ്ടിരിക്കും. 
നല്ലൊരു പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ, അതിനോടുള്ള പ്രതികരണം വൈകാരികമായിരിക്കും. ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണെന്ന്‌, ഏതാനും പേജുകൾ വായിക്കുന്നതോടെ ബോധ്യപ്പെടും. ഈ കഴിവാണ്‌ വായനക്കാരൻ ആദ്യം നേടുന്നത്‌.  
താനുമായി ഈ പുസ്തകം ഏതോ തലത്തിൽ ബന്ധപ്പെടുന്നു എന്ന്‌ അറിയുകയാണ്‌ പ്രധാനം. തീർച്ചയായും പുസ്തകം നമ്മെ സുഖിപ്പിക്കാനല്ല കടന്നുവരുന്നത്‌. പുസ്തകം ഒരു എൽ.ഐ.സി ഏജന്റിനെപ്പോലെ നമ്മെ വശീകരിക്കുകയുമില്ല. ചിലപ്പോൾ പുസ്തകം നമ്മളോട്‌ തർക്കിക്കാനും കലഹിക്കാനുമാവും ശ്രമിക്കുക. നമ്മുടെ നിശ്ചലമാക്കപ്പെട്ട മനസ്സിന്റെ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കാൻ മുതിരുന്നത്‌ നല്ല പുസ്തകങ്ങളുടെ പ്രത്യേകതയാണ്‌. ഈ പ്രകോപനത്തെ നേരിടാനുള്ള ശിക്ഷണം, വിശാലത വായനക്കാരൻ നേടുകതന്നെ വേണം. പ്രകോപിപ്പിക്കുന്ന പുസ്തകങ്ങൾ എന്തോ വിശേഷപ്പെട്ടതായി പറയാൻ ഒരുമ്പെടുന്നുണ്ട്‌ എന്ന്‌ മനസിലാക്കുകയാണ്‌ വേണ്ടത്‌. പുസ്തകങ്ങളുടെ പ്രകോപനത്തിനൊത്ത്‌ ഉയരണം. അത്‌ ബുദ്ധിയുടെ വെല്ലുവിളിയുമാണ്‌. 

കാഫ്ക പറഞ്ഞു, ഒരു പുസ്തകം വായിക്കുമ്പോൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വിരഹംപോലെയോ, ജീവിതത്തിലെ ഏറ്റവും വലിയ വേദന പോലെയോ അത്‌ നമ്മെ സ്വാധീനിക്കണമെന്ന്‌.  
പുസ്തകങ്ങളുടെ അനുസരണക്കേട്‌ നമുക്കുള്ള അടയാളമാണ്‌. അതിൽ നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. 
പ്രിയപ്പെട്ട പുസ്തകമാണെന്ന്‌ അറിഞ്ഞ്‌ കഴിയുമ്പോൾ, അത്‌ പൂർണ്ണമായി
വായിക്കാതിരിക്കുകയും, അവിടവിടെയായി വായിക്കുകയും ചെയ്യുന്നത്‌ ഒരു മനോഭാവത്തെ തുറന്നുകാണിക്കുകയാണ്‌. പെട്ടെന്ന്‌ വായിച്ച്‌ തീർക്കുന്നത്‌ ഒരു അനാദരവായി അനുഭവപ്പെടാം. അല്ലെങ്കിൽ പുസ്തകത്തോടുള്ള സമീപനത്തിൽ ഒരു വിശുദ്ധി അറിയാതെ കടന്നു വരുന്നു. വീണ്ടും വീണ്ടും വായിക്കാൻ ആ പുസ്തകം ഒരു കാരണമാവുകയാണ്‌. ദീർഘകാലംകൊണ്ട്‌  വായിക്കേണ്ടതാണെന്ന്‌ തോന്നുകയും എന്നാൽ ദിവസേന ഒന്നോ രണ്ടോ പേജുകൾ വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്‌. അല്ലെങ്കിൽ, പുസ്തകം തന്നോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നാഗ്രഹിക്കുകയും, യാത്രകളിലോ ഏറ്റവും ലഹരിമൂത്ത അവസരങ്ങളിലോ മാത്രം ഒന്നോ, രണ്ടോ ഖണ്ഡികകൾ വായിക്കുകയും ചെയ്യുന്നത്‌ മറ്റൊരു രീതിയാണ്‌. ഏതായാലും പുസ്തകം നാം വായിക്കേണ്ടതാണെന്ന ബോധ്യത്തിനു ഇത്‌ ആക്കം വർദ്ധിപ്പിക്കുന്നു.

വായനക്കാരന്റെ ശൈലി
 
    വായനക്കാരൻ ഒരു ശൈലിയെ സൃഷ്ടിക്കുന്നത്‌, വായനക്കെടുക്
കുന്ന പുസ്തകത്തെ നിരാകരിക്കുകയും അപനിർമ്മിക്കുകയും ചെയ്തുകൊണ്ടാണ്‌. ഒരു ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന്‌, ആലോചിക്കാതെ പറയുന്നവരുണ്ട്‌. അവർ വായനയുടെ അത്യുന്നതമായ മാനസികതലം അറിയാത്തവരാണ്‌. 
എല്ലാം വായിക്കരുത്‌; അതും ഒരു സംസ്കാരമാണ്‌. ചിലത്‌ വായിക്കാതിരിക്കുന്നത്‌, നമ്മുടെ തന്നെ സ്വതന്ത്രകേന്ദ്രങ്ങളെ തകർക്കാതിരിക്കാൻ സഹായിക്കും. 
സകല പുസ്തകങ്ങളെയും അന്ധമായി പ്രേമിക്കുന്നവൻ യഥാർത്ഥവായനക്കാരനല്ല. അവൻ പുസ്തകപ്രേമി എന്ന ഗണത്തിൽപ്പെടുന്നു. അവൻ എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കുകയും അലമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു പ്രയോജനവുമില്ല. അവന്‌ സ്വന്തം രുചിയെപ്പറ്റി ഒരു ആശയവും ഉണ്ടായിരിക്കില്ല.

    ചിലപുസ്തങ്ങളോട്‌ പൊരുതിക്കൊണ്ടിരിക്കുന്നതും വായനയാണ്‌. വായനക്കാരന്‌ എതിർക്കാൻ കഴിയും. എതിർപ്പ്‌ എഴുത്തുകാരനു മാത്രമേയുള്ളുവേന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പൊള്ളയാണ്‌. എഴുത്തുകാരന്റെ കലാപം വളരെ വ്യക്തികേന്ദ്രീകൃതമാണ്‌. സ്വന്തം കൃതിയുടെ അതിരുകളാണ്‌ ആ കലാപത്തിനു സുരക്ഷിതത്വം നൽകുന്നത്‌. എന്നാൽ വായനക്കാരൻ കലാപത്തിലൂടെ പല പുസ്തകങ്ങളുടെയും ചീത്ത സംസ്കാരത്തെ മറിച്ചിടുന്നു. വായനക്കാരന്റെ ചരിത്രത്തിൽ അത്‌ ആരാലും എഴുതപ്പെടാതെ അവശേഷിക്കുന്നു.

വായനക്കാരന്റെ പക്ഷപാതം സാംസ്കാരികമായി വലിയ അർത്ഥത്തെ നിർമ്മിക്കുന്നുണ്ട്‌. കാരണം, അയാൾ രുചിയുടെ പേരിലാണ്‌ പക്ഷം പിടിക്കുന്നത്‌. തനിക്ക്‌ ആസ്വദിക്കാൻ പറ്റാത്ത ഉപരിപ്ലവകൃതികളെ അയാൾ തള്ളിക്കളയുക തന്നെ ചെയ്യും. കാരണം, അയാൾ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ ഏറാൻമൂളിയല്ല. വായനക്കാരൻ തന്റെ ശൈലിയെ വിപുലപ്പെടുത്തുന്നത്‌ ഒരേ സമയം രണ്ട്‌ പ്രഭാവങ്ങൾക്ക്‌ നേരെ പടനയിച്ചുകൊണ്ടാണ്‌. ഒന്ന്‌ താൻ ഏതു കൃതി വായിക്കുന്നുവോ അതിന്റെ വൈകാരികതലം പഴകിയതാണോ എന്ന്‌ നോക്കി അതിനെ വിചാരണ ചെയ്യുന്നു. രണ്ട്‌ തന്നോടുതന്നെ, തന്റെ അഭിരുചിയോടുതന്നെ, ഒരു പോരാട്ടം നടത്താൻ സാധ്യതയുണ്ടോയെന്ന്‌ പരിശോധിക്കുന്നു. ഇതു രണ്ടും വിജയിക്കുമ്പോൾ വായനക്കാരന്റെ വിചാരപരമായ ശൈലിയും വിജയിക്കുന്നു.

    സാഹിത്യകൃതിയെപ്പോലെ പെട്ടെന്ന്‌ രുചിഭേദം വരുന്ന വേറൊരു വസ്തുവിലും ചിലർ നൂറോ നൂറ്റമ്പതോ വർഷം മുമ്പ്‌ നല്ല വായനക്കാർ ഉപേക്ഷിച്ച മാതൃകകളൊ ആർക്കുമറിയില്ലെന്ന്‌ വിചാരിച്ച്‌ പുനരവതരിപ്പിക്കാൻ നോക്കും. വായനക്കാരെ ക്ലേശിപ്പിക്കുകയും കബളിപ്പിക്കുകയുമാണ്‌ ലക്ഷ്യം. കണ്ടുപിടിച്ചതുതന്നെ വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നത്‌ എന്തിനാണ്‌? ഉറങ്ങുന്ന വായനക്കാർക്ക്‌ ഈ ദൂഷിത രചനാരീതിയെ പിടികിട്ടുകയില്ല. അവർ എന്തും നല്ലതാണെന്ന്‌ വിചാരിച്ച്‌ ആർത്തലച്ച്‌ ചെന്ന്‌ വീഴും. എന്നാൽ അവനവന്റെ രുചിയോടുതന്നെ സാഹസികമായി യുദ്ധത്തിലേർപ്പെടുന്ന വായനക്കാരന്‌, ഇതുപോലുള്ള ആവർത്തനങ്ങൾ കണ്ടു നിൽക്കാനാവില്ല. അയാൾ പ്രതികരിക്കുന്നു; പുസ്തകത്തെ നിരാകരിക്കുന്നതിലാണ്‌ അയാളുടെ ധിഷണ പ്രവർത്തിക്കുന്നത്‌. 


പല നോവലുകളും ഒരു വായനയ്ക്കു തന്നെ അധികമാണ്‌, രണ്ടാമത്‌ വായിക്കാൻ പ്രേരിപ്പിക്കില്ല. ചിലത്‌ എഴുതിക്കഴിഞ്ഞ്‌ മണിക്കൂറുകൾ കഴിയുമ്പോഴേക്ക്‌ പഴകിയ ഭക്ഷണം പോലെ ഉപയോഗശൂന്യമാവും. ലോകം മാറുന്നതിന്റെ വേഗം ഉൾക്കൊള്ളാത്ത എഴുത്തുകാർ, ഭൂതകാലത്തിലേക്ക്‌ തന്നെ നോക്കിയിരിക്കുന്നതിന്റെ ദുരന്തമാണിത്‌. ഭൂതകാലത്തെ അറിയാൻ ചരിത്രം പോലും ചിലപ്പോൾ ഉപകരിച്ചേക്കില്ല. ഭൂതകാലം കൈപ്പിടിയിലൊതുങ്ങുന്നതല്ല. അതിനെ അറിയാനുള്ള ഉപകരണങ്ങളുമില്ല. വ്യക്തിപരമായ വ്യാഖ്യാനമാണ്‌ ഉണ്ടാകുന്നത്‌. അത്‌ ചിലപ്പോൾ ശരിയാകാം; തെറ്റാകാം. അതിനുപോലും ആയുസ്സില്ല. കാരണം, ഇത്തരം വ്യാഖ്യാനങ്ങൾ മനുഷ്യനുള്ള കാലത്തോളം ഉണ്ടായിക്കൊണ്ടിരിക്കും. നീതിയെ, സത്യത്തെ വേർതിരിച്ചെടുക്കുക പ്രയാസമായതുപോലെ, ഭൂതകാലത്തെയും വേർതിരിക്കാൻ പ്രയാസമാണ്‌. അതുകൊണ്ട്‌ ഭൂതകാലത്തെപ്പറ്റിയുള്ള എഴുത്തുകാരുടെ വ്യാഖ്യാനങ്ങൾ ചിലപ്പോൾ അജ്ഞാനത്തിന്റെ അബദ്ധങ്ങളായി മാറും. നമ്മുടെ നോവലുകൾ എപ്പോഴെങ്കിലും, ഈ കേരളത്തിൽ എന്ത്‌ നടന്നുവേന്ന്‌ ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തെ സവർണ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിൽ അവർണ, സവർണ എഴുത്തുകാർ ഒരുപോലെ ഏർപ്പെട്ടു. ഒരേയൊരു വ്യാഖ്യാനമേയുള്ളു, നമുക്ക്‌. അത്‌ നാടുവാഴിയുടെ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇതിനെ എതിരിടാൻ ഒരു വായനക്കാരന്‌ കഴിയുന്നുവെങ്കിൽ, അയാൾക്ക്‌ ധൈഷണികമായ പക്വത ലഭിച്ചു എന്നാണർത്ഥം.

    മറ്റൊന്ന്‌, വായനക്കാരൻ സ്വന്തം അഭിരുചിയോടുതന്നെ നിർദ്ദയമായി പെരുമാറുന്നു എന്നതാണ്‌. സാഹിത്യകൃതി പെട്ടെന്ന്‌ പഴകുന്നതുപോലെ, വായനക്കാരന്റെ രുചിയും ചീത്തയാകും. നിരന്തരം പരിപാലിക്കപ്പെടേണ്ട മേഖലയാണിത്‌. ചില എഴുത്തുകാർ, അല്ലെങ്കിൽ പ്രൊഫസർമാർ വർഷങ്ങളായി ഒന്നും തന്നെ വായിച്ചില്ലെന്ന്‌ അഭിമാനപൂർവ്വം പറയുന്നതുകേട്ടിട്ടുണ്ട്‌. അവർക്ക്‌ നഷ്ടപ്പെട്ടത് കാലമാണ്‌,  ജീവിതവും. 

കോട്ടയം ജില്ലയിലെ ഒരു കോളേജിലെ പ്രോഫസർ എന്നോട്‌ പറഞ്ഞത്‌ താൻ നാലു വർഷമായി ഒരു ആനുകാലികവും തുറന്നു നോക്കാറില്ലെന്നാണ്‌. അദ്ദേഹത്തിന് ഇനിയും പേരിട്ട്‌ വിളിക്കാൻ കഴിഞ്ഞിട്ടില്ലാത്ത രോഗവുമായിരിക്കാം. എന്നാൽ അദ്ദേഹം നിരന്തരം പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്‌, ഇതുപോലുള്ള എഴുത്തുകാരെ അറിയാൻ വായനക്കാരന്‌ കഴിയണം.
അവനവന്റെ രുചി കെട്ടിക്കിടന്ന്‌ ചീത്തയാകും; ദുസ്സഹമാണിത്‌. പക്ഷേ, ഇത്‌ എങ്ങനെ തിരിച്ചറിയും? വായനയിലൂടെയാണ്‌ ഇത്‌ മനസ്സിലാക്കേണ്ടത്‌. വായന ഒരു തപസ്സാക്കി നിലനിർത്തണം. ആൾക്കൂട്ടത്തിലും, ജോലിസ്ഥലത്തും, യാത്രയിലും നാം പുസ്തകമെടുത്ത്‌ നിവർത്തണമെന്നല്ല പറയുന്നത്‌, അപ്പോഴെല്ലാം വായനക്കാരൻ എന്ന വ്യക്തി തന്റെ മനസ്സിലുള്ള പല ചിന്തകളുടെ സങ്കീർണമായ ആവിർഭാവം കാണാൻ ആഗ്രഹിക്കുന്നു. അയാൾ വായിച്ച
പുസ്തകങ്ങളുമായി നടത്തിയ യുദ്ധങ്ങൾ, പ്രണയങ്ങൾ, എതിർപ്പുകൾ എല്ലാം മനസ്സിലിട്ടുകൊണ്ടാവും നടക്കുക. അയാളെ ജീവിപ്പിക്കുന്ന ഘടകമിതാണ്‌. സാധാരണമായ അസ്തിത്വത്തിന്‌ ഒരു പടികൂടി മുകളിലേക്ക്‌ ജീവിക്കാൻ ഇത്‌ പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ, അസ്തിത്വത്തിന്റെ പലതരം സംഘർഷങ്ങൾക്ക്‌ ലഘൂകരണം കൊടുക്കാൻ ഇതുമൂലം അവസരമുണ്ടാകുന്നു. എല്ലായിടത്തും അയാൾ വായനയിൽ നിന്ന്‌ ഭക്ഷണമുണ്ടാക്കുന്നു.

    എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ മറ്റൊരു കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട്‌ ഒന്നുതന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്‌. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്‌. മറ്റുള്ളവരുടെ കൃതികൾ വായിച്ച്‌, സ്വന്തം രചനയെ കണ്ടെത്താനാണ്‌ ശ്രമം. അയാൾ സ്വന്തം

നിലപാടുകൾ കൃതികളിലൂടെ തെളിച്ചെടുക്കുന്നു. അതേസമയം, താൻ തന്റെപോലും തടവറയിലല്ല എന്ന്‌ തെളിയിച്ചുകൊണ്ട്‌, സ്വയം തള്ളിപ്പറഞ്ഞ്‌ അപ്രതീക്ഷിതമായി മറ്റൊരു രുചിയിലെത്തുന്നു. കുറ്റാന്വേഷണ നോവലുകൾ, പൈങ്കിളി നോവലുകൾ തുടങ്ങിയവ വായിച്ചു കൊണ്ടിരുന്നവർ, എവിടെ നിന്നെങ്കിലും പ്രസക്തമായ ഒരു ജ്ഞാനോദയം ലഭിക്കുകവഴി സ്വന്തം ഭൂതകാലത്തെ തന്നെ അട്ടിമറിച്ചുകൊണ്ട്‌ പുതിയ ഒരു യുഗത്തിൽ കാലുകുത്തുന്നു. വായനക്കാരന്‌ ഇന്നലകളെപ്പറ്റി ഒരു വേവലാതിയുമില്ല. എന്നാൽ എഴുത്തുകാരന്‌ തന്റെ ആദ്യകാലരചനകളെ എതിർക്കാനൊക്കില്ല. അയാൾ എന്ത്‌ എഴുതുന്നുവോ, അതിന്റെ അടിമയാണയാൾ. ഇത്‌ വല്ലാത്ത ഒരു കെണിയാണ്‌. വ്യക്തിപരമായി എഴുത്തുകാരൻ അയാളുടെ തന്നെ ഇരയാണ്‌, ചിലപ്പോൾ സ്വന്തം തടവറയിലുമാണ്‌. വായനക്കാരന്‌ ഇങ്ങനെയൊരു പ്രശ്നവുമില്ല. അയാൾ തന്റേതായ സ്വത്വം ഒരിടത്തും നിക്ഷേപിക്കുന്നില്ല. ഒന്ന്‌ സൃഷ്ടിച്ച്‌ അതിന്റെ ഇരയാകേണ്ട സാഹചര്യമില്ല. അയാൾ എപ്പോഴും തന്റെ തന്നെ പൂർവ്വ വ്യാഖ്യാനങ്ങളെ അതിലംഘിക്കുന്നു. പുതിയ കൃതിക്ക്‌ വേണ്ടി, അയാൾ ശ്രദ്ധാലുവാണ്‌. കാരണം, അതായിരിക്കും, ചിലപ്പോൾ അയാളെ കൃത്യമായി നിർമ്മിക്കുന്നത്‌. അസന്ദ്സാക്കീസിന്റെ ക്രൈസ്റ്റ്‌ റീക്രൂസിഫൈഡ​‍് (Christ recrucified)വായിച്ചതുകൊണ്ട്‌, വായനക്കാരൻ സ്വത്വമൊന്നും ഉണ്ടാക്കിവയ്ക്കുന്നില്ല. അതിന്റെ അടിമയാകേണ്ടതുമില്ല. അതിനേക്കാൾ വ്യത്യസ്തമായ മറ്റൊന്നായിരിക്കും അയാൾക്ക്‌ പ്രിയങ്കരം. അങ്ങനെയാണ്‌ ജീവിതം ജീവിക്കാനുള്ളതാണെന്ന സന്ദേശം നൽകുന്നത്‌. 

വായനക്കാരന്റെ കർതൃത്വം
 
    വായനക്കാരനും ഒരു സൃഷ്ടിയുണ്ട്‌. പക്ഷേ, അതിനു ചുവട്ടിൽ ഒരു ഒപ്പിട്ട്‌ അയാൾ താൻ സൃഷ്ടി കർത്താവാണെന്ന്‌ പ്രഖ്യാപിക്കുന്നില്ല. അയാൾ വായിച്ച കൃതികളിലെല്ലാം തന്റെ ഒപ്പ്‌ അയാൾ പതിക്കുന്നത്‌, അഭിരുചി എന്ന അനുഭവത്തിലൂടെയാണ്‌. വായിച്ച പുസ്തകം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. എന്തായാലും അതിലെല്ലാം വായനക്കാരന്റെ കർത്തൃത്വത്തിന്റെ അടയാളങ്ങളുണ്ടാകും. അയാൾ ഒന്നിന്റെയും ഭാരം ചുമക്കുന്നില്ല. 

എഴുതാതിരിക്കുന്നതിലൂടെ വായനക്കാരൻ സ്വാതന്ത്ര്യത്തെയും സ്വത്വമില്ലെന്ന്‌ സ്ഥാപിക്കുന്നതിലൂടെ അഭിരുചിയെയും പ്രകടമാക്കുന്നു.
പക്ഷേ, മലയാള സാഹിത്യത്തിൽ വായനക്കാരൻ ഒരു വ്യക്തിത്വമായി ഇനിയും ഉദയം ചെയ്തിട്ടില്ല. പലർക്കും ആരാണ്‌ വായനക്കാർ എന്നറിയില്ല. ചിലരുണ്ട്‌, ഏറ്റവും കൂടുതൽ പ്രശസ്തിയുള്ളത്‌ ഏത്‌ എഴുത്തുകാരനെന്ന്‌ നോക്കി, അയാളുടെ വായനക്കാരനാവും. ഇത്‌ ചീത്ത അഭിരുചിയുടെ തന്ത്രമാണ്‌. ഇതിനുപകരം, കാലം എന്തിനെ ഉയർത്തിക്കാട്ടിയാലും തന്റെ വായനയുടെ ചരിത്രത്തിലും സ്വാതന്ത്ര്യത്തിലും ചവിട്ടിനിന്ന്‌ പ്രായം പ്രഖ്യാപിക്കുന്നതിലാണ്‌ സൗന്ദര്യമുള്ളത്‌. വായനക്കാരന്‌ ഒരു സാമ്രാജ്യമുണ്ട്‌. പത്രാധിപന്മാർ അത്‌ അംഗീകരിക്കണം. ആഴ്ചപ്പതിപ്പുകളിലെ കത്തെഴുത്ത്‌ ശരിയായ വായനയുടെ ഫലമായിക്കൊള്ളണമെന്നില്ല. ചില വായനക്കാരെങ്കിലും, ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയരായി കത്തുകളയയ്ക്കുന്നുണ്ടോയെന്ന്‌ നോക്കേണ്ടതുണ്ട്‌. ഇതിലുപരിയാണ്‌ നല്ല വായനക്കാരന്റെ ഇടപെടൽ. അയാൾക്ക്‌ ചില ചിന്തകളുണ്ട്‌. പവിത്രവും ധീരവുമായ ആശയങ്ങളും അറിവുകളുമുണ്ട്‌. തന്നെ വിശ്രമമില്ലാതെ പുനർനിർമ്മിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളുകളിലേക്ക്‌ കയറിച്ചെല്ലാൻ നമ്മുടെ സാംസ്കാരിക ലോകത്തിനു കഴിയണം. എന്നാൽ നാം ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്‌? എഴുത്തുകാരെയും കവികളെയും മാത്രം തേടിക്കൊണ്ടിരിക്കുന്നു. അവരെ മാത്രം ശ്രദ്ധിച്ച്‌, അവരുടെ വാക്കുകളിലൂടെ മാത്രം ഒരു ലോകമുണ്ടാകുന്നു. വായനക്കാരന്റെ വാക്കുകളെ പൂർണമായി ഈ സാംസ്കാരിക ലോകം തല്ലിക്കെടുത്തിയിരിക്കുകയാണ്‌. അവനിന്ന്‌ തലയില്ലാത്ത ജീവിയാണ്‌. ഏകപക്ഷീയലോകം സൃഷ്ടിക്കുന്ന എഴുത്തുകാർക്കു മാത്രമോ അംഗീകാരം? 

    വായനക്കാരന്‌ ശബ്ദിക്കാൻ കഴിയുന്ന തരത്തിൽ, അവന്റെ അധികാരവും പദവിയും ഉയരേണ്ടതുണ്ട്‌. അവനെ സാഹിത്യലോകം ആദരവോടെ നോക്കണം. വായനക്കാരനാണ്‌ സാഹിത്യത്തെ നിലനിർത്തുന്നത്‌ പുസ്തകശാലകളുടെ അധിപൻ വായനക്കാരനാണ്‌. അവൻ എഴുത്തുകാരന്റെ ഭാരം ചുമക്കുന്നവനോ അടിമയോ അല്ല. അവനൊരു ജീവചരിത്രമുണ്ട്‌. ആത്മകഥയുണ്ട്‌. വായിച്ച പുസ്തകങ്ങൾ നൽകിയ ശിക്ഷണമാണ്‌, അവന്റെ ജീവിതത്തിനു ചരിത്രത്തിന്റെ മഹിമ നൽകുന്നത്‌. ഭാഷയും കഥാപാത്രങ്ങളും ചമൽക്കാരവും എഴുത്തുകാരുടെ ജീവിതവുമടങ്ങുന്ന സാഹിതീയമായ ആത്മകഥയ്ക്ക്‌ അവൻ അവകാശിയാണ്‌. അവൻ നോവലെഴുതിയില്ല എന്നതുകൊണ്ട്‌, അവനിലെ ആത്മകഥ അപ്രസക്തമാകുന്നില്ല. എഴുതാതിരിക്കുന്നതാണ്‌ വായനക്കാരന്‌ നിത്യജീവിതം നൽകുന്നത്‌. എഴുതുന്നതോടെ, ഒരു ലോകം മൂർത്തമായിതീരുകയും അതിനെ നിരാകരിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. വായനക്കാരൻ ലോകത്തിന്റെ പ്രത്യക്ഷത സൃഷ്ടിച്ച്‌ വിരസതയുണ്ടാക്കുന്നില്ല. അപ്രത്യക്ഷതയിൽ അത്‌ സുന്ദരമായിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഏത്‌ നിമിഷവും നിരസിക്കാവുന്ന ഒരു ലോകത്തിന്റെ ഉടമയായിരിക്കാനും അയാൾക്ക്‌ കഴിയുന്നു.

-----00000-----

ഇതു കൂടി വായിക്കാം


---000---